പൊന്‍കുന്നം വര്‍ക്കി കാലഘട്ടത്തിന്റെ ജീര്‍ണതകളെ തുറന്നു കാട്ടിയ എഴുത്തുകാരന്-വി.എന്‍. വാസവന്
രചനകളിലൂടെ കാലഘട്ടത്തിന്റെ ജീര്‍ണതകളെ തുറന്നു കാട്ടിയ എഴുത്തുകാരനാണ് പൊന്‍കുന്നം വര്‍ക്കിയെന്ന് നവലോകം ചെയര്മാന് വി.എന്‍. വാസവന്. വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പാമ്പാടി പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പൊന്‍കുന്നം വര്‍ക്കി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലത്തിനു മുമ്പേ സഞ്ചരിച്ചവയായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍. സാഹിത്യത്തെയും കലയെയും സാമൂഹ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്താനാകുമെന്ന് കാണിച്ചുതന്ന പൊന്‍കുന്നം വര്‍ക്കി നിലാടുകളില്‍ ഒത്തുതീര്‍പ്പുകള്‍ക്കു വിധേയനാകാത്ത സാഹിത്യകാരനായിരുന്നു-വാസവന് അനുസ്മരിച്ചു.
എഴുത്തിലെ കലാപകാരിയായിരുന്നു പൊന്‍കുന്നം വര്‍ക്കിയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കഥാകൃത്ത് ജി.ആര് ഇന്ദുഗോപന് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ ഇപ്പോള്‍ ഉയരുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താല്‍ യാഥാസ്ഥിതിക ചുറ്റുപാടുകളോടു പൊരുതാന്‍ അദ്ദേഹം കാട്ടിയ നിശ്ചയദാര്‍ഢ്യം മനസിലാക്കാനാകും-ഇന്ദുഗോപന് കൂട്ടിച്ചേര്‍ത്തു.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഭരണ സമിതി അംഗം പൊന്‍കുന്നം സെയ്ദ് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ. കരുണാകരന്, സെക്രട്ടറി കെ.ആര്. ചന്ദ്രമോഹനന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന് ജോസഫ്, കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം മാത്യു, പാമ്പാടി പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെന്നഡി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പൊന്‍കുന്നം വര്‍ക്കിയെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിനേവേണ്ടി എം.പി.സുകുമാരന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ചു നടന്നു.
- Log in to post comments