Skip to main content

വിവരാവകാശ അപേക്ഷയില്‍ അമിത ഫീസ്;  വിശദീകരണം തേടി കമ്മീഷന്‍

വിവരാവകാശ അപേക്ഷയിന്മേല്‍ അമിത ഫീസ് ഈടാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍. വിവരാവകാശ നിയമ പ്രകാരം നല്‍കുന്ന അപേക്ഷയില്‍ ഒരു പേജിന് രണ്ട് രൂപ നിരക്കില്‍ മാത്രമേ തുക ഈടാക്കാവൂയെന്നും പല ഓഫീസുകളിലും രേഖകളുടെ പരിശോധനയെന്ന പേരില്‍ വലിയ തുക ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി. വിവരാവകാശ അപേക്ഷയിന്മേല്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് ഓഫീസ് അധികം തുക ഈടാക്കിയെന്ന പരാതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം തേടുമെന്ന് കമ്മീഷണര്‍ അറിയിച്ചു. കലക്ടറേറ്റ് അക്കാദമിക് ഹാളില്‍ നടന്ന സിറ്റിംഗിലായിരുന്നു കമ്മീഷണറുടെ പ്രതികരണം.  
വിവരാവകാശ നിയമം തെറ്റായി വ്യാഖ്യാനിക്കുന്നതും സര്‍ക്കാര്‍ ഓഫീസുകളില്‍ ബന്ധപ്പെട്ട വിവരാവകാശ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതും ഗുരുതര വീഴ്ചയാണെന്ന് കമ്മീഷണര്‍ അറിയിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ റീ അഡ്മിഷനുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കവെയാണ് കമ്മീഷണറുടെ പ്രതികരണം. വിവരാവകാശ നിയമത്തിന്റെ 5(1) പ്രകാരം 2005 ഒക്ടോബര്‍ 12 മുതല്‍ 100 ദിവസത്തിനുള്ളില്‍ വിവരാവകാശ നിയമം ബാധകമായിട്ടുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഒന്നാം അപ്പീല്‍ അതോറിറ്റി എന്നിവര്‍ ആരാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ കാണുംവിധം പ്രദര്‍ശിപ്പിക്കണമെന്നാണ് വ്യവസ്ഥ. സര്‍ക്കാര്‍- എയ്ഡഡ് കോളേജുകള്‍ക്കും ഇത് ബാധകമാണ്. സര്‍സയ്യിദ് കോളേജില്‍ യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിക്കാത്ത നിയമം പറഞ്ഞ് വിദ്യാര്‍ഥിക്ക് റീ അഡ്മിഷന്‍ നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ യുക്തിരഹിതമായ മറുപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വിശദീകരണം തേടിയശേഷം നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.  
കൂത്തുപറമ്പ് ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസില്‍ 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ചില്ലെന്ന കാരണത്താല്‍ അപേക്ഷ നിരസിച്ച സംഭവം ശരിയായ നടപടിയല്ലെന്ന് കമ്മീഷണര്‍ നിരീക്ഷിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങില്‍ വിവരാവകാശ നിയമ പ്രകാരം ആദ്യം കൊടുക്കുന്ന അപേക്ഷയ്ക്ക് മാത്രമേ കോര്‍ട്ട് ഫീ സ്റ്റാമ്പ് ആവശ്യമുള്ളൂ. അപ്പീല്‍ നല്‍കിക്കൊണ്ടുള്ള രണ്ടാമത്തെ അപേക്ഷയില്‍ സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കണ്ണൂര്‍ എസ്എസ്എയില്‍ ഡ്രൈവര്‍ തസ്തികയുമായി ബന്ധപ്പെട്ടുള്ള വിവരാവകാശ അപേക്ഷയില്‍ തെറ്റായ മറുപടി നല്‍കിയതില്‍ നടപടിയെടുക്കും. 25000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണിത്. 
15 കേസുകളാണ് സിറ്റിംഗില്‍ കമ്മീഷന്‍ പരിഗണിച്ചത്. ഒരു കേസില്‍ പരാതിക്കാരനും വിവരാവകാശ അധികാരിയും ഹാജരാകാത്തതിനെ തുടര്‍ന്ന് മാറ്റിവെച്ചു. വിവരാവകാശ കമ്മീഷന്റെ ഹിയറിംഗില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കാരണം കാണിക്കാതെ ഹാജരാകാതിരിക്കാന്‍ പാടില്ലെന്നും ഹാജരാകാത്തതിനുളള കാരണം കമ്മീഷനെ അറിയിക്കേണ്ടതാണെന്നും കമ്മീഷണര്‍ അറിയിച്ചു. മുഴപ്പിലങ്ങാട് വില്ലേജ് ഓഫീസറാണ് അദാലത്തില്‍ ഹാജരാകാതിരുന്നത്. സംഭവത്തില്‍ വിശദീകരണം തേടാനും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പി എന്‍ സി/2225/2019

 

date