Skip to main content

അഴീക്കോട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്  ജൂലൈ അവസാനവാരത്തിൽ തുറക്കും 

നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന പുരാതന മുസ്രിസ് തുറമുഖം പുനർനിർമ്മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കപ്പെട്ട അഴീക്കോട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഈ മാസം അവസാനവാരം തുറക്കും. മദ്ധ്യകേരളത്തിലെ ആദ്യത്തെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ നിർമ്മിക്കപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ ലാസ്‌കർ, സ്രാങ്ക്, എഞ്ചിൻ ഡ്രൈവർ എന്നീ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സുകളും ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ കീഴിൽ ആദ്യമായാണ് ഇത്തരത്തിൽ മറൈൻ കോഴ്‌സുകൾ വരുന്നത്. തുറമുഖവകുപ്പാണ് കോഴ്‌സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. തുറമുഖവകുപ്പിന്റെ രണ്ടരയേക്കർ സ്ഥലത്ത് 11 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഇൻസ്റ്റിറ്റ്യൂട്ട് 2015 ജൂലൈ 11 ന് നാണ് ഉദ്ഘാടനം ചെയ്തത്. നാല് പ്രധാന കോഴ്‌സുകളും സർട്ടിഫിക്കറ്റ് കോഴ്‌സുകളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് 2017-ൽ മാസത്തിലൊരു തവണ സ്രാങ്കുകൾക്കായുള്ള പരിശീലനം തുടങ്ങി. സാങ്കേതിക കാരണങ്ങൾ മൂലം പരിശീലനം നിന്നു. തുടർന്നാണ് സർക്കാർ വിഭാവനം ചെയ്യുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുറക്കണമെന്ന ആവശ്യമുയർന്നത്. ഇതിനെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു പ്രവർത്തിക്കാൻ തുറമുഖവകുപ്പ് തീരുമാനിക്കുന്നത്. ലോകത്തിലെ കപ്പൽ വ്യവസായ-ഗതാഗത മേഖലയിലെ വർദ്ധിച്ചുവരുന്ന തൊഴിലവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയും കേരളത്തിലെ തൊഴിലില്ലായ്മയക്ക് പരിഹാരമെന്ന നിലയിലും കപ്പൽ വ്യവസായ-ഗതാഗത ഭൂപടത്തിൽ കേരളത്തെ ഉയർത്തുക, ഉൾനാടൻ ജലഗതാഗതം പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു പ്രവർത്തനമാരംഭിക്കുക. പ്രവർത്തനത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റർ, സെക്കന്റ് ക്ലാസ് മാസ്റ്റർ, ഫസ്റ്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ, സെക്കന്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ എന്നീ കോഴ്‌സുകളും ആരംഭിക്കും. ആറ് ബ്ലോക്കുകളടങ്ങുന്ന കെട്ടിടസമുച്ചയത്തിൽ ഏഴ് ക്ലാസ് മുറികൾ, വർക്ക്‌ഷോപ്പ്, ഭരണവിഭാഗം ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക്, ചാർട്ട്‌റൂം ബ്ലോക്ക്, കംപ്യൂട്ടർ ബ്ലോക്ക്, ഹോസ്റ്റൽ, ടോയ്‌ലറ്റ് ബ്ലോക്ക്, സബ്‌സ്റ്റേഷൻ എന്നിവയാണുള്ളത്. 

date