ജില്ലാ പഞ്ചായത്ത് യോഗം ജങ്കാർ സർവീസ്: ബൊളളാർഡ് പോൾ പുനഃസ്ഥാപിക്കാൻ ടെൻഡർ ഉടൻ
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എം.ബി മുസിരിസ് ജങ്കാർ സർവീസ് നടത്തിവരുന്ന അഴീക്കോട് മുനമ്പം കടവുകളിൽ ബൊളളാർഡ് പോൾ പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയുടെ സാങ്കേതിക അനുമതിക്കായുള്ള പരിശോധന നടക്കുകയാണെന്നും ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും ജില്ലാ പഞ്ചായത്ത് യോഗത്തിൽ വൈസ് പ്രസിഡൻറ് എൻ.കെ ഉദയപ്രകാശൻ അറിയിച്ചു. 46,80,000 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി മുഴുവൻ തുകയും ഹാർബർ എൻജിനീയറിംഗ് എറണാകുളം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയറുടെ പേരിൽ കൈമാറിയിട്ടുണ്ട്. സാങ്കേതിക അനുമതി നൽകിയ ഉടൻ ടെൻഡർ ചെയ്യുമെന്ന് ഹാർബർ എൻജിനീയറിംഗ് ഓഫീസ് അറിയിച്ചതായും വൈസ് പ്രസിഡൻറ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഇതുസംബന്ധിച്ച എല്ലാ നടപടിയും പൂർത്തിയാക്കിയതായും അറിയിച്ചു.
താന്ന്യം - നാട്ടിക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെമ്മാപ്പിള്ളി കടവ് തൂക്കുപാലം അപകടാവസ്ഥയിലായതിനാൽ അടിയന്തിരമായി അറ്റകുറ്റപണി നടത്തുകയോ യാത്ര നിർത്തിവെക്കുകയോ ചെയ്യണമെന്ന ഡിവിഷൻ മെംബറുടെ ആവശ്യപ്രകാരം പ്രശ്നം ജില്ലാ കളക്ടറുടെയും സംസ്ഥാന സർക്കാറിന്റെയും ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു. സ്കൂൾ കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള യാത്രക്കാരും ജീവൻ പണയം വച്ചാണ് പാലത്തിലൂടെ യാത്ര ചെയ്യുന്നത്. പാലം ജില്ലാ പഞ്ചായത്തിന് ഏറ്റെടുക്കാനാവില്ലെന്നും ഈ വിഷയത്തിൽ നടപടിക്കായി ജില്ലാ കളക്ടർക്ക് കത്തുനൽകുമെന്നും പ്രസിഡൻറ് മേരി തോമസ് അറിയിച്ചു.
പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂനിറ്റ് തൃശൂർ എക്സിക്യുട്ടീവ് എൻജിനീയറുടെ ഉത്തരവ് പ്രകാരം അഞ്ച് ജില്ലാ പഞ്ചായത്ത് റോഡുകൾ നിർമ്മാണവും അറ്റകുറ്റപ്പണികളും പൂർത്തീകരിച്ച് ജില്ലാ പഞ്ചായത്തിന് കൈമാറിയത് യോഗം അംഗീകരിച്ചു. നവോദയ-പുത്തിരിത്തര റോഡ്, തൊഴൂപ്പാടം-സാമൂഹ്യക്ഷേമ കേന്ദ്രം റോഡ്, ചാക്കിയാർ കടവ്-ശാസ്താംകടവ് റോഡ്, വെങ്ങിണിശ്ശേരി-സൗത്ത് ഗുരുകുലം റോഡ്, ചുവന്നമണ്ണ്-പൂവൻചിറ റോഡ്, പാലപ്പിള്ളി-വെള്ളിക്കുളങ്ങര റോഡ് എന്നിവയാണ് ജില്ലാ പഞ്ചായത്തിന് കൈമാറിയത്.
കാറളം ഡിവിഷനിലെ നന്തി-താണിശ്ശേരി റോഡ് സ്ഥിരമായി നാട്ടിക വാട്ടർ അതോറിറ്റി കുത്തിപ്പൊളിക്കുന്നതു മൂലം പൊതുജനങ്ങൾക്ക് പരാതി ഉണ്ടാകുന്നുവെന്ന പരാതി യോഗത്തിൽ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ അനുമതിയില്ലാതെ റോഡ് കുത്തിപ്പൊളിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. അറ്റകുറ്റപണിയുടെ തുക വാട്ടർ അതോറിറ്റിയിൽനിന്ന് ഈടാക്കാൻ തീരുമാനിച്ചു.
'ജലരക്ഷ-ജീവരക്ഷ' യുടെ ഭാഗമായി മണലിപുഴയൊഴുകുന്ന പാണഞ്ചേരി, നടത്തറ, പുത്തൂർ, നെന്മണിക്കര, വല്ലച്ചിറ, തൃക്കൂർ, അളഗപ്പനഗർ തുടങ്ങിയ പഞ്ചായത്തുകളുടെ ജനകീയ സമിതികളുടെ നേതൃത്വത്തിൽ ജില്ലാ സർവ്വെ ഉദ്യോഗസ്ഥരുടെ സംഘം സർവ്വെ നടത്തിക്കൊണ്ടിരിക്കുന്നതായി മണ്ണുസംരക്ഷണ ഓഫീസർ അറിയിച്ചു. ജൂലൈ അവസാനത്തോടെ 32.3 കിലോമീറ്റർ ദൂരം ഇരുകരകളിലും പുഴ അതിർത്തി രേഖപ്പെടുത്തി കല്ലിടൽ ചെയ്തുതീരും. ഇരുകരകളിലും മുള തുടങ്ങിയ വൃക്ഷങ്ങൾ പീച്ചി വനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം വൃക്ഷതൈ വെച്ച് പിടിപ്പിക്കൽ നടത്തിവരുന്നു. 7 പഞ്ചായത്തുകളിലും വരുന്ന പുഴയിലെ മാലിന്യങ്ങളും മരങ്ങളും നീക്കം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് 19 ലക്ഷം രൂപ ഈ വർഷം പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
യോഗത്തിൽ പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എൻ.കെ. ഉദയപ്രകാശൻ, സ്ഥിരം സമിതി അംഗങ്ങളായ കെ.ജെ ഡിക്സൺ, എം. പത്മിനി, ജെന്നി ജോസഫ്, മഞ്ജുള അരുണൻ, മെംബർമാർ, മറ്റ് ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments