Skip to main content

ശബരിമലയുമായി ബന്ധപ്പെട്ട് 2018-19 വര്‍ഷം സര്‍ക്കാര്‍ തുടങ്ങിവച്ച  പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍

 

ശബരിമല തീര്‍ഥാടകര്‍ക്കായി സംസ്ഥാനത്തെ 38 ക്ഷേത്രങ്ങളുടെ ഭാഗമായ ഭൂമിയില്‍ ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മിക്കും. എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാരം നടപ്പാക്കുന്ന പദ്ധതിക്ക് പുറമേയാണ് 38 ക്ഷേത്രങ്ങളിലെ ഇടത്താവള സമുച്ചയ നിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്.  തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ 17 ക്ഷേത്രങ്ങളിലും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ഏഴ് ക്ഷേത്രങ്ങളിലും, കൂടല്‍മാണിക്യം ദേവസ്വത്തിലെ ഒരു ക്ഷേത്രത്തിലും, ഗുരുവായൂര്‍ ദേവസ്വത്തിലെ രണ്ട് ക്ഷേത്രങ്ങളിലും മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ 11ക്ഷേത്രങ്ങളിലുമാണ് ശബരിമല ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മിക്കുക.

നിലയ്ക്കലില്‍ 35 കോടി രൂപയുടെ ഇടത്താവള സമുച്ചയമാണ് നിര്‍മിക്കുന്നത്. അമ്പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക്, ബയോഗ്യാസ് പ്ലാന്റ്, തടയണ, ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയടക്കമുള്ള ഇടത്താവള സമുച്ചയ നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

പമ്പയില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ്പ്ലാന്റിന് 45 കോടിക്കുള്ള കരാര്‍ കിഫ്ബിയുമായി ഒപ്പ് വെച്ചു. പമ്പയില്‍ അഞ്ച് എംഎല്‍ഡി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കുന്നതിന് 45 കോടി രൂപയും കിഫ്ബി നല്‍കും. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കും. നിലയ്ക്കലില്‍ ആധുനിക വാഹന പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപയും കിഫ്ബി നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് സജ്ജമാക്കും. 

പ്രളയത്തെ തുടര്‍ന്ന്  പമ്പയിലെ നടപ്പന്തലും ടോയ്‌ലറ്റ് കോംപ്ലക്‌സും അടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന്  ശബരിമല മണ്ഡല-മകര വിളക്ക് തീര്‍ഥാടന കാലത്തിന് മുമ്പായി നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി മാറ്റി. തീര്‍ഥാടകരുടെ എല്ലാ വാഹനങ്ങളും നിലയ്ക്കലില്‍ ഒരുക്കുന്ന പാര്‍ക്കിംഗ് മേഖലയില്‍ പാര്‍ക്ക്  ചെയ്ത ശേഷം കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകുന്ന വിധമാണ്  ബേസ് ക്യാമ്പ് ഒരുക്കിയത്. തീര്‍ഥാടകര്‍ക്ക്  വിരിവെച്ച് വിശ്രമിക്കുന്നതിന് വിപുലമായ സൗകര്യവും നിലയ്ക്കലില്‍ നല്‍കി. പോലീസുദ്യോഗസ്ഥര്‍ക്കും  കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യവും നിലയ്ക്കലില്‍ ഒരുക്കി. പ്രളയത്തെ തുടര്‍ന്ന്  പമ്പയിലും പമ്പയിലേക്കുള്ള റോഡുകളിലുമുണ്ടായ തകരാറുകള്‍ ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയെ നിയോഗിച്ച് യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിച്ചു. റോഡ് നിര്‍മാണത്തിനും നവീകരണത്തിനുമായി 200 കോടി രൂപ അനുവദിച്ചു. കൂടുതല്‍ കുടിവെള്ള        കിയോസ്‌കുകള്‍ ഇത്തവണ തുറന്നു. എരുമേലിയില്‍ ശുചിമുറികള്‍ കൂടുതലായി ഒരുക്കുന്നതിനും നടപടി സ്വീകരിച്ചു.  ശബരിമലയും പരിസരവും പൂര്‍ണമായി പ്ലാസ്റ്റിക് നിരോധിത മേഖലയാക്കുകയും ചെയ്തു.  

ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളിലെത്തുന്ന തീര്‍ഥാ ടകര്‍ക്ക്  കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. 

