Skip to main content

കടലാക്രമണ പ്രതിരോധം: കയ്പമംഗലത്തിൽ  ജിയോബാഗിന് ടെണ്ടറായി

ജില്ലയിൽ കടലാക്രമണം രൂക്ഷമായ തീരമേഖലയിൽ അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ഫണ്ടിൽനിന്ന് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചുള്ള പ്രവൃത്തികളിൽ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികളായതായി അഡീഷനൽ ഇറിഗേഷൻ ഡിവിഷൻ ഓഫീസ് അറിയിച്ചു. പോളി പ്രൊപ്പലീൻ ബാഗുകളിൽ മണൽ നിറച്ചുള്ള ജിയോ ബാഗുകൾ ദുരിതബാധിത പ്രദേശത്ത് വിന്യസിക്കുന്ന 13 പ്രവൃത്തികളും മൂന്ന് പഞ്ചായത്തുകളിൽ കരിങ്കല്ല് പയോഗിച്ചുള്ള മൂന്ന് പ്രവൃത്തികളും അടക്കം ആകെ 2,84,5800 രൂപയുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചിട്ടുള്ളത്. ഇതിൽ കയ്പമംഗലം മണ്ഡലത്തിൽ ജിയോബാഗുകൾ വിന്യസിച്ച് കടൽക്ഷോഭം നേരിടുന്നതിനുള്ള 705 മീറ്ററിലെ 88.85 ലക്ഷത്തിന്റെ പ്രവൃത്തിക്കാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് ബുധനാഴ്ച ടെൻഡറായത്. 
കയ്പമംഗലം മണ്ഡലത്തിൽ എറിയാട് പഞ്ചായത്തിലെ 220 മീറ്റർ ദൂരത്തിൽ 27.70 ലക്ഷത്തിന്റെ പ്രവൃത്തി, 200 മീറ്ററിൽ 25.20 ലക്ഷം രൂപയുടെ പ്രവൃത്തി, 95 മീറ്റർ ദൂരം 12 ലക്ഷം രൂപയുടെ പ്രവൃത്തി, 70 മീറ്റർ ദൂരം 8.80 ലക്ഷം രൂപയുടെ പ്രവൃത്തി എന്നിവയും എടവിലങ്ങ് പഞ്ചായത്തിലെ 60 മീറ്ററിൽ 7.60 ലക്ഷം രൂപയുടെ പ്രവൃത്തി, മറ്റൊരു 60 മീറ്ററിൽ 7.55 ലക്ഷം രൂപയുടെ പ്രവൃത്തി എന്നിവയാണ് ടെണ്ടറായത്. 
മറ്റു പ്രവൃത്തികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കാനുണ്ട്. ജിയോ ബാഗ് ഉപയോഗിച്ചുള്ള മറ്റ് പ്രവൃത്തികൾ, എസ്റ്റിമേറ്റ് തുക എന്ന ക്രമത്തിൽ ചുവടെ: ഗുരുവായൂർ മണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തിൽ 549 മീറ്റർ, 69.99 ലക്ഷം രൂപ, നാട്ടിക മണ്ഡലത്തിലെ തളിക്കുളം പഞ്ചായത്ത് 387 മീറ്റർ, 48.64 ലക്ഷം രൂപ, മണലൂർ മണ്ഡലത്തിലെ വാടനപ്പള്ളി പഞ്ചായത്തിൽ 150 മീറ്റർ, 18.85 ലക്ഷ രൂപ. 
ഇതു കൂടാതെ കയ്പമംഗലം, ഗുരുവായൂർ മണ്ഡലങ്ങളിലായി 305 മീറ്ററിൽ 58.25 ലക്ഷം രൂപ വിനിയോഗിച്ച് കരിങ്കല്ല് ഉപയോഗിച്ച് കടൽഭിത്തി കെട്ടുന്ന പ്രവൃത്തിയുടെയും എസ്റ്റിമേറ്റ് അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. കയ്പമംഗലം എടവിലങ്ങ് പഞ്ചായത്തിൽ 10 മീറ്ററിൽ 1.90 ലക്ഷം രൂപയുടെ പ്രവൃത്തി, എറിയാട് പഞ്ചായത്തിൽ 235 മീറ്ററിൽ 45 ലക്ഷത്തിന്റെ പ്രവൃത്തി, ഗുരുവായൂർ കടപ്പുറം പഞ്ചായത്തിൽ 60 മീറ്ററിൽ 11.35 ലക്ഷം രൂപയുടെയും പ്രവൃത്തി എന്നിവയാണ് കരിങ്കൽഭിത്തി നിർമ്മിക്കുന്നത്.
 

date