Skip to main content

മികച്ച ഓൺലൈൻ സേവന അംഗീകാരവുമായി  എടത്തിരുത്തി വില്ലേജ്

സേവനങ്ങൾ ഓൺലൈൻ വഴിയാക്കി മികവിന് അംഗീകാരം നേടി എടത്തിരുത്തി വില്ലേജ്. ഇ-ഡിസ്ട്രിക്റ്റ്, ഇ-പേയ്‌മെന്റ് വഴി കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ ഏറ്റവും കൂടുതൽ സർട്ടിഫിക്കറ്റുകളും നികുതി രസീതികളും വിതരണം ചെയ്തതിനാണ് ഈ നേട്ടം. ജില്ലയിലെ താലൂക്കുകളിൽ ഏറ്റവും കൂടുതൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതിന്റെ കണക്കെടുത്തപ്പോഴാണ് ജില്ലാഭരണകൂടത്തിന്റെ അംഗീകാരം എടത്തുരുത്തി വില്ലേജിലെത്തിയത്. ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2012-ൽ കേരളസർക്കാർ ആരംഭിച്ച പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. ഇതുപ്രകാരം കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഈ പദ്ധതി പ്രകാരം ഓൺലൈൻ വഴിയാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. നികുതിസമ്പ്രദായം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വില്ലേജിൽ നടപ്പാക്കിയ ഇ-പേയ്‌മെന്റ് സംവിധാനവും ഫലപ്രദമായിരുന്നു. തുടക്കത്തിൽ ഭൂമിസംബന്ധമായ ചെറിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും അതിനെ മറികടന്ന് ജില്ലയിൽ ഏറ്റവും കൂടുതൽ നികുതി രസീതുകൾ ഇ-പേയ്‌മെന്റ് വഴി വിജയകരമായി നൽകാൻ സാധിച്ചതായി വില്ലേജ് ഓഫീസർ പി.എ.ഷക്കീർ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 6699 സർട്ടിഫിക്കറ്റുകളും 5039 നികുതി രശീതികളുമാണ് ഓൺലൈൻ വഴി നൽകിയത്. 4000 സർട്ടിഫിക്കറ്റുകൾ എഴുതിയും നൽകി. ഈ വർഷവും പരമാവധി സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി നൽകാനുള്ള ശ്രമത്തിലാണ് എടത്തിരുത്തി വില്ലേജ്. സമീപ വില്ലേജുകളെ അപേക്ഷിച്ച് വിസ്തൃതിയും ജന സംഖ്യയും കൂടുതലുള്ള എടത്തിരുത്തി പഞ്ചായത്തിൽ ചെന്ത്രാപ്പിന്നി, എടത്തിരുത്തി എന്നിങ്ങനെ രണ്ടു വില്ലേജുകളാണുള്ളത്. താരതമ്യേന സ്ഥലപരിമിതിയുള്ള വില്ലേജ് ഓഫീസിൽ ഓൺലൈൻ സേവനങ്ങൾ വന്നതോടെ നാളിതുവരെ ഉണ്ടായിരുന്ന ജനത്തിരക്കിന് അയവു വന്നിട്ടുണ്ട്.

date