Skip to main content

ഗൃഹചൈതന്യം മൂന്നാംഘട്ടത്തിന് ജില്ലയില്‍ തുടക്കം

ഗ്രാമപഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. വീട്ടില്‍ ഒരു വേപ്പും കറിവേപ്പും എന്ന സന്ദേശത്തോടെ ഔഷധസസ്യ സമ്പത്ത് പരിപോക്ഷിക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ  മൂന്നാം ഘട്ടത്തില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചാത്തുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ജില്ലയില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പാക്കിയത്. തുടര്‍ന്ന് കല്‍പ്പറ്റ,പനമരം ബ്ലോക്കുകളിലും പദ്ധതി നടപ്പാക്കി. 

    തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തുകളിലെ നഴ്‌സറികളില്‍ ഉല്‍പാദിപ്പിക്കുന്ന ആര്യവേപ്പിന്റെയും കറിവേപ്പിന്റെയും തൈകള്‍ മുഴുവന്‍ വീടുകളിലും നട്ടുവളര്‍ത്തുകയും അതിലൂടെ പഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമങ്ങളാക്കി മാറ്റുകയുമാണ് ഗൃഹചൈതന്യം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൈകള്‍ ഉത്പാദിപ്പിക്കാനാവശ്യമായ ഗുണമേന്മയുളള വിത്തുകള്‍ സംസ്ഥാന ഔഷധബോര്‍ഡ് ലഭ്യമാക്കും.സസ്യങ്ങളുടെ തുടര്‍ പരിപാലനം തൊഴിലുറപ്പി ലൂടെയാണ് നടപ്പാക്കുക.പദ്ധതിക്കാവശ്യമായ തൈ ഉല്‍പാദനം, വിതരണം, പരിപാലനം  തുടങ്ങിയവയുടെ മേല്‍നോട്ടം വഹിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായ പഞ്ചായത്തുതല കമ്മറ്റിയും രൂപീകരിക്കും.        
ഗൃഹചൈതന്യം പദ്ധതിയുടെ ഭാഗമായി ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പശാല ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ഔഷധസസ്യ ബോര്‍ഡ് അംഗം ഡോ.എം.എം സനല്‍കുമാര്‍, കണ്‍സള്‍ട്ടന്റ് പി.കെ രാജന്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജി വിജയകുമാര്‍,ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.സോണിയ, ഹരിതകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം.ആര്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date