ജിഡ പദ്ധതി പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം ഗോശ്രീ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ പരിശോധിക്കും
ജിഡ പദ്ധതി പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
ഗോശ്രീ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ പരിശോധിക്കും
കാക്കനാട്: ഗോശ്രീ ഐലന്റ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി(ജിഡ)ക്കു കീഴില്‍ വരുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗോശ്രീ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ജിഡയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആറ് പദ്ധതികളുടെ അവലോകന യോഗമാണ് നടത്തിയത്. മൂലമ്പള്ളി- പിഴല പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണം. വലിയ കടമക്കുടി- ചാത്തനാട് പാലവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ച് അപ്രോച്ച് റോഡ് നിര്‍മാണവും പാലത്തിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി പാലം എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കണം. കോതാട്- ചേന്നൂര്‍ പാലത്തിന്റെ രൂപരേഖ തയ്യാറാക്കി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടത്തി പ്രവര്‍ത്തി ഉടന്‍ തുടങ്ങാനും നിര്‍ദ്ദേശിച്ചു. 5.5 കി.മീ. ദൈര്‍ഘ്യത്തില്‍ നടത്താന്‍ നിശ്ചയിച്ച മുളവുകാട് റോഡ് പ്രവര്‍ത്തി 2.5 കി.മീ. പൂര്‍ത്തീകരിച്ചു. 1.5 കി.മീ. റോഡിന്റെ നിര്‍മാണം പുരോഗമിക്കുകയുമാണ്. ശേഷിക്കുന്ന 1.5 കി.മീ. റോഡിനാവശ്യമായ സ്ഥലമെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കി റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഞാറയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണത്തിനുള്ള സാങ്കേതികാനുമതി ഉടന്‍ നേടണം. പൊതുമരാമത്ത് വകുപ്പ് നിര്‍മാണം ഏറ്റെടുത്ത ചെരിയംതുരുത്ത്- പിഴല റോഡ് നിര്‍മാണത്തിന്റെ എസ്റ്റിമേറ്റ് സമര്‍പ്പിച്ച് ഉടന്‍ നിര്‍മാണാനുമതിയും സാങ്കേതികാനുമതിയും നേടിയെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഗോശ്രീ പാലങ്ങളിലെ വൈദ്യുതവിളക്കുകളുടെ തകരാര്‍ ഉടന്‍ പരിഹരിക്കാനും നിര്‍ദ്ദേശിച്ചു.
രണ്ടാഴ്ചയിലൊരിക്കല്‍ പദ്ധതിപ്രദേശം നേരിട്ട് സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തുമെന്നും കളക്ടര്‍ പറഞ്ഞു. ജിഡ പ്രോജക്ട് ഡയറക്ടര്‍ എ.രാമചന്ദ്രന്‍, ടൗണ്‍ പ്ലാനര്‍ കെ.ആര്‍രാജീവ്, ഫിനാന്‍സ് ഓഫീസര്‍ ടെന്നിസണ്‍, അഡ്മിനിസ്‌ട്രേറ്റീവ് ലെയ്‌സണ്‍ ഓഫീസര്‍ ഫ്രാന്‍സിസ് മാളോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments