കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ കിടത്തിച്ചികിത്സ ഈ മാസം മുതൽ
കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ ജൂലൈ അവസാന വാരത്തോടെ കിടത്തിച്ചികിത്സ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി സ്പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അണുവിമുക്തമാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. അത് പൂർത്തിയായാലുടൻ ജൂലൈ അവസാന വാരത്തോടെ ആറു പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യം ലഭിക്കും. 2019 ഡിസംബറോടെ 20 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കും. നിർമാണം പുരോഗമിക്കുന്ന പുതിയ കെട്ടിടത്തിലേക്കാവശ്യമായ ജീവനക്കാരുടെ തിരഞ്ഞെടുപ്പ് 2020 ജൂണിൽ പൂർത്തിയാക്കുമെന്നും കളക്ടർ അറിയിച്ചു. 2020 ഡിസംബറോടെ പുതിയ കെട്ടിടവും പണി പൂർത്തീകരിച്ച് പ്രവർത്തനസജ്ജമാക്കും. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തന പുരോഗതി കളക്ടർ നേരിട്ട് പരിശോധിച്ചു. നിർമാണപുരോഗതി, കിടത്തിച്ചികിത്സക്കാവശ്യമായ സൗകര്യങ്ങൾ, രജിസ്റ്റർ ചെയ്യുന്ന രോഗികളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ആശുപത്രി അധികൃതരുമായി അദ്ദേഹം ചർച്ച ചെയ്തു. റിസർച്ച് സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ്, സൂപ്രണ്ട് ഡോ. പി.ജി.ബാലഗോപാൽ, ഫിനാൻസ് ഓഫീസർ എ.നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments