നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം വാഴൂരില്‍ ആരംഭിക്കും
സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ഭയ പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ ഷെല്‍ട്ടര്‍ ഹോം വാഴൂരില്‍ ആരംഭിക്കും. കെട്ടിട നിര്‍മ്മാണത്തിനുള്ള സ്ഥലം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്. ബ്ലോക്ക് ഓഫീസിനോടു ചേര്‍ന്നുള്ള 15 സെന്‍റ് സ്ഥലം വനിതാ-ശിശു വികസന വകുപ്പിന് വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
ജൂലൈ മൂന്നാം വാരത്തോടെ കെട്ടിട നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന നിര്‍ഭയ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലവില്‍ ഷെല്‍ട്ടര്‍ ഹോം ഇല്ലാത്ത സാഹചര്യത്തില്‍ താല്‍ക്കാലിക കേന്ദ്രം തുടങ്ങുന്നതിന് ജില്ലയിലെ ഒരു സന്നദ്ധ സംഘടനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സംഘടന കണ്ടെത്തിയ കെട്ടിടം സുരക്ഷിതമല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ഒരുക്കുന്നതു സംബന്ധിച്ചും കമ്മിറ്റി ചര്‍ച്ച ചെയ്തു.
വനിതാ-ശിശു വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ താല്‍ക്കാലിക സെന്‍ററിന്‍റെ പ്രവര്‍ത്തനം മതിയായ സൗകര്യവും സുരക്ഷിതത്വവുമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ വൈസ് ചെയര്‍മാനുമായുള്ള കമ്മിറ്റി തീരുമാനിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ വനിതാ-ശിശു വികസന ഓഫീസറെ ചുമതലപ്പെടുത്തി.
നിര്‍ഭയ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തിലുള്ള ക്ലസ്റ്റര്‍ റിസോഴ്സ് സെന്‍ററുകളുടെയും ഗ്രാമ പഞ്ചായത്ത്-മുനിസിപ്പാലിറ്റി തലങ്ങളിലുള്ള ജാഗ്രതാ സമിതികളുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. ജനപ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പദ്ധതി സംബന്ധച്ച് ബോധവല്‍ക്കരണം നല്‍കും. തീരദേശ മേഖലകളിലും പട്ടികജാതി കോളനികളിലും അയല്‍ക്കൂട്ടങ്ങള്‍, കൗമാര ക്ലബ്ബുകള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവ മുഖേന വനിതാ ശാക്തീകരണ പരിപാടികള്‍ സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു.
- Log in to post comments