Skip to main content

ജില്ലാ പഞ്ചായത്ത് തുടക്കമിടുന്നത്  രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയ്ക്ക്

 

വൈദ്യുതോല്‍പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ മീന്‍വല്ലം ജലവൈദ്യുത പദ്ധതിക്കുശേഷം നടപ്പാക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതിയാണ് പാലക്കുഴിയിലേത്. ഭാരതപ്പുഴയുടെ കൈവഴിയായ പാലക്കുഴി പുഴയില്‍ 72 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ ഉയരത്തിലും തടയണ കെട്ടി ഒരു മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. സംഭരണിയിലെ വെളളം 294 മീറ്റര്‍ നീളത്തില്‍ ലോ പ്രഷര്‍ പൈപ്പിലൂടെ കൊണ്ടുവന്ന്  222 മീറ്റര്‍ താഴേക്ക്   പതിപ്പിച്ചാണ് വൈദ്യുതി ഉത്പ്പാദിപ്പിക്കുക. ഉത്പ്പാദിപ്പിച്ച വൈദ്യുതി വടക്കഞ്ചേരി 110 കെ. വി സബ് സ്റ്റേഷനിലേക്ക് നല്‍കും. ഇതിനായി സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍റെ അംഗീകാരത്തോടെ പവര്‍ പര്‍ച്ചേസ് ഉടമ്പടി ഉണ്ടാക്കും. 13  കോടി രൂപ ചെലവു വരുന്ന പദ്ധതിക്ക് 30 ശതമാനം  പഞ്ചായത്തുകളില്‍ നിന്ന് ഇക്യുറ്റി ആയും ബാക്കി 70 ശതമാനം  ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടമായും കണ്ടെത്തും.  നബാര്‍ഡില്‍ നിന്നും  ഒമ്പത് കോടി രൂപ വായ്പയ്ക്ക്  അപേക്ഷിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് 1999 ല്‍ രൂപീകരിച്ച സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത്, നെന്മാറ-ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയിട്ടുളള വിഹിതം കമ്പനിയില്‍ നിക്ഷേപിക്കും. പദ്ധതിക്കാവശ്യമായ 4.35 ഏക്കര്‍ ഭൂമിയില്‍ 4.32 ഏക്കര്‍   ഭൂമിയും പ്രദേശവാസിയായ നിര്‍ണാംകുഴി തോമസ്  സൗജന്യമായി നല്‍കിയതാണ്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

date