Skip to main content

പ്രളയാനന്തര ഭവനപുനര്‍നിര്‍മ്മാണം - പുരോഗതി വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി

പ്രളയത്തില്‍ പൂര്‍ണ്ണമായി വീട് നശിച്ച ഗുണഭോക്താക്കളുടെ ഭവന പുനര്‍നിര്‍മ്മാണ പുരോഗതിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രേഖപ്പെടുത്തുന്ന പ്രക്രിയ ഇടുക്കി ജില്ലയില്‍ ആരംഭിച്ചു. ഇടുക്കി, നെടുംങ്കണ്ടം, അടിമാലി, അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ ഹബുകള്‍ വഴിയാണ് വിവരശേഖരണം നടത്തുന്നത്. ജില്ലാ ലൈഫ് മിഷനാണ് ഇതിന്റെ ചുമതല. തെരഞ്ഞെടുക്കപ്പെട്ട 50 സന്നദ്ധപ്രവര്‍ത്തകര്‍ വഴിയാണ് എല്ലാ ഗുണഭോക്താക്കളുടെയും വീട് സന്ദര്‍ശിച്ച് നിലവിലെ നിര്‍മ്മാണ ഘട്ടത്തിന്റെ ചിത്രങ്ങള്‍ സഹിതം വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത്. സര്‍ക്കാര്‍ സഹായത്തോടെ സ്വയം നിര്‍മ്മാണം നടത്തുന്നത്, സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മ്മാണം നടക്കുന്നത്, സ്‌പോണ്‍സര്‍മാര്‍ മുഖേന നിര്‍മ്മാണം നടത്തുന്നത് എന്നിങ്ങനെ എല്ലാവിഭാഗത്തില്‍പ്പെട്ടവയുടെയും ധനസഹായം ലഭിച്ച വിവരങ്ങള്‍ അടക്കം രേഖപ്പെടുത്തുന്നുണ്ട്.  ജില്ലയില്‍ ഇത്തരത്തില്‍ പൂര്‍ണ്ണമായും നശിച്ച 1800 ഓളം വീടുകളുടെ വിവരശേഖരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഏതെങ്കിലും ഭവന നിര്‍മ്മാണം ഉദ്ദേശിച്ച രീതിയില്‍ പുരോഗതി കൈവരിച്ചിട്ടില്ല എങ്കില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഇത് സഹായിക്കും. ജൂലായ് 5 നകം മുഴുവന്‍ വീടുകളുടെയും വിവരശേഖരണവും ഫോട്ടോ അപ്‌ലോഡിങ്ങും പൂര്‍ത്തിയാകുമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
 

date