Skip to main content

തൃശൂരിന് അഭിമാനമായി നവീകരിച്ച  അക്വാട്ടിക് കോംപ്ലക്‌സ്; ഉദ്ഘാടനം ഇന്ന് (ജൂൺ 30)

തൃശൂരിന്റെ ഹൃദയഭാഗത്തായി 6.69 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ നീന്തൽക്കുള സമുച്ചയം വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഇന്ന് (ജൂൺ 30) ഉദ്ഘാടനം ചെയ്യുന്നു. ഈ നീന്തൽസമുച്ചയത്തിലെ പ്രധാന നീന്തൽക്കുളം, നവീകരിച്ച ഹോസ്റ്റൽ റൂം, മറ്റ് അനുബന്ധ കെട്ടിടങ്ങൾ എന്നിവ ആധുനിക രീതിയിലാണ് പൂർത്തീകരിച്ചത്. ഇതിനു പുറമേ അത്യാധുനിക രീതിയിലുളള ഫിൽട്ടറേഷൻ സിസ്റ്റം, സ്റ്റാർട്ടിങ് ബ്ലോക്കുകൾ, പൂൾ ലാഡറുകൾ, ഡ്രൈവിങ് ബോർഡുകൾ, ഫ്‌ളഡ്ലൈറ്റ് സിസ്റ്റം, വാട്ടർ ലൈറ്റിങ് സിസ്റ്റം എന്നിവ അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെയുളള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് പര്യാപ്തമായ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനുപുറമേ അക്വാട്ടിക് കോംപ്ലക്‌സിലെ ബാസ്‌ക്കറ്റ് ബോൾ, വോളി ബോൾ കോർട്ടുകളും നവീകരിച്ചു. നീന്തൽ പഠനത്തിന് മാത്രമായി 27 കായികതാരങ്ങൾ താമസിക്കുന്ന ഹോസ്റ്റൽ മുറികളും നവീകരിച്ചു. 1987ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് നിർമ്മിച്ചതാണ് ഈ നീന്തൽക്കുളം.
സംസ്ഥാന സർക്കാർ കായിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കിഫ്ബി പദ്ധതിയുടെ ഭാഗമായി 900 കോടി രൂപ മുടക്കി ദേശീയ, അന്തർദേശീയ നിലവാരമുളള ഇൻഡോർ സ്റ്റേഡിയങ്ങൾ, അക്വാട്ടിക് കോംപ്ലക്‌സുകൾ, സിന്തറ്റിക് ട്രാക്കുകൾ, ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ കോർട്ടുകൾ എന്നിവ നിർമ്മിക്കുന്നതിന്റെയും നിലവിലെ സ്റ്റേഡിയങ്ങൾ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ പദ്ധതി. 
സ്‌ക്കൂൾ കുട്ടികളെ ലക്ഷ്യമാക്കി കായിക യുവജനകാര്യവകുപ്പ് സംഘടിപ്പിക്കുന്ന അതിജീവന നീന്തൽ പരിശീലന പദ്ധതിയായ സ്പ്ലാഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും. 
ഉദ്ഘാടന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. നവീകരിച്ച ഹോസ്റ്റൽ ബ്ലോക്ക് ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും.

date