Skip to main content

വായനുടെ മഹത്വം ഉയർത്തിപിടിക്കണം: ഡോ. ധർമ്മരാജ് അടാട്ട്

വായനയുടെ മഹത്വം ഉയർത്തിപിടിക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് എഴുത്തുകാരനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ധർമ്മരാജ് അടാട്ട.് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിലിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ മാറുന്ന ലോകം മാറുന്ന വായന സെമിനാറും അകക്കണ്ണ് കാമ്പയിൻ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ച് കൊണ്ടുവരാനുളള ശ്രമമാണ് ഒരു വിഭാഗം നടത്തുന്നത്. കേരളീയ സമൂഹം ആർജ്ജിച്ച പുരോഗമന നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കാനുളള ശ്രമമാണിത്. പഠിക്കാനും വഴി നടക്കാനും ഉളള അവകാശം വലിയ വിഭാഗം ജനങ്ങൾക്ക് നിഷേധിച്ച ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. സമരങ്ങളിലൂടെയാണ് മനുഷ്യനെ അശുദ്ധനായി കണ്ടിരുന്ന ഈ ആചാരങ്ങളെ നാം മറികടന്നത്. വായന മനുഷ്യ മനസ്സിനെ സംസ്‌കരിക്കുന്ന ഏറ്റവും മികച്ച ഉപാധിയാണ്. വായനയിലൂടെ നമുക്ക് സമൂഹത്തിൽ ശാന്തിയുടെ ഇടം സൃഷ്ടിക്കാം. വായനയിലൂടെ ലോകത്തേക്ക് എത്തുക എന്നത് വളരെ പ്രധാനമാണ്. പുസ്തകങ്ങൾ വായനാനുഭവം നൽകുന്നതോടൊപ്പം നമ്മെ തിരുത്തുകയും ചെയ്യുന്നു. നമ്മുടെ സമൂഹത്തെ നവീകരിക്കുന്നതിൽ വായന വഹിച്ച പങ്ക് വലുതാണ്. ഇന്ന് സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങളിലിരിക്കുന്നവർ പോലും അശാസ്ത്രീയതയും യുക്തിരാഹിത്യവും പ്രചരിപ്പിക്കുന്ന നിർഭാഗ്യകരമായ അവസ്ഥയാണ് ഉളളത്. ആധുനിക ശാസ്ത്രനേട്ടങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ നിലവിലുണ്ടായിരുന്നു എന്ന നിലയിലുളള അവകാശവാദങ്ങൾ അപകടകരമാണ്. ഈ സാഹചര്യത്തിൽ വായനയുടെയും എഴുത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപിടിക്കുക എന്നത് വളരെ പ്രധാനമാണ്. കാഴ്ചയില്ലാത്തവർക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടക്കുന്ന അകക്കണ്ണ് കാമ്പയിൻ മാതൃകപരമാണ്. കാഴ്ചയില്ലാത്തവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഇത്തരം പദ്ധതികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഷീജു അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ആർ സുമേഷ്, കൊടകര പഞ്ചായത്ത് പ്രസിഡണ്ട് പി ആർ പ്രസാദൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. വിജു വാഴക്കാല, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി പി സുലഭകുമാരി എന്നിവർ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു.

date