ശബരിമല മാസ്റ്റര്‍പ്ലാനില്‍ 141.75 കോടി രൂപയുടെ പ്രോജക്ടുകള്‍ക്ക് പണം അനുവദിക്കാന്‍ കിഫ്ബി തീരുമാനിച്ചു. പമ്പയില്‍ 10 എംഎല്‍ഡി സ്വീവേജ്ട്രീറ്റ്‌മെന്റ് പ്ലാന്റ്, നിലയ്ക്കലിലും റാന്നിയിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള ഭൗതിക സൗകര്യങ്ങള്‍, എരുമേലിയിലും പമ്പയിലും കീഴില്ലത്തും ഇടത്താവളം തുടങ്ങിയവാണ് ഈ ഘട്ടത്തില്‍ പണിപൂര്‍ത്തീകരിക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ്ഫണ്ട് എന്ന ട്രസ്റ്റിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. രണ്ടു വര്‍ഷത്തിനകം പമ്പയില്‍ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. 2016-17ലെ ബജറ്റിലാണ് ശബരിമലയ്ക്കായി ഈ മാസ്റ്റര്‍ പ്ലാന്‍ വിഭാവനം ചെയ്തത്. അടുത്ത 50 വര്‍ഷത്തെ ശബരിമലയുടെ വികസനം മുന്നില്‍ക്കണ്ടാണ് മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കിയിരിക്കുന്നത്. ശബരിമലയുടെ പാരിസ്ഥിതിക പ്രത്യേകതകള്‍ നിലനിര്‍ത്തി ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ സൃഷ്ടിക്കും. വാഹന, ഗതാഗത മാനേജ്‌മെന്റ്, ജലശുദ്ധീകരണം, ബേസ് ക്യാമ്പുകളുടെ വികസനം, ആരോഗ്യ സംവിധാനങ്ങളും ആശുപത്രി സൗകര്യവുമൊരുക്കല്‍, വാര്‍ത്താവിനിമയ സംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവയാണ് മാസ്റ്റര്‍ പ്ലാനിന്റെ ലക്ഷ്യം.

ഇതിനുപുറമെ ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 200 കോടി രൂപ അനുവദിച്ചിരുന്നു. മുന്‍ വര്‍ഷം 140 കോടി രൂപയായിരുന്നു റോഡുകള്‍ക്ക്  ചെലവഴിച്ചത്. മറ്റു നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും അനുവദിച്ചിരുന്നു. 

ശബരിമല ഇടത്താവള സമുച്ചയ നിര്‍മാണത്തിന് കിഫ്ബിയുമായി 2018 ഒക്‌ടോബര്‍ 26ന് കരാര്‍ ഒപ്പിട്ടു. കഴക്കൂട്ടം, എരുമേലി, ചെങ്ങന്നൂര്‍, ചിറങ്ങര, ശുകപുരം , മണിയന്‍കോ ട് എന്നീ ക്ഷേത്രങ്ങളിലാണ് ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. ഇടത്താവള സമുച്ചയ നിര്‍മാണത്തിന് 10 കോടി രൂപ വീതമാണ് കിഫ്ബി വഴി ലഭ്യമാക്കുന്നത്. വിശാലമായ അമിനിറ്റിസെന്റര്‍, അന്നദാനമണ്ഡപം, വിരിപന്തല്‍, ഓഡിറ്റോറിയം, ഓപ്പണ്‍ സ്റ്റേജ്, ആധുനിക  പാചകമുറി, ടോയിലറ്റ് സൗകര്യം തുടങ്ങിയവ ഇടത്താവള സമുച്ചയത്തിന്റെ ഭാഗമായി നിര്‍മി ക്കും. ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് കൗണ്ടര്‍, ഇന്റര്‍നെറ്റ് - വൈ ഫൈ സംവിധാനം, ലോക്കര്‍ സൗകര്യം, ഭക്തര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭിക്കുന്ന അമിനിറ്റി സ്റ്റോര്‍ എന്നിവയും ഇടത്താവളസമുച്ചയത്തിലുണ്ടാകും. ഈ ഇടത്താവള സമുച്ചയങ്ങളെല്ലാം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. കഴക്കൂട്ടം, മണിയന്‍കോട് ഇടത്താവള സമുച്ചയങ്ങളുടെ നിര്‍മാണം തുടങ്ങി.

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ഇടത്താവളങ്ങളിലെ സൗകര്യം ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് 4.5 കോടിരൂപ അനുവദിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 23 പഞ്ചായത്തുകള്‍ക്ക്  രണ്ട് കോടി രൂപയും, ആറ് മുനിസിപ്പാലിറ്റികള്‍ക്ക് ഒരു കോടി രൂപ വീതവുമാണ് അനുവദിച്ചിരുന്നത്. കൂടാതെ സ്പെഷ്യല്‍ ഗ്രാന്റായി 1.5 കോടിയും അനുവദിച്ചു. ശബരിമലക്ക് ചുറ്റുമുള്ള ആറ് ഗ്രാമപഞ്ചായത്തുകള്‍ക്കും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിക്കും സ്‌പെഷ്യല്‍ ഗ്രാന്റായി 1 കോടി 15 ലക്ഷം രൂപ ഫണ്ട് നല്‍കിയിരുന്നു. 

ഇടത്താവളങ്ങളില്‍ കുടിവെള്ള സൗകര്യം, ബാത്ത്റൂം സംവിധാനങ്ങള്‍, വിശ്രമിക്കാനുള്ള സൗകര്യവും, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനും, മെച്ചപ്പെടുത്താനും ഈ തുക ഉപയോഗിച്ചു.                  (പിഎന്‍പി 1647/19)

date