Skip to main content
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സെക്രട്ടറിതല ഉദ്യോഗസ്ഥന്‍ അശോക് കുമാറിന്റെ(ഇടത്തുനിന്നും രണ്ടാമത്) നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റില്‍ ജലജാഗ്രതാ യോഗം.

ജലശക്തി അഭിയാന്‍: കേന്ദ്ര പ്രതിനിധി ജില്ലയിലെ  സ്ഥിതിഗതികള്‍ വിലയിരുത്തി

ഭൂഗര്‍ഭജല വിതാനം വളരെ കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കാസര്‍കോട് ജില്ലയുടെ നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്ര ജലശക്തി അഭിയാന്‍ പദ്ധതിയില്‍ ജില്ലയുടെ ചുമതലയുള്ള അശോക് കുമാര്‍ സിങ് വിലയിരുത്തി. കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രത്യേക യോഗത്തില്‍ വിവിധ വകുപ്പു മേധാവികളോടും ഉദ്യോഗസ്ഥരോടും അദ്ദേഹം സംവദിച്ചു. 

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ജലശക്തി അഭിയാനില്‍ സംസ്ഥാനത്ത് നിന്നും കാസര്‍കോട്, പാലക്കാട് ജില്ലകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജലവിനിമയം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രതിസന്ധികള്‍, പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിവിധ വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അശാസ്ത്രീയമായ ജലസേചന രീതികള്‍ ജലചൂഷണം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ശരാശരി ഭൂഗര്‍ഭ ജലഉപഭോഗം 51.27 ശതമാനമാണെന്നിരിക്കേ അനിയന്ത്രിതമായ കുഴല്‍ക്കിണറുകള്‍ കാരണം ജില്ലയിലിത് 79.64 ശതമാനമാണ്. 12 നദികളുള്ള ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല സാധ്യതകളുണ്ടെന്ന് ജലശക്തി അഭിയാന്റെ ജില്ലാ നോഡല്‍ ഓഫീസറായ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍ പറഞ്ഞു.  ജില്ല വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏകോപമനമില്ലായ്മ മൂലം പദ്ധതി ഫലപ്രദമാകുന്നില്ലെന്ന് സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി തമ്പാന്‍ പറഞ്ഞു. ജില്ലയിലെ വയലുകള്‍ അടക്കാ തോട്ടങ്ങളായി മാറുന്നത് സ്വാഭാവികമായ വാട്ടര്‍ റീചാര്‍ജിങ്ങിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഹരിത കേരളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മിഷന്‍ കോഡിനേറ്റര്‍ വിശദീകരിച്ചു. ലാറ്ററൈറ്റ് ഭൂമിയില്‍ മഴവെള്ളം ഇറക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ബാംബൂ ക്യാപിറ്റല്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുഴല്‍ കിണറുകളിലൂടെ വെള്ളം റീച്ചാര്‍ജ് ചെയ്യുന്നത് ഭൂഗര്‍ഭ ജലത്തെ മലിനമാക്കുമെന്ന് ജല അതോറിറ്റി പ്രതിനിധി പറഞ്ഞു. ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതിനായി പ്രകൃതിപരമായ രീതികള്‍ക്കൊപ്പം തന്നെ കൃത്രിമ രീതികളും അവലംഭിക്കണമെന്ന് ഭൂഗര്‍ഭ ജലവകുപ്പ് പ്രതിനിധി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തെ പ്രതിരോധിക്കാനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ ജില്ലയില്‍ നടപ്പിലാക്കിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

ജലനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിനിധി ഉദ്യോഗസ്ഥരില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ്.സത്യപ്രകാശ് , ജിയോളജിസ്റ്റുകളായ ദിവാകരന്‍ വിഷ്ണു മംഗലം, ബി ഷാബി, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. 

ജലസുരക്ഷയ്ക്ക് കൂട്ടായ ശ്രമം വേണമെന്ന് അശോക് കുമാര്‍ സിങ്

സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കാസര്‍കോട് ജില്ലയുടെ നില വളരെ പരിതാപകരമാണെന്നും ജലസുരക്ഷയ്ക്ക് കൂട്ടായ ശ്രമം വേണമെന്നും കേന്ദ്ര ജലശക്തി അഭിയാന്‍ പ്രതിനിധിയും പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായ അശോക് കുമാര്‍ സിങ് പറഞ്ഞു. ജില്ലയിലെ ജലവിനിയോഗ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങളും സ്ഥിതിഗതികളും വിലയിരുത്തുകയായിരുന്നു അദ്ദേഹം.  വ്യക്തിതലത്തില്‍ വെള്ളം ലഭിക്കാത്തതിന്റെ പ്രശ്‌നം വ്യക്തമായി അറിയാമെങ്കിലും ഒരു സമൂഹമെന്ന നിലയില്‍ ഈ പ്രശ്‌നത്തെ കൂട്ടായ പരിശ്രമങ്ങളിലൂടെ നേരിടാന്‍ പൊതുജനം മുന്നോട്ട് വരണം. ജനശക്തി കേന്ദ്രീകരിക്കുന്നതിലൂടെ ജലസുരക്ഷ നേടാന്‍ നമുക്ക് സാധിക്കും. അതിനായി പ്രായോഗികമായ ജലനയം രൂപപ്പെടുത്തേണ്ടതുണ്ട്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിഷയത്തില്‍ വളരെയേറെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് (6) അദ്ദേഹം കളക്ടറേറ്റില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ചര്‍ച്ച ചെയ്യും. ഇന്നും നാളെയുമായി അദ്ദേഹം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും.

 

date