Skip to main content

ശബരിമല: ഒരുങ്ങുന്നത് വന്‍ വികസന പദ്ധതികള്‍

 

ശബരിമല തീര്‍ഥാടന കാലം തുടങ്ങാന്‍ നാല് മാസം അവശേഷിക്കെ വികസന പ്രവര്‍ത്തനങ്ങള്‍ ടോപ്പ് ഗിയറിലേക്ക് മാറുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, റാന്നി, ചെങ്ങന്നൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് വേഗം കൂടുന്നത്. നവംബര്‍ 17 നാണ് ഇത്തവണ ശബരിമലയില്‍ തീര്‍ഥാടനകാലം തുടങ്ങുന്നത്. മണ്ഡല-മകരവിളക്ക് കാലത്തിനിടെ സന്നിധാനത്തെത്തുന്ന ഭക്തര്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതും പാര്‍ക്കിംഗിന് കൂടുതല്‍ സ്ഥലം കണ്ടെത്തുന്നതും അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവഗം വര്‍ധിച്ചുകഴിഞ്ഞു. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അടുത്ത ദിവസങ്ങളില്‍തെന്ന പ്രത്യേകസംഘം പത്തനംതിട്ടയിലെത്തും. എല്ലാ പ്രദേശങ്ങളും സന്ദര്‍ശിച്ച് ഈ സംഘം നല്‍കുന്ന അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും ശബരിമല ഉന്നതാധികാര സമിതിയും കഴിഞ്ഞ ദിവസം തീരുമാനിച്ചു.  

റോപ്‌വേ അടക്കമുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റോപ്‌വേയ്ക്ക് ആവശ്യമായ തൂണുകള്‍ സ്ഥാപിക്കുന്ന നടപടി ഉടന്‍ ആരംഭിക്കും. ഇതിന്റ മണ്ണ് പരിശോധന അടക്കമുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. പൂജയ്ക്കും കച്ചവടത്തിനുമുള്ള സാധനസാമഗ്രികള്‍ മുകൡലെത്തിക്കാനായി ഈ സംവിധാനം ഉപയോഗിക്കാനാവും. ഇതിന് ചെറിയ വാടകയും ഈടാക്കും. അതിലുപരി, അത്യാവശ്യഘട്ടങ്ങളില്‍ ജീവന്‍ രക്ഷാ ആംബുലന്‍സുകളായി റോപ്‌വേ ഉപയോഗിക്കാനാവുമെന്നതാണ് പ്രധാന സവിശേഷത. ഹെലിപാഡിന്റെ അറ്റകുറ്റപണികളും ഈ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കും. 

തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. തീര്‍ഥാടകര്‍ ഇക്കുറി കൂടുതലായി എത്തുമെന്നതിനാല്‍ അവര്‍ക്ക് വിരി വയ്ക്കുന്നതിന് കൂടുതല്‍ സ്ഥലസൗകര്യം ഒരുക്കും. സ്വീവേജ് സംവിധാനത്തിനും ശുചിമുറികളുടെ നിര്‍മാണത്തിനും പ്രാധാന്യം നല്‍കും. കഴിഞ്ഞതവണ സ്ഥാപിച്ച ബയോടോയ്‌ലറ്റുകള്‍ ഉടന്‍ നീക്കം ചെയ്യും. ഇതിന് പകരം ആയിരത്തോളം പുതിയ സ്ഥിരം ശുചിമുറികള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രളയത്തില്‍ അടിഞ്ഞ മണല്‍ ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. സന്നിധാനത്ത് തീര്‍ഥാടകര്‍ വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. പാതയുടെ ഇരുവശത്തും വലിയ പനകള്‍ നട്ടുപിടിപ്പിക്കുന്ന ശ്രീലങ്കന്‍ മാതൃകയാണ് പരിഗണനയില്‍. മൃഗങ്ങളുടെ കടന്നുകയറ്റം ഒഴിവാക്കാന്‍ കഴിയുമെന്ന് മാത്രമല്ല, പരിസ്ഥിതി സൗഹൃദവുമാണ് ഈ മാതൃക. 

ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബജറ്റില്‍ 739 കോടിരൂപയാണ് ശബരിമല വികസനത്തിന് വകയിരുത്തിയിട്ടുള്ളത്. കിഫ്ബി വഴി 11 പദ്ധതികളും നടപ്പാക്കുന്നുണ്ട്. ശബരിമലയ്ക്കുള്ള 141.75 കോടിയടക്കം പത്തനംതിട്ട ജില്ലയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1327.96 കോടിയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കുന്നത്. ഈ പദ്ധതികളുടെ ഏകോപനത്തിനായാണ് ചീഫ് സെക്രട്ടറി ചെയര്‍മാനായ പ്രത്യേക കമ്പനി പ്രവര്‍ത്തിക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ ഈ കമ്പനിയുടെ ഗവേണിംഗ് ബോഡി അംഗങ്ങളാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറാണ് ഇതിന്റെ കണ്‍വീനര്‍. ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കണ്‍വീനറുമായി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും ഇതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഇത്തവണ പാര്‍ക്കിംഗിനായി നിലയ്ക്കലിനു പുറമേ റാന്നിയിലും സൗകര്യമൊരുക്കും. കിഫ്ബി മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 9.69 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ശബരിമലയുടെ ഗേറ്റ്‌വേയായ ചെങ്ങന്നൂരിലും തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നിലയ്ക്കല്‍, എരുമേലി, പമ്പാവാലി ഇടത്താവളങ്ങളിലായി 73.08 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.പമ്പയില്‍ 10 ദശലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റും  വരുന്നുണ്ട്. ശബരിമല, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എരുമേലി തുടങ്ങിയ പ്രദേശങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നതിനുള്ള പുണ്യം പൂങ്കാവനം പദ്ധതി ഇക്കുറിയും തുടരും. ഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള വാട്ടര്‍ കിയോസ്‌കുകള്‍ ഇത്തവണയും വ്യാപകമായി സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിട്ടി നടപടി തുടങ്ങിക്കഴിഞ്ഞു. 

നിലയ്ക്കലിന്റെ വികസനത്തിനുള്ള പ്രധാന പദ്ധതിയുടെ ഭാഗമായി  ടാറ്റാ പ്രൊജക്ട് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ 3600 ച.മീറ്റര്‍ വിസ്തൃതിയുള്ള വിരിഷെഡ്, 500 പുതിയ ശുചിമുറികള്‍, കുടിവെള്ളക്ഷാമം അനുഭവപ്പെടാതിരിക്കാനായി അഞ്ചിടങ്ങളിലായി ആര്‍.ഒ. പ്ലാന്റുകള്‍ തുടങ്ങിയവ നിര്‍മിച്ചു. ഒരു ആര്‍.ഒ. പ്ലാന്റില്‍ മൂന്ന് മുതല്‍ ഏഴുവരെ ആര്‍.ഒ. യൂണിറ്റുകള്‍ ഉണ്ട്. 25 ലക്ഷം ലിറ്റര്‍ ജലം അധികമായി സംഭരിക്കുന്നതിനുള്ള ടാങ്കിന്റെ നിര്‍മാണവും നിലയ്ക്കലില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.  വാഹന പാര്‍ക്കിംഗിനായി നിലയ്ക്കലില്‍ കൂടുതല്‍ സ്ഥലം സജ്ജമാക്കും.                    (പിഎന്‍പി 1646/19)

 

date