അന്തേവാസികളുടെ മകനായി ജില്ലാ കളക്ടര്‍ തേവര വൃദ്ധസദനത്തില്‍
രാവിലെ ഒമ്പതു മണിയോടെ തേവര വൃദ്ധസദനത്തിലേയ്ക്ക് കടന്നുവന്ന അതിഥിയെക്കണ്ട് അന്തേവാസികള്‍ അമ്പരന്നു - ജില്ലാ കളക്ടര്‍ എസ്. സുഹാസായിരുന്നു മുന്നറിയിപ്പില്ലാതെ എത്തിയ ആ അതിഥി.
എറണാകുളത്തെ ഏക സര്‍ക്കാര്‍ വൃദ്ധസദനമായ ഇവിടെ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത 43 അന്തേവാസികളാണുള്ളത്. ഇതില്‍ 18 പുരുഷന്മാര്‍. പ്രഭാതഭക്ഷണസമയത്ത് കടന്നുവന്ന കളക്ടര്‍ അവര്‍ക്കൊപ്പം ചായ കുടിച്ചു. കയ്യില്‍ കരുതിയ മധുരം എല്ലാവര്‍ക്കും നല്‍കി. വലുതും ചെറുതുമായ എന്ത് ആവശ്യവും അറിയിക്കാന്‍ സമയം നല്‍കി ക്ഷമയോടെ കേട്ടിരുന്നു.
വൃദ്ധസദനത്തിലെ താമസവും പരിചരണവും സംബന്ധിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഓരോ ദിവസവും വിരസമായി അവസാനിക്കുന്നു എന്ന സങ്കടമായിരുന്നു പലര്‍ക്കും. കൈത്തുന്നലോ ചിത്രത്തുന്നലോ ഫാബ്രിക് പെയിന്റിങ്ങോപോലെ ഇരുന്നുചെയ്യാവുന്നതും എല്ലാവര്‍ക്കും താല്‍പര്യമുള്ളതുമായ എന്തെങ്കിലുമൊരു കൈവേല അഭ്യസിപ്പിക്കാന്‍ നടപടിയെടുക്കാന്‍ കളക്ടര്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. അതൊരു വരുമാനമാര്‍ഗ്ഗമായാല്‍ അന്തേവാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുമെന്ന് കളക്ടര്‍ക്ക് ഉറപ്പ്.
പരിശീലകനെ നിര്‍ത്തി യോഗയും വ്യായാമവും ദിവസവും നടത്താനും കളക്ടര്‍ നിര്‍ദേശിച്ചു. ഇവയിലേതും അന്തേവാസികള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. തുടര്‍ന്ന് പരമാവധി എല്ലാ ദിവസവും പരിശീലിക്കണമെന്ന് സ്‌നേഹപൂര്‍വ്വമുള്ള ഉപദേശം.
'ഫിസിയോ തെറാപ്പി ചെയ്യാന്‍ ഒരു പ്രത്യേക ഉപകരണമുണ്ടെന്നു കേട്ടു, അതെന്താന്നു വെച്ചാ ഒരെണ്ണം തന്നുവിടുമോ, എനിക്ക് കിട്ടിയില്ലെങ്കിലും അടുത്തയാള്‍ക്കെങ്കിലും ഉപകാരപ്പെടുമല്ലോ' എന്ന് ഒരു അമ്മ പറഞ്ഞു. 'എന്തുതന്നെയായാലും അതെത്തിക്കാന്‍ അത്രയും സമയമെടുക്കുമെന്ന് എന്തിനു സംശയിക്കണം, അമ്മയ്ക്കുതന്നെ ഉപകാരപ്പെടുന്ന രീതിയില്‍ ഉടനെ എത്തിക്കാമല്ലോ' എന്ന് സ്‌നേഹം നിറഞ്ഞ ഉറപ്പ് !
മുഴുവന്‍ സമയവും ഒരു ആയുര്‍വ്വേദ ഡോക്ടറുടെയും നേഴ്‌സിന്റെയും സേവനം ഉറപ്പുവരുത്താനും സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു. എല്ലാ ശനിയാഴ്ചയും അലോപ്പതി ഡോക്ടറുടെ സേവനവും ഉറപ്പാക്കണം. കട്ടില്‍, കിടക്ക, തലയിണ തുടങ്ങിയവയെല്ലാം സുഖപ്രദമാണെന്ന് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു. അല്ലാത്തവയുടെ എണ്ണം കളക്ടറെ അറിയിക്കാം.
നൂറ് അന്തേവാസികളെ ഉള്‍ക്കാനുള്ള കെട്ടിടസൗകര്യമുണ്ടെങ്കിലും അതിനനുസരിച്ച് ജീവനക്കാരില്ലെന്ന കുറവ് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടി.കെ.രാംദാസ് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പെടുത്തി. 50 പേരെ താമസിപ്പിക്കാനേ ഇപ്പോള്‍ നര്‍വ്വാഹമുള്ളൂ. സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി. സിസിടിവി സ്ഥാപിച്ചാല്‍ നല്ലതാണെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. അതും പരിഗണനയിലെടുത്തു.
പാട്ടുപാടാനോ നൃത്തംവെയ്യാനോ താല്‍പര്യമുള്ളവരുണ്ടെങ്കില്‍ വന്നു ചെയ്യൂ എന്നു കേള്‍ക്കേണ്ട താമസം, പലരും വന്ന് പരിപാടികള്‍ അവതരിപ്പിച്ചു. നാടന്‍പാട്ടിന്റെയും പഴയഗാനത്തിന്റെയുമെല്ലാം ഈണത്തിലലിഞ്ഞ് അദ്ദേഹമിരുന്നപ്പോള്‍ ജീവനക്കാര്‍ക്കും ആവേശം.
എല്ലാവരെയും അതിശയപ്പെടുത്തിക്കൊണ്ട് കളക്ടര്‍ ഒരു സര്‍പ്രൈസ് സമ്മാനവും പ്രഖ്യാപിച്ചു, ഒരു മാസത്തിനകം ഒരു മ്യൂസിക് സിസ്റ്റം. അതും സദനത്തിലെ രണ്ട് ബ്ലോക്കുകളിലെയും വരാന്തകളിലെല്ലാം ഒരേ സമയം കേള്‍ക്കുംവിധത്തില്‍. ഇടവേളകളില്‍ ഭക്തിഗാനമോ പഴയ പാട്ടുകളോ അങ്ങനെ ഇഷ്ടമുള്ളതെന്തും കേള്‍ക്കാന്‍..
അവര്‍ പറഞ്ഞതും പാടിയതുമെല്ലാം ജില്ലാ കളക്ടര്‍ക്കു മുമ്പിലാണെങ്കിലും കളക്ടര്‍ അതെല്ലാം കേട്ടതും കണ്ടതും മനസ്സിലാക്കിയതും വാക്കുനല്‍കിയതുമെല്ലാം ഓരോരുത്തരുടെയും മകനായിട്ടുതന്നെയായിരുന്നു..
- Log in to post comments