Skip to main content

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്  വികസന രൂപരേഖ പ്രകാശനം ചെയ്തു

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷത്തെ വിവിധ പദ്ധതികളുടെ വികസന റിപ്പോര്‍ട്ട് പ്രകാശനവും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. പിഎംഎവൈ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫണ്ട് വിതരണവും പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ഏഴു വീടുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. ചരിത്രപരമായ നിരവധി സവിശേഷതയുള്ള നാടാണ് പയ്യന്നൂരെന്നും വികസന കാര്യത്തിലും പയ്യന്നൂര്‍ മുന്നിട്ടു നില്‍ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് പദ്ധതി വിനിയോഗത്തില്‍ നൂറു ശതമാനം വിജയം കൈവരിക്കാനായത് വലിയ നേട്ടമാണ്. പയ്യന്നൂരില്‍ ഗാന്ധി സ്മൃതി മ്യൂസിയത്തിന് അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി. ദേശീയ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം സി സത്യപാലനെ ചടങ്ങില്‍ അനുമോദിച്ചു.
തരിശ് രഹിത ബ്ലോക്ക് പദ്ധതി, പച്ചക്കറി കൃഷി, നെല്‍കൃഷി തുടങ്ങിയവയുടെ കൂലിച്ചെലവിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് സബ്സിഡി, പാടശേഖര സമിതികള്‍ക്കും വനിതാ കര്‍ഷക സംഘങ്ങള്‍ക്കും സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും നല്‍കല്‍ തുടങ്ങിയ വിവിധ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയത്. ക്ഷീര കര്‍ഷകര്‍ക്ക് പാലിന് ഇന്‍സന്റീവ്, വനിതാ ഗ്രൂപ്പുകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതി, റോഡ് വികസനം തുടങ്ങിയ പദ്ധതികളും വിജയകരമായി നടപ്പിലാക്കി. വികസന റിപ്പോര്‍ട്ടിന്റെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയ എന്‍ നാരായണന്‍, മുഖചിത്രം തയ്യാറാക്കിയ ശ്രീകുമാര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ടി പി നൂറുദ്ധീന്‍, കരിവെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാഘവന്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഈശ്വരി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ജാനകി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ ജിഷ, എം ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് മുള്ളന്‍മട, സെക്രട്ടറി ടി രാഗേഷ്, ജോയിന്റ് ബിഡിഒ എം ഉല്ലാസന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
പി എന്‍ സി/2317/2019
 

date