Skip to main content

സുബലപാര്‍ക്ക് തടസങ്ങള്‍ നീങ്ങി കണ്‍വന്‍ഷന്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും;   തയ്യല്‍ പരിശീലന കേന്ദ്രം തുറക്കും

 

ജില്ലാ ആസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള സുബല പാര്‍ക്കിലെ കണ്‍വന്‍ഷന്‍ സെന്റര്‍ രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ജില്ലാ നിര്‍മിതി കേന്ദ്രത്തിനും,  ജൂലൈ 15നകം തയ്യല്‍ പരിശീലന കേന്ദ്രം  തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് പട്ടികജാതി വികസന വകുപ്പിനും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. സുബല പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിക്കുന്നതിന് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.  ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2020 മാര്‍ച്ച് 31ന് ഉള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് ഓഗസ്റ്റ് ഒന്നിനുള്ളില്‍ സമര്‍പ്പിക്കുന്നതിനും കളക്ടര്‍ നിര്‍ദേശം നല്‍കി. രണ്ടു കോടി രൂപ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. കംഫര്‍ട്ട് സ്റ്റേഷന്‍, കഫറ്റീരിയ, പാത്ത് വേ എന്നിവ രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കും. 

സുബല പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.  സുബല പാര്‍ക്ക് ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. 2.90 കോടി രൂപയാണ് ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. ഇതില്‍ 1.16 കോടി രൂപയുടെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഒന്നാം ഘട്ടത്തിലെ വാട്ടര്‍ ഡ്രൈയ്‌നേജ് യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി. ഒന്നാം ഘട്ടത്തിലെ കണ്‍വന്‍ഷന്‍ സെന്റര്‍, വാട്ടര്‍ ബോഡി റീറ്റെയ്‌നിംഗ് വോള്‍, ബോട്ടിംഗ് ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനങ്ങളാണ് ഇനി പൂര്‍ത്തീകരിക്കാന്‍ ഉള്ളത്.         (പിഎന്‍പി 1617/19)

date