ആര്‍ദ്രം: നിലമ്പൂരില്‍ കൂടുതല്‍ തസ്തികകള്‍ പരിഗണനയില്‍- മന്ത്രി
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ പി.എച്ച്.സി കളില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നത് പരിഗണനയിലാണെന്നു ആരോഗ്യ വകുപ്പ് മന്ത്രി. കെ.കെ. ശൈലജ ടീച്ചര്‍. നിയമസഭയില്‍ പി.വി.അന്‍വര്‍ എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വഴിക്കടവ് പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിട്ടുണ്ട്. ഇവിടെ ഒരു അസിസ്റ്റന്റ് സര്‍ജന്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍, ഒരു ഫാര്‍മസിസ്റ്റ് എന്നീ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. ആസ്ത്മ, ശ്വാസം മുട്ടലിനായുള്ള 'ശ്വാസ്' ക്ലിനിക്ക്, മാനസികാരോഗ്യ പരിചരണത്തിനുള്ള ആശ്വാസ് ക്ലിനിക്ക് എന്നിവ ഇവിടെ ആരംഭിച്ചിട്ടുണ്ട്. വൈകീട്ട് ആറ് വരെ ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എടക്കര, പോത്തുകല്‍, കരുളായി, മൂത്തേടം എന്നീ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് തിരഞ്ഞെടുത്തിട്ടുണ്ട്. പോത്തുകല്‍, മൂത്തേടം എന്നീ കേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ വീതവും എടക്കര, കരുളായി എന്നീ കേന്ദ്രങ്ങള്‍ക്ക് എന്‍. എച്ച്.എം ഫണ്ടില്‍ നിന്നു 15.5 ലക്ഷം വീതവും അനുവദിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ ആവശ്യമായ തസ്തിക സൃഷിടിക്കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
- Log in to post comments