അഗതിരഹിത പഞ്ചായത്താവാന്‍ തയ്യാറെടുത്ത് തൃപ്പങ്ങോട്ടൂര്‍
അഗതിരഹിത കേരളം പദ്ധതിക്ക് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് ബാബു നിര്‍വ്വഹിച്ചു. പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് പോഷകാഹാരങ്ങളും പച്ചക്കറികളും നല്‍കികൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിലൂടെ അശരണരും നിരാലംബരുമായവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനായി ആരംഭിച്ച പദ്ധതിയാണ് അഗതി രഹിത കേരളം. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
69 ഗുണഭോക്താക്കളാണ് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലുള്ളത്. ഇതില്‍ ഏഴു പേര്‍ക്ക് പാര്‍പ്പിട സൗകര്യം നല്‍കുന്നതിനായി ലൈഫ് ഭവനനിര്‍മ്മാണ പദ്ധതിയിലും ഐഎവൈയിലും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വസ്ത്രം, വിദ്യാഭ്യാസം എന്നിവക്ക് സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കും. അയല്‍ക്കൂട്ടത്തിലൂടെ കണ്ടെത്തിയ 152 പേരില്‍ നിന്നും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ മുഖേന സര്‍വ്വെ നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. 150 മീറ്ററിനുള്ളില്‍ കുടിവെള്ളം ലഭ്യമാകാതിരിക്കുക, 10 സെന്റില്‍ താഴെ മാത്രം സ്ഥലം ഉണ്ടാകുക, മാനസിക വൈകല്യമുള്ളവര്‍ വീട്ടിലുണ്ടാവുക തുടങ്ങിയവ മാനദണ്ഡമാക്കിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്.
അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണം, ചികിത്സ, വസ്ത്രം, പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവക്കു പുറമെ വിവിധതരം പെന്‍ഷനുകളും ഗുണഭോക്താക്കള്‍ക്കു ലഭിക്കും. സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനായി തൊഴില്‍ സംരംഭങ്ങളും തൊഴില്‍ പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും.
ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ ജലജ അധ്യക്ഷത വഹിച്ചു. അഗതി രഹിത കേരളം ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ പ്രജിത്ത് പദ്ധതി വിശദീകരണം നടത്തി. മുന്‍പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ്, അംഗങ്ങളായ നിഷ നെല്ല്യാട്ട്, സി സത്യന്‍, പി സബിത, ഉഷ രയരോത്ത്, ശിവന്‍ പള്ളിക്കണ്ടി, കെ സി വസന്ത, എ പി വസന്ത, വി പി സാവിത്രി, അസിസ്റ്റന്റ് സെക്രട്ടറി എം എ മോഹനന്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ അനിത തുടങ്ങിയവര്‍ സംസാരിച്ചു.
പി എന്‍ സി/2203/2019
- Log in to post comments