കഥയുടെ വഴികളിലൂടെ മുകുന്ദന്‍, തുമ്പികളായി ഓര്‍മകളും
മയ്യഴി തീരങ്ങളിലൂടെ മുകുന്ദന്‍ നടക്കുമ്പോള്‍ ഒപ്പം തുമ്പികളായി ദാസനും ചന്ദ്രികയും അല്‍ഫോന്‍സച്ചനും കുറുമ്പിയമ്മയും എല്ലാം ഉണ്ടായിരുന്നു. കാലങ്ങള്‍ക്കപ്പുറത്തെ മയ്യഴി, അവിടെ താന്‍ ജീവിച്ച വഴികള്‍ ഓര്‍മയില്‍ തെളിഞ്ഞുവന്നു. മനസ്സില്‍ നിരന്തരം നിലവിളിച്ച് കഥകളിലേക്ക് കടന്നുവന്നവരെ മുകുന്ദന്‍ ഓര്‍ത്തെടുത്തു. എഴുത്തിന്റെ വഴികളില്‍ അനുഭവിച്ച നൊമ്പരങ്ങളും അനുഭൂതിയും പുതിയ തലമുറയിലെ എഴുത്തുകാരുമായി മയ്യഴിയുടെ കഥാകാരന്‍ പങ്കിട്ടു. ഡല്‍ഹിയിലും പാരീസിലുമെല്ലാം ജീവിക്കുമ്പോഴും തന്നിലെ എഴുത്തുകാരന്‍ മയ്യഴിയെ ഹൃദയത്തില്‍ കൊണ്ടു നടന്നതിലെ നൊമ്പരവും ആനന്ദവും മയ്യഴി പുഴയായി ഒഴുകിയ കഥ അദ്ദേഹം വിവരിച്ചു. മയ്യഴിയെ മലയാളി സാഹിത്യാസ്വാദകരുടെ മായിക ഭൂമിയാക്കിയ സര്‍ഗവൈഭവം കഥാപാത്രങ്ങള്‍ ജീവിച്ച വഴിയിലൂടെ വീണ്ടും നടന്നു.
കൊച്ചുകൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ മയ്യഴിയുടെ കഥാകാരനും കൊച്ചുകുട്ടിയായി. സര്‍ഗാത്മക മികവ് തെളിയച്ച കുട്ടികള്‍ക്കൊപ്പമുള്ള എം മുകുന്ദന്റെ യാത്രയില്‍ നിറഞ്ഞ് നിന്നത് സാഹിത്യ ചര്‍ച്ചകള്‍ മാത്രം. കുട്ടികളുമായി സംവദിച്ചും അവരുടെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയും സെല്‍ഫിയെടുത്തും ഓട്ടോഗ്രാഫുകള്‍ നല്‍കിയും അദ്ദേഹം കുട്ടികളിലൊരാളയപ്പോള്‍ മയ്യഴിയുടെ കഥാകാരന് ഓര്‍ക്കാനും കുട്ടികളുമായി പങ്കുവയ്ക്കാനും ഒത്തിരി ഓര്‍മ്മകളുമുണ്ടായിരുന്നു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച 'എം മുകുന്ദനൊപ്പം കഥതേടിപോകാം മയ്യഴിയുടെ തീരങ്ങളിലൂടെ' എന്ന പരിപാടിയിലായിരുന്നു ഈ വ്യത്യസ്ത ഒത്തുകൂടല്‍.
മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിലെ കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും തൊട്ടറിഞ്ഞുള്ള യാത്ര വിദ്യാര്‍ഥികള്‍ക്കും ഏറെ ആസ്വാദകരമായി. കുട്ടികള്‍ക്കൊപ്പമുള്ള സംവാദവും മയ്യഴിയുടെ തീരത്തുകൂടി കഥകള്‍ പറഞ്ഞും അനുഭവങ്ങള്‍ പങ്കുവച്ചുമുള്ള യാത്രയും കഥാകാരനും നവ്യാനുഭവമായി. ഏറെ ജിജ്ഞാസയോടെയും അതിലുപരി സന്തോഷത്തോടെയുമാണ് മയ്യഴിയുടെ കലാകാരന്‍ കുട്ടികളുടെ ഓരോ ചോദ്യത്തെയും എതിരേല്‍ക്കുകയും മറുപടി നല്‍കുകയും ചെയ്തത്.
കഥാകാരനുമായി നടത്തിയ സംവാദത്തില്‍ കഥയിലെ വെള്ളിയാങ്കല്ലിനെക്കുറിച്ചായിരുന്നു കൂട്ടുകാരുടെ സംശയങ്ങളേറെയും. അത് സങ്കല്‍പം മാത്രമാണോ, എന്തുകൊണ്ടാണ് വെള്ളിയാങ്കല്‍ കാണാന്‍ ആഗ്രഹമില്ലാത്തത് തുടങ്ങി നിരവധി സംശയങ്ങളാണ് വിദ്യാര്‍ഥികള്‍ ചോദിച്ചത്. എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും എഴുത്ത് അനുഭവങ്ങളെക്കുറിച്ചും സംവാദത്തില്‍ ചോദ്യങ്ങളുയര്‍ന്നു. കഥാകാരനൊപ്പം നടക്കുമ്പോള്‍ വരച്ച അദ്ദേഹത്തിന്റെ ചിത്രം കൊച്ചുമിടുക്കിയായ അനിഷ അനില്‍ എം മുകുന്ദനുമായി പങ്കുവച്ചു.
