Skip to main content

പ്രീ ഡിഡിസി യോഗം ചേരാന്‍ ജില്ലാ കലക്ടറുടെ തീരുമാനം

ജില്ലാ വികസന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സമിതി യോഗം ചേരുന്നതിന് ഒരാഴ്ച മുമ്പ് പ്രീ ഡിഡിസി യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രധാന വികസന പദ്ധതികളുടെ പുരോഗതി പ്രീ ഡിഡിസി യോഗം വിലയിരുത്തും. ഇവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ക്കു നല്‍കാനും ആവശ്യമായ ഇടപെടലുകള്‍ ഉറപ്പുവരുത്താനും ഇത് സഹായകമാവും. 
ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമിതിയാണ് മാസത്തിലെ അവസാന ശനിയാഴ്ച നടക്കുന്ന ഡിഡിസി. ജില്ലാതല ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അവര്‍ പങ്കെടുക്കേണ്ട ജില്ലയിലെ പ്രധാന യോഗവുമാണിത്. അതുകൊണ്ടുതന്നെ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ വികസന സമിതിയില്‍ പങ്കെടുക്കാന്‍ ശ്രദ്ധിക്കണം. മന്ത്രിമാരുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനൊഴികെ ഉദ്യോഗസ്ഥര്‍ ഡിഡിസിയിലേക്ക് മറ്റൊരാളെ പറഞ്ഞയക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നാല് മിഷനുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വികസന സമിതി മുന്‍തൂക്കം നല്‍കണം. അതോടൊപ്പം ജില്ലയിലെ പ്രധാന നിര്‍മാണ-വികസന പദ്ധതികളെ കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകളും നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ജില്ലയുടെ ധന്യമായ സാംസ്‌ക്കാരിക പൈതൃകത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന് മുന്‍ണന നല്‍കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഡിടിപിസിയുമായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഓരോ മണ്ഡലത്തിലും നടക്കുന്ന വിവിധ വികസന പദ്ധതികളുടെ പ്രവൃത്തി പുരോഗതി റിപ്പോര്‍ട്ട് ബന്ധപ്പെട്ട എംഎല്‍എമാര്‍ക്ക് ലഭ്യമാക്കാന്‍ വകുപ്പുദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വികസന സമിതിയില്‍ ഉയര്‍ന്നുവരാനിടയുള്ള വിഷയങ്ങളെ കുറിച്ച് വ്യക്തമായ ധാരണയോടു കൂടിയായിരിക്കണം ഉദ്യോഗസ്ഥര്‍ യോഗത്തിന് എത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
പി എന്‍ സി/2221/2019

 

date