വായനപക്ഷാചരണം: അകക്കണ്ണ് കാമ്പയിന് തുടക്കമായി
വായനപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ കാഴ്ചയില്ലാത്തവരെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിനായി ശബ്ദപുസ്തകങ്ങൾ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയുളള അകക്കണ്ണ് കാമ്പയിന് തുടക്കമായി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഷീജു അദ്ധ്യക്ഷത വഹിച്ചു.
തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബ്ലൈൻഡ് അസോസിയേഷനുകൾ, അന്ധവിദ്യാലയങ്ങൾ, ലൈബ്രറി കൗൺസിൽ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് കാഴ്ചശേഷിയില്ലാത്തവർക്കായി ശബ്ദപുസ്തകങ്ങൾ സമാഹരിക്കുന്നത്. കാഴ്ചപരിമിതർക്ക് പുസ്തകം വായിക്കുന്നതിനുളള ആഗോളതല ഫോർമാറ്റായ ഡെയ്‌സി (ഡിജിറ്റൽ ആക്‌സസിബിൾ ഇൻഫർമേഷൻ സിസ്റ്റം) ഉപയോഗപ്പെടുത്തിയാണ് ശബ്ദപുസ്തകങ്ങൾ തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി പുസ്തകങ്ങൾ വായിച്ച് റെക്കോർഡ് ചെയ്ത് നൽകാൻ തയ്യാറുളളവരിൽ നിന്നും അവ ശേഖരിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ശബ്ദപുസ്തകങ്ങളായി കൺവർട്ട് ചെയ്യും. കാഴ്ചയില്ലാത്തവർക്ക് പുസ്തകം കേട്ടനുഭവിക്കാനുളള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുളളവർ ശബ്ദപുസ്തകം തയ്യാറാക്കുന്നതിന് സന്നദ്ധത അറിയിച്ചു കഴിഞ്ഞു. അകക്കണ്ണ് കാമ്പയിനുമായി സഹകരിക്കാൻ തയ്യാറുളളവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്ന് ലഭിക്കും.
ചാലക്കുടി നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ആർ സുമേഷ്, കൊടകര പഞ്ചായത്ത് പ്രസിഡണ്ട് പി ആർ പ്രസാദൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. വിജു വാഴക്കാല, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി പി സുലഭകുമാരി തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് എഡിറ്റർ പി പി വിനീഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ് സ്വാഗതവും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ആർ ബിജു നന്ദിയും പറഞ്ഞു.
- Log in to post comments