കേരളം കുട്ടികൾക്ക് നൽകുന്ന കരുതൽ മാതൃകാപരം: കസാഖിസ്ഥാൻ പ്രതിനിധി സംഘം
കേരളം കുട്ടികൾക്ക് നൽകുന്ന കരുതലിലെ ജനകീയത മാതൃകാപരമാണെന്ന് കസാഖിസ്ഥാൻ ചൈൽഡ് റൈറ്റ്‌സ് പ്രൊട്ടക്ഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന ബാലാവകാശ കമ്മിഷനെക്കുറിച്ച് പഠിക്കാനായാണ് തിയിഷ്ടക് ഉക്കിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം എത്തിയത്.
കേരളത്തിലെ ചൈൽഡ് പ്രോട്ടക്ഷൻ കമ്മിറ്റികൾ ശക്തിപ്പെടുത്തുന്നതിന് ബാലാവകാശ കമ്മീഷൻ നടത്തുന്ന പ്രവർത്തനങ്ങളെ സംഘം അഭിനന്ദിച്ചു. ബാലാവകാശ കമ്മീഷന് സമാനമായ സംവിധാനം കസാഖിസ്ഥാനിൽ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പ്രവർത്തനങ്ങൾ ചെയർപേഴ്‌സൺ പി. സുരേഷ് വിശദീകരിച്ചു. കസാഖിസ്ഥാൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഗുൽനര ഷൂനുസോവ, തദ്ദേശസ്വയംഭരണ വകുപ്പ് മേധാവി മിർഷൻ ഇമാൻബയേവ്, സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് മുഖ്യ ഉപദേഷ്ടാവ് ഷോൽചൻ ഇസ്‌കോവ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ മേധാവി സ്‌വെറ്റ്‌ലാന സ്റ്ററാക്‌ഹോളിസ്, യുനിസെഫ് പ്രോഗ്രാം ഓഫീസർ ഉമിത് കഷ്ഗലിയേവ്, അന്തർദ്ദേശീയ ഉപദേഷ്ടാവ് ഏകത്രീന ഷലമോവ, ദ്വിഭാഷി വാലന്റീന ആന്റിപിന എന്നിവരാണ് സംഘത്തിലുള്ളത്.
ഇന്ത്യയിലെ യുനിസെഫ് പ്രതിനിധികളായ കമ്മ്യൂണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് സുഗത റോയി, ചെന്നൈ കൺസൾട്ടന്റ് അരുൺ ബേബി എന്നിവർ സംഘത്തെ അനുഗമിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, നസീർ ചാലിയം, ശ്രീല മേനോൻ, ഡോ. എം. പി. ആന്റണി, സി. ജെ. ആന്റണി, സിസ്റ്റർ ബിജി ജോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കമ്മീഷൻ സെക്രട്ടറി അനിത ദാമോദരൻ നന്ദി പറഞ്ഞു.
പി.എൻ.എക്സ്.2150/19
- Log in to post comments