ജില്ലാ വികസന സമിതി യോഗം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: അഞ്ച് സ്‌കൂളുകളുടെ പ്രവൃത്തി ആഗസ്റ്റിൽ പൂർത്തിയാവും
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന മൂന്ന് സ്‌കൂളുകളുടെയും ഹൈടെക് ആയി ഉയർത്തുന്ന രണ്ട് സ്‌കൂളുകളുടെയും പ്രവൃത്തി ആഗസ്റ്റ് മാസത്തോടെ പൂർത്തിയാവുമെന്ന് കോ ഓർഡിനേറ്റർ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. കിഫ്ബി ഫണ്ടിൽനിന്ന് അഞ്ച് കോടി രൂപ ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന ജി.എച്ച്.എസ്.എസ് കരൂപ്പടന്ന, ജി.എം.ബി.എച്ച്.എസ്.എസ് തൃശൂർ, ജി.എച്ച്.എസ്.എസ് ചെറുതുരുത്തി എന്നീ സ്‌കൂളുകളുടെയും മൂന്ന് കോടി രൂപ ചെലവിൽ ഹൈടെക് ആയി ഉയർത്തുന്ന ജി.എച്ച്.എസ്.എസ് പഴഞ്ഞി, ജി.എച്ച്.എസ്.എസ് ചെമ്പൂച്ചിറ എന്നീ സ്‌കൂളുകളുടെയും പ്രവൃത്തിയാണ് ആഗസ്റ്റിൽ പൂർത്തീകരിക്കുക. ഒരു കോടി രൂപ വീതം പ്ലാൻ ഫണ്ടിൽനിന്ന് ചെലവഴിച്ച് 31 സ്‌കൂളുകളും നവീകരിക്കുന്നുണ്ട്. ഇതിൽ രണ്ട് സ്‌കൂളുകളിൽ പ്രവൃത്തി പൂർത്തീകരിച്ചു. 27 സ്‌കൂളുകളുടെ പ്രവൃത്തി നടക്കുന്നു. രണ്ട് സ്‌കൂളുകളുടെ പ്രവൃത്തി തുടങ്ങാനുണ്ടെന്നും അറിയിച്ചു.
എം.ബി മുസിരിസ് ജങ്കാർ സർവീസ് നടത്തിവരുന്ന അഴീക്കോട് മുനമ്പം കടവുകളിൽ ബൊളളാർഡ് പോൾ പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയുടെ 46,80,000 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി മുഴുവൻ തുകയും ഹാർബർ എൻജിനീയറിംഗ് എറണാകുളം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയറുടെ പേരിൽ കൈമാറിയതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജങ്കാർ സർവീസ് പുനരാരംഭിക്കാനും ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കാനും ആവശ്യമായ എല്ലാ നിയമാനുസൃത നടപടിയും പൂർത്തിയാക്കിയതായും സെക്രട്ടറി അറിയിച്ചു. ഇവിടെ താൽക്കാലിക സർവീസ് നടത്തുന്ന ബോട്ടിന്റെ ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്ന് ടൈസൺ മാസ്റ്റർ എം.എൽ.എ ആവശ്യപ്പെട്ടു.
തൃശൂർ സിറ്റി പോലീസിന്റെ പരിധിയിലുള്ള ട്രാഫിക് സിഗ്നലുകൾ അറ്റകുറ്റപ്പണി നടത്താമെന്ന് കെൽട്രോൺ അറിയിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചെറുതുരുത്തി പോലീസ് സ്റ്റേഷനു മുന്നിൽ പിടിച്ചിട്ടിരിക്കുന്ന 150ഓളം വാഹനങ്ങൾ തൃശൂർ എ.ആർ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ടെന്നും ശേഷിക്കുന്നവ അടിയന്തിരമായി മാറ്റാൻ നടപടി സ്വീകരിച്ചുവരുന്നതായും പോലീസ് മേധാവി അറിയിച്ചു. എംപി ഫണ്ട്, എംഎൽഎ ഫണ്ട്, പ്ലാൻ ഫണ്ട്, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ എന്നിവയുടെ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു. യോഗത്തിൽ ജില്ലാ കളക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, കെ. രാജൻ, തൃശൂർ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ മായ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്ഥാനമൊഴിയുന്ന കളക്ടർ ടി.വി. അനുപമയ്ക്ക് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉപഹാരം നൽകി.
- Log in to post comments