Skip to main content

വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ  ജില്ലാ മൃഗസംരക്ഷണ വകുപ്പ്

വിവിധ മൃഗസംരക്ഷണ ക്ഷേമപദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അംഗീകാരം നൽകിയതോടെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് 10 പദ്ധതികൾ നടപ്പാക്കുന്നു. വിദ്യാർത്ഥികൾക്ക് മുട്ടക്കോഴി വിതരണം, മൃഗപരിപാലന ക്ലബ് രൂപീകരിച്ച് ധനസഹായം നൽകൽ എന്നിവ ഉൾപ്പെടെയാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ഷീര കർഷകർക്ക് കറവയന്ത്രം വാങ്ങുന്നതിന് ധനസഹായം, താറാവ് നഴ്‌സറി തയ്യാറാക്കൽ, ആട് വളർത്തൽ സാറ്റലൈറ്റ് യൂണിറ്റ്, രാത്രികാല മൃഗ ചികിത്സാ സേവനം, കോഴിയും കൂടും പദ്ധതി, മാതൃകാ പഞ്ചായത്ത് പദ്ധതി, നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ ആട് വളർത്തൽ പദ്ധതി, വളക്കുഴി നിർമാണത്തിന് ധനസഹായം എന്നിവയാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മാതൃകാ പദ്ധതികൾ.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ തിരഞ്ഞെടുത്ത 50 വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും അഞ്ച് മുട്ടക്കോഴികളും ആദ്യത്തെ ആഴ്ചക്കു വേണ്ട തീറ്റയും മരുന്നും നൽകുന്ന പദ്ധതി ഈ മാസം ആരംഭിക്കും. അതത് പഞ്ചായത്തുകളുടെ സഹായത്തോടെയാണ് പ്രദേശത്തെ വെറ്ററിനറി ഓഫീസർ സ്‌കൂളുകളിൽ നിന്ന് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. 60 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് പദ്ധതി പ്രകാരം നൽകുന്നത്. കൂടാതെ സ്‌കൂൾ വിദ്യാർത്ഥികളിൽ മൃഗപരിപാലന ആഭിമുഖ്യം വളർത്തുന്നതിന് മൃഗപരിപാലന ക്ലബ്ലും രൂപീകരിക്കും. ജില്ലയിലെ മൂന്ന് സ്‌കൂളുകളാണ് ഇതിനായി തിരഞ്ഞെടുക്കക. ഇവയ്ക്ക് 51,000 രൂപ വീതം ധനസഹായം നൽകും. ഇതോടൊപ്പം 2018-19 വർഷത്തിൽ മൃഗപരിപാലന ക്ലബ് പദ്ധതി നടപ്പാക്കിയ മികച്ച സ്‌കൂളിന് 10,000 രൂപയുടെ കാഷ് അവാർഡും നൽകും.
പ്രളയത്തിൽ ആടുകളെ നഷ്ടപ്പെട്ട ക്ഷീര കർഷകർക്ക് 10 പെണ്ണാടുകളും ഒരു മുട്ടനാടും അടങ്ങുന്ന ആടു വളർത്തൽ യൂണിറ്റ് നിർമിക്കുന്നതിനായി 90 ശതമാനം സബ്‌സിഡി അനുവദിക്കും. ജില്ലയിൽ ഇത്തരത്തിൽ 120 യൂണിറ്റാണ് ഉള്ളത്. ഇവയ്ക്ക് ഓരോന്നിനും 59,400 രൂപ വീതം ധനസഹായം നൽകും. 
ക്ഷീരകർഷകർക്ക് കറവയന്ത്രം വാങ്ങുന്നതിന് 25000 രൂപ വീതം ധനസഹായം നൽകും. ജില്ലയിൽ 17 യൂണിറ്റുകളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കുറഞ്ഞത് അഞ്ച് പശുക്കളെയെങ്കിലും ശാസ്ത്രീയമായ രീതിയിൽ വളർത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ജില്ലയിൽ താറാവ് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന താറാവ് നഴ്‌സറി പദ്ധതി വെറ്ററിനറി ആശുപത്രികൾ മുഖേനയാണ് നടപ്പാക്കുക. 300 യൂണിറ്റുകളാണ് ഇതിനായുള്ളത്. ഒരു യൂണിറ്റിന് 1200 രൂപയാണ് ധനസഹായം അനുവദിക്കുക. 
ആട് വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ 100 കർഷകർക്ക് അഞ്ച് പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ആട് വളർത്തൽ സാറ്റലൈറ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 25,000 രൂപ വീതം ധനസഹായം നൽകും. ജില്ലയിലെ കോർപ്പറേഷൻ, നഗരസഭ പ്രദേശങ്ങളിൽ താത്പര്യമുള്ള 40 ഗുണഭോക്താക്കൾക്ക് അഞ്ച് കോഴിയും കൂടും നൽകുന്ന പദ്ധതി പ്രകാരം 5000 രൂപയും നൽകും. മാള, മതിലകം, തളിക്കുളം, ചൊവ്വന്നൂർ, പഴയന്നൂർ, കൊടകര, അന്തിക്കാട്, ചാലക്കുടി ബ്ലോക്കു പഞ്ചായത്തുകളിൽ രാത്രികാല മൃഗ ചികിത്സാസേവനം നൽകുന്ന പദ്ധതിയും ആരംഭിക്കും. ഇതിനായി ഡോക്ടർമാരെയും സഹായികളെയും നിയമിച്ചു. 
ശാസ്ത്രീയമായ രീതിയിൽ വളക്കുഴികൾ നിർമിക്കുന്നതിനും നിലവിലുള്ളത് പുതുക്കി പണിയുന്നതിനുമായി 12500 രൂപ വീതം ജില്ലയിൽ 140 യൂണിറ്റുകൾക്ക് നൽകും.
മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ മികവു പ്രകടിപ്പിക്കുന്ന ജില്ലയിലെ രണ്ടു പഞ്ചായത്തുകൾക്ക് രണ്ടു ലക്ഷം രൂപ നൽകുന്ന മാതൃക പഞ്ചായത്തു പദ്ധതിയും ഇതോടൊപ്പം നടപ്പാക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ എം കെ പ്രദീപ് കുമാർ അറിയിച്ചു.

date