ജില്ലയിലെ തീരദേശ സംരക്ഷണത്തിന് സമഗ്രപദ്ധതി തയ്യാറാക്കാന്‍ ജില്ലാ വികസന സമിതി നിര്‍ദ്ദേശം
വന്യമൃഗശല്യം തടയാന്‍ പ്രത്യേക നടപടികള്‍ വേണം
ജില്ലയില്‍ തലശ്ശേരി മുതല്‍ പയ്യന്നൂര്‍ വരെ നീണ്ടുകിടക്കുന്ന തീരപ്രദേശങ്ങളുടെ സംരക്ഷണത്തിനായി വിശദമായ പദ്ധതികളും എസ്റ്റിമേറ്റും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ കടല്‍ ഭിത്തികള്‍ നിര്‍മിച്ച് തീരദേശവാസികളുടെ സുരക്ഷയും പുലിമുട്ടുകളുടെയും മറ്റും നിര്‍മാണത്തിലൂടെ തീരദേശ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് ആവശ്യമെന്ന് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ച എംഎല്‍എമാരായ സി കൃഷ്ണന്‍, ടി വി രാജേഷ്, എ എന്‍ ഷംസീര്‍ എന്നിവര്‍ പറഞ്ഞു. തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് ബജറ്റില്‍ കോടികള്‍ വകയിരുത്തിയിട്ടും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
ജില്ലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ മലയോര പ്രദേശങ്ങളില്‍ ഇത് തടയുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എമാരായ കെ സി ജോസഫ്, സണ്ണി ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു. ആനയുള്‍പ്പെടെയുള്ള വന്യജീവികളുടെ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന പ്രദേശവാസികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഉള്‍പ്പെടെ ആര്‍ക്കും ധൈര്യമായി പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. ആനമതില്‍, ഇലക്ട്രിക് ഫെന്‍സിംഗ് പോലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്ത അതിര്‍ത്തി പ്രദേശങ്ങളില്‍ വന്യമൃഗശല്യം തടയാന്‍ താല്‍ക്കാലിക സംവിധാനമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജില്ലാ കലക്ടറുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാവണം. ആവശ്യത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രദേശങ്ങളില്‍ വിന്യസിക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ക്കായി വിശദമായ പദ്ധതി രേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡിഎഫ്ഒ എം വി വി കണ്ണന്‍ യോഗത്തെ അറിയിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്കായി അനുവദിച്ച നൂറുക്കണക്കിന് കോടികളുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ടി വി രാജേഷ് എംഎല്‍എ കുറ്റപ്പെടുത്തി. ഓരോരോ കാരണങ്ങളാല്‍ രണ്ടു വര്‍ഷം മുമ്പ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി അനുവദിച്ച തുക പോലും ചെലവഴിക്കപ്പെടാതെ കിടക്കുകയാണ്. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സംര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
പിഎംജിഎസ്‌വൈ പദ്ധതിയിലുള്‍പ്പെടുത്തി വികസിപ്പിക്കുന്ന വടുവന്‍കുളം-വെങ്കണപ്പറമ്പ് റോഡിന്റെ പ്രവൃത്തി, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാത്തതു മൂലം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണെന്ന് ജെയിംസ് മാത്യു എംഎല്‍എ അറിയിച്ചു. പൈപ്പ് മാറ്റുന്നതിനാവശ്യമായ എസ്റ്റിമേറ്റ് എത്രയും വേഗം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നണിയൂര്‍ നമ്പ്രം മാപ്പിള എഎല്‍പി സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തിന് ഫിറ്റ്‌നസ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ സമുച്ഛയും പണിയുന്നതിന് തളിപ്പറമ്പിലെ പഴയ എഇഒ ഓഫീസ് പൊളിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭ്യമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ എസ്‌സി- എസ്ടി കോളനി വികസനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച പദ്ധതികള്‍ ഇപ്പോഴും പാതിവഴിയിലാണെന്നും പൂര്‍ത്തിയാക്കിയ പല പദ്ധതികളും പ്രവര്‍ത്തനക്ഷമമല്ലെന്നും എംഎല്‍എമാര്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ പ്രവൃത്തി ഏറ്റെടുത്ത എഫ്‌ഐടിയുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ട്. ഇതുവരെ നടത്തിയ പ്രവൃത്തികള്‍, ചെലവഴിച്ച തുക, ബാക്കിയുള്ള പ്രവൃത്തികള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. തുറമുഖ സംരക്ഷണത്തിനായുള്ള ഹാര്‍ബര്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. തലായി ഹാര്‍ബറില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപകടങ്ങള്‍ പതിവായ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ നാറ്റ്പാക് അനുവദിച്ച സേഫ്റ്റി കോറിഡോര്‍ പദ്ധതി വേഗത്തില്‍ നടപ്പിലാക്കണമെന്നും ജില്ലയിലെ അപകട സാധ്യതയുള്ള ബ്ലാക്ക് സ്‌പോട്ടുകളില്‍ കൂടി പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എംഎല്‍എമാരായ ടി വി രാജേഷ്, ജെയിംസ് മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ പല വകുപ്പുകളും ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപമുള്ളതായും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ടി വി രാജേഷ് എംഎല്‍എ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായി. എംഎല്‍എമാരായ സി കൃഷ്ണന്‍, കെ സി ജോസഫ്, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ എം സുകുമാരന്‍, ഡിഎഫ്ഒ എം വി വി കണ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/2220/2019
- Log in to post comments