Skip to main content

വായനശാലകള്‍ കേരളത്തിന്റെ സംസ്‌കാരം: ജില്ലാ പോലീസ് മേധാവി  

 

വായനശാലകള്‍ കേരളത്തിന്റെ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അക്ഷരജ്വാല നാടകയാത്രയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറയ്ക്ക് വായനയില്‍ താല്പര്യം കുറയുന്നുണ്ട്. എന്നാല്‍ പലര്‍ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്‍മയുടെ ഭാഗമാണ്. വായന വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വായനയ്ക്ക് പുതിയ മുഖങ്ങള്‍ വരികയും പുസ്തകങ്ങള്‍ക്ക് പകരക്കാരുണ്ടാകുകയും ചെയ്തു. വായനയുടെയും വായനാദിനത്തിന്റെയും പ്രാധാന്യം എന്നും നിലനില്‍ക്കുമെന്നും എസ് പി പറഞ്ഞു. 

ഇരുപത്തിനാലാമത് ദേശീയ വായന മഹോത്സവത്തിന്റെ ഭാഗമായി പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരള ജനമൈത്രി പോലീസ് തീയേറ്റര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ജൂണ്‍ 19ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച അക്ഷരജ്വാല നാടകയാത്ര ജൂലൈ ഒന്നു മുതല്‍ നാല് വരെയാണ് ജില്ലയിലെ  തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ പര്യടനം നടത്തുന്നത്. ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി വായനയിലൂടെയും ടെക്നോളജിയിലൂടെയും സാമൂഹിക തിന്മകളെ തുരത്തി ഒരു പരിസ്ഥിതി സൗഹൃദരാജ്യം സൃഷ്ടിക്കുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന നാടകത്തിന്റെ ആശയം. 

പത്തനംതിട്ട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പി.കെ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് ജേതാവ് തോമ്പില്‍ രാജശേഖരന്‍ മുഖ്യാതിഥിയായിരുന്നു. അടൂര്‍ ഡി.വൈ.എസ്.പിയും ജനമൈത്രി കേരളാ പോലീസ് നോഡല്‍ ഓഫീസറുമായ ജവഹര്‍ ജനാര്‍ദ്ദ് നാടക വിവരണം നടത്തി. 

ജൂലൈ ഒന്നിന് ജില്ലയിലെത്തിയ ജാഥയ്ക്ക് ജനമൈത്രി പോലീസ് അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ സ്വീകരണം നല്‍കി. കെആര്‍കെപിഎം ബോയ്‌സ് ഹൈസ്‌കൂള്‍ ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കടമ്പനാട്, പിജിഎം അമൃത ഹൈസ്‌കൂള്‍ പറക്കോട്, തോട്ടക്കോണം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പന്തളം, മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്തനംതിട്ട, എസ്.വി.എച്ച്.എസ് പുല്ലാട് എന്നിവടങ്ങളില്‍ ഇതുവരെ ജാഥ പര്യടനം നടത്തി. ഇന്ന് (4) സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വെണ്ണിക്കുളം, സെന്റ് മേരീസ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പാലയ്ക്കത്തകിടി കുന്നന്താനം എന്നിവിടങ്ങളില്‍ നാടകയാത്ര പര്യടനം നടത്തും. 

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ നസീര്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ് അമീര്‍ജാന്‍, പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസ് പോള്‍, മാര്‍ത്തോമ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് എലിസബത്ത് ജോണ്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എസ്. മീരാസാഹിബ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ബിനുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.  

                           (പിഎന്‍പി 1643/19)

date