ഇന്ന് വെള്ളിയാങ്കല്ലില്‍ പോയാല്‍ ദാസനെയും ചന്ദ്രികയെയുമൊന്നും കാണാന്‍ സാധിക്കില്ലെന്നും മദ്യക്കുപ്പികളുമായി പോകുന്ന ഒരു പിക്നിക് സ്പോട്ടായി ഇന്ന് വെള്ളിയാങ്കല്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. മയ്യഴിപുഴയും ഇന്ന് അന്നത്തെ അവസ്ഥയിലല്ല. അന്ന് തെളിഞ്ഞ വെള്ളവും നിറയെ മീനുകളുമായിരുന്നു എന്നാല്‍ ഇന്ന് മുഴുവന്‍ മദ്യക്കുപ്പികളും മാലിന്യങ്ങളുമാണ്. മയ്യഴിപുഴ മരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഭവപ്പെട്ടു. പുഴകളും മലകളും മരങ്ങളും ഇല്ലാതായികൊണ്ടിരിക്കുമ്പോള്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രമാണ് എഴുത്തുകാരനും വായനക്കാരനും കഴിയുന്നത്. അധികാരമുള്ള കുറച്ച് പേരാണ് ഇതൊക്കെ നിയന്ത്രിക്കുന്നതെന്നും കൊച്ചുകൂട്ടുകാരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.
ഇന്ന് ആവിഷ്‌കാര സ്വതന്ത്ര്യം വളരെ കുറവാണ്. പഴയകാലത്ത് എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരുപാട് വിലക്കുകളുള്ള കാലമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്നതില്‍ കലാകാരന്മാര്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ നാട്ടിലെ സാധാരണക്കാരെയാണ് തനിക്കേറ്റവുമിഷ്ടമെന്നും അതുകൊണ്ടാണ് അവരെക്കുറിച്ച് കൂടുതല്‍ എഴുതുന്നതെന്നുമായിരുന്നു ഗ്രാമീണ കഥകളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ഫ്ളാറ്റുകളിലെ ജീവിതം മണ്ണുമായുള്ള കുട്ടികളുടെ ബന്ധം ഇല്ലാതാക്കി.
സര്‍ഗാത്മകത ഉണ്ടായിരിക്കണം എന്നതില്‍ കവിഞ്ഞ് എഴുത്തുകാരന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ആവശ്യമില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. എഴുത്തുകാര്‍ അറിയാതെ തന്നെ ലക്ഷണക്കണക്കിന് ആളുകളുടെ മനസില്‍ അവരും അവര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് വായനക്കാരിലേക്കെത്താന്‍ മയ്യഴിപുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് സാധിച്ചിട്ടുണ്ട്. നോവലിന്റെ ഭാഷയാണ് ഇതിന് കാരണം. നമ്മുടെ ചിന്തകള്‍ കടലാസിലേക്ക് പകര്‍ത്തുമ്പോഴാണ് നമ്മള്‍ കഥാകാരനാവുന്നത്. നോവലിനെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയാതിരുന്ന 25 ാം വയസിലാണ് ആദ്യമായി നോവല്‍ എഴുതുന്നത്. എഴുതുക എന്നുള്ളത് മാനസികമായ അധ്വാനമാണ്. 100 മന്ത്രിമാരാവുന്നതിനേക്കാള്‍ കടുപ്പമാണ് തനിക്ക് ഒരു ബഷീര്‍ ആവുക എന്നുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മയ്യഴിപുഴയുടെ തീരങ്ങളിലെ കഥാപാത്രങ്ങളെ പുന:സൃഷ്ടിച്ച പുഴയോര നടപ്പാതയും ടാഗോര്‍ പാര്‍ക്കും പൈതൃകകുന്നും എം മുകുന്ദനൊപ്പം വിദ്യാര്‍ഥികള്‍ ചുറ്റിക്കണ്ടു. ഓരോ കഥാപാത്രത്തെയുംകുറിച്ച് വിശദീകരിച്ചും തന്റെ അനുഭവങ്ങള്‍ പങ്കുവച്ചുമാണ് അദ്ദേഹം വിദ്യാര്‍ഥികളൊപ്പം യാത്ര ചെയ്തത്. ഓരോ ഉപജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത മൂന്ന് വീതം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാരംഗം കലാസാഹിത്യവേദി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി അബ്ദുള്‍ ഖാദര്‍ പരിപാടിയില്‍ അധ്യക്ഷനായി, മലയാള കലാഗ്രാമം പ്രതിനിധി എം ഹരീന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, വിദ്യാരംഗം കോര്‍ഡിനേറ്റര്‍ എം കെ വസന്തന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, ജയരാജന്‍ (കലാഗ്രാമം), സോമന്‍ പന്തക്കല്‍, ഒ അജിത്ത് കുമാര്‍, വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പി എന്‍ സി/2222/2019
- Log in to post comments