Skip to main content

ആതുരസേവനാലയം ചാലക്കുടി മോഡൽ 

പ്രളയം തകർത്തെറിഞ്ഞ ചാലക്കുടി ഇന്ന് തിരിച്ചറിയാനാവാത്തവിധം മാറിയിരിക്കുന്നു. ഈ മാറ്റം വളരെ പ്രകടമായി അറിയുക ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തുമ്പോളാണ്. ഇന്ത്യയിൽതന്നെ മികച്ച സേവനങ്ങൾ നൽകുന്ന സർക്കാർ ആശുപത്രികളിൽ ഒന്നാം സ്ഥാനം എൻ.ക്യൂ .എ.എസ് അക്രഡിറ്റഷൻ ലഭിച്ച ആശുപത്രി എന്ന ബഹുമതി ഇവിടേക്ക് ലഭിച്ചിട്ട് അധികകാലമായില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, സഹകരണസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, ഡോക്ടർമാർ, ആരോഗ്യമേഖലയിലെ വിവിധ സംഘടനകൾ എന്നിവരുടെ അകമഴിഞ്ഞ സഹായമാണ് ഈ ആശുപത്രിയുടെ ഇന്നുനാം കാണുന്ന പുരോഗതിക്കുപിന്നിൽ.

2018 ലെ പ്രളയത്തിൽ ചാലക്കുടി പുഴയോട് ചേർന്ന് കിടക്കുന്ന ആശുപത്രിയിൽ 10 അടിയോളം വെള്ളം കയറി. ആശുപത്രി ഫർമസിയിലേക്കും ഒ പി ബ്ലോക്കിലേക്കും സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലേക്കും വെള്ളം ഇരച്ചു കയറിയത് നിമിഷങ്ങൾക്കുള്ളിലായിരുന്നു. ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, മാമ്മോഗ്രാം യൂണിറ്റ് തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങൾ എല്ലാം താറുമാറായി. രോഗികളെ കൃത്യമായി മാറ്റി താമസിപ്പിക്കാൻ സാധിച്ചുവെങ്കിലും ഉപകരണങ്ങൾ എല്ലാം നാശമായി. 15.5 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയത്.

തകർച്ചയേക്കാൾ വേഗത്തിലുള്ള ഉയിർത്തെഴുനേൽപ്പിനാണ് പിന്നീട് ഈ ആശുപത്രി സാക്ഷ്യം വഹിച്ചത്. അടിയന്തര സഹായമായി സഹകരണ സ്ഥാപനങ്ങൾ നൽകിയ സഹായത്താൽ ഡയാലിസിസ്, മാമ്മോഗ്രാം ഫ്രീസറുകൾ, മൂന്ന് ഡെന്റൽ ചെയർ, എക്‌സ്‌റേ, കംപ്യൂട്ടറുകൾ, ഇഎൻടി ഉപകരണങ്ങൾ എന്നിവയെല്ലാം പൂർണമായി പുനഃസ്ഥാപിച്ചു. കേന്ദ്ര സഹായത്തോടെ കെട്ടിടങ്ങളും മറ്റുസൗകര്യങ്ങളും ഒരുക്കി. ഇനിയൊരു പ്രളയം വന്നാൽ നാശനഷ്ടങ്ങൾ വരാതിരിക്കാൻ വേണ്ട കരുതലോടെയാണ് ഇപ്പോൾ ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ. നിർമാണം പൂർത്തിയായ ഒ പി ബ്ലോക്ക്, സൂപ്രണ്ടിന്റെ ഓഫീസ്, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം എന്നിവയുടെ മുകളിൽ റാമ്പോടുകൂടി ഓരോ നിലകൾ കൂടി നിർമിക്കാനാണ് പദ്ധതി. ട്രോമ കെയർ യൂണിറ്റ്, മെഡിക്കൽ ഐസിയു, ആശുപത്രിയിലെത്തുന്ന ആദിവാസി ജനവിഭാഗങ്ങൾക്ക് കൂടാരം എന്നപേരിൽ വിശ്രമകേന്ദ്രം, സീവേജ് ട്രീറ്റ്‌മെൻറ് പ്ലാന്റ് എന്നിവയെല്ലാം ഇവിടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളാണ്. സംസ്ഥാന ലഹരി വർജക മിഷൻ 14 ജില്ലകളിലെ ജില്ലാശുപത്രികളിൽ ആരംഭിച്ച ഡി-അഡിക്ഷൻ കേന്ദ്രം ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് പ്രവർത്തിക്കുന്നത്.

സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന ആധുനിക സൗകര്യങ്ങൾക്ക് പുറമെ സേവന സന്നദ്ധരായ ഡോക്ടർമാരും ജീവനക്കാരുമാണ് ഈ ആശുപത്രിയുടെ വിജയത്തിന് പിന്നിൽ. മാലിന്യ നിർമാർജനം, രോഗികളോടുള്ള സമീപനം, ശുചിത്വം എന്നിവയാണ് ചാലക്കുടി താലൂക്ക് ആശുപത്രിയെ മുൻപന്തിയിൽ നിർത്തുന്നത്. സർക്കാർ സ്ഥാപനങ്ങൾക്കു പുറമെ ഡോക്ടർമാരും ഡോക്ടർമാരുടെ സംഘടനകളും നിരവധി സംഭാവനകൾ ഇവിടേയ്ക്ക് നൽകിയിട്ടുണ്ട്.

date