മുകുന്ദപുരം താലൂക്ക് വായനാപക്ഷാചാരണ സമാപനം ഏഴിന്
മുകുന്ദപുരം താലൂക്കിലെ വായനാപക്ഷാചാരണ പരിപാടികളുടെ സമാപനം ജൂലൈ ഏഴിന് രാവിലെ 10.30 ന് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. അരുണൻ മാസ്റ്റർ എംഎൽഎ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തും മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി അംഗീകൃത വായനശാലകൾക്കുള്ള ബാലസാഹിത്യ കോർണർ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായരും മൈക്ക് സെറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശും നിർവഹിക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ ഹരി ഐ.വി. ദാസ് അനുസ്മരണം നടത്തും. ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബ്ലോക്ക് പരിധിയിലെ 16 വായനശാലകൾക്ക് പുസ്തകങ്ങളും ആറ് വായനശാലകൾക്ക് മൈക്ക് സെറ്റും നൽകുന്നത്. വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് ആദരവും വായനാപക്ഷാചരണ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടക്കും.
- Log in to post comments