ലൈഫ് മിഷന് മൂന്നാം ഘട്ടം: ജില്ലയില്‍ ഏഴ് ഭവന സമുച്ചയങ്ങള്‍ വരുന്നു
13 ഏക്കര്‍ സ്ഥലം കണ്ടെത്തി; നിര്‍മാണം ഈ വര്‍ഷം തുടങ്ങും
സംസ്ഥാന സര്‍ക്കാറിന്റെ നവകേരള മിഷനില്‍ ഉള്‍പ്പെട്ട ലൈഫ് മിഷന് സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. സ്വന്തമായി ഭൂമിയും വീടുമില്ലാത്തവര്‍ക്കായി പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതാണ് മൂന്നാം ഘട്ടം. ഇതിനായി ജില്ലയില്‍ ഏഴിടങ്ങളിലായി 13 ഏക്കര്‍ സ്ഥലം കണ്ടെത്തി. ആറിടങ്ങളില്‍ ലൈഫ് മിഷന് നേരിട്ടും ഒരിടത്ത് സഹകരണ വകുപ്പുമാണ് ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തി ഗ്രാമ സഭകള്‍ അംഗീകരിച്ച് ലൈഫ് മിഷന് സമര്‍പ്പിച്ച പട്ടികയിലുള്‍പ്പെട്ട ആയിരത്തിലേറെ കുടുംബങ്ങള്‍ക്കാണ് ഭവന സമുച്ചയങ്ങളില്‍ ഫ്ളാറ്റുകള്‍ അനുവദിക്കുക.
ജില്ലയിലെ പയ്യന്നൂര്‍, ആന്തൂര്‍ മുനിസിപ്പാലിറ്റികളിലും, കുറുമാത്തൂര്‍, കണ്ണപുരം, ചിറക്കല്‍, കടമ്പൂര്, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലുമാണ് ഫ്ളാറ്റ് നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തിയിട്ടുളളത്. പയ്യന്നൂര്‍ കോറോം വില്ലേജില്‍ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 80 സെന്റ്, ആന്തൂര്‍ വില്ലേജില്‍ ഇറിഗേഷന്‍ വകുപ്പിന്റെ രണ്ട് ഏക്കര്‍, കണ്ണപുരം വില്ലേജില്‍ റവന്യൂ വകുപ്പിന്റെ 70 സെന്റ്, ചിറക്കല്‍ വില്ലേജില്‍ ഇറിഗേഷന്‍ വകുപ്പിന്റെ 45 സെന്റ്, കടമ്പൂര് വില്ലേജില്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 40 സെന്റ്, അഞ്ചരക്കണ്ടി വില്ലേജില്‍ കുഴിമ്പാലോട്ടുള്ള ഇറിഗേഷന്‍ വകുപ്പിന്റെ 105 സെന്റ് എന്നിവിടങ്ങളിലാണ് ലൈഫ് മിഷന് നേരിട്ട് ഭവന സമുച്ചയം നിര്‍മിക്കുക. കുറുമാത്തൂര്‍ പഞ്ചായത്ത് പന്നിയൂര്‍ വില്ലേജില്‍ റവന്യൂ വകുപ്പിന്റെ 7.58 ഏക്കര്‍ സ്ഥലത്ത് സഹകരണ വകുപ്പും റസിഡന്‍ഷ്യല്‍ കോംപ്ലക്സ് നിര്‍മിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവുമായുള്ള സാമീപ്യം, ജലത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സ്ഥലങ്ങള്‍ തെരെഞ്ഞെടുത്തിരിക്കുന്നത്. കടമ്പൂര് പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ രൂപകല്പനയും എസ്റ്റിമേറ്റും തയ്യാറായി സംസ്ഥാന ലൈഫ് മിഷന്റെ അംഗീകാരത്തിനായി നല്‍കിക്കഴിഞ്ഞു. ഇവിടെ 48 ഫ്ളാറ്റ് യൂനിറ്റുകളടങ്ങുന്ന ബഹുനില കെട്ടിടമാണ് നിര്‍മിക്കുക. മറ്റിടങ്ങളിലും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കും. രണ്ട് ബെഡ് റൂമുകളും ഒരു ഹാളും അടുക്കളയും ബാത്ത് റൂമും അടങ്ങിയതായിരിക്കും ഫ്ളാറ്റുകള്‍.
ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്നോ വാട്ടര്‍ അതോറിറ്റി വഴിയോ ആണ് ഫ്ളാറ്റുകളിലേക്ക് കുടിവെള്ളമെത്തിക്കുക. ഭവന സമുച്ചയങ്ങളോട് ചേര്‍ന്ന് അങ്കണവാടികള്‍, പ്ലേ സ്കൂളുകള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയവയും സ്ഥല ലഭ്യതയ്ക്കനുസരിച്ച് ഒരുക്കും. മാലിന്യ സംസ്ക്കരണത്തിന് കേന്ദ്രീകൃത പദ്ധതിയും നടപ്പിലാക്കും. ഫ്ളാറ്റുകളുടെ നോക്കിനടത്തിപ്പിനായി താമസക്കാരില്‍ നിന്ന് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കും. ഗ്രാമസഭകളുടെ അംഗീകാരത്തോടെ മിഷന് സമര്‍പ്പിച്ച ഗുണഭോക്തൃ പട്ടികയില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കുടുംബങ്ങളെ തെരഞ്ഞെടുക്കുക.
ലൈഫ് പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി അയ്യായിരത്തിലേറെ വീടുകളുടെ നിര്‍മാണം ജില്ലയില്‍ പൂര്‍ത്തിയായി വരികയാണ്. വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും ഭാഗമായി ആരംഭിച്ച് പണിപൂര്‍ത്തിയാക്കാതെ പാതിവഴിയിലായ 2687 വീടുകളുടെ പൂര്‍ത്തീകരണമാണ് ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്തത്. ഇതില്‍ 2610 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്.
സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടുവെച്ചു നല്കുന്ന ലൈഫ് മിഷന്റെ രണ്ടാംഘട്ട പദ്ധതിയില്‍ 2526 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 1180 വീടുകളുടെ പണി പൂര്‍ത്തിയായി. ബാക്കിയുള്ളവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയില്‍ വീട് വെക്കാന്‍ നല്‍കുന്നത്. മിഷന്റെ മൂന്നാം ഘട്ടം കൂടി പൂര്‍ത്തിയാവുന്നതോടെ ഭവന രഹിതര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പി എന്‍ സി/2240/2019
- Log in to post comments