സ്‌കൂളുകളില്‍ യോഗ ക്ലാസ് ആരംഭിക്കും: മന്ത്രി ഇ പി ജയരാജന്‍
എല്ലാ വിദ്യാലയങ്ങളിലും യോഗ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരികവും മാനസികവുമായ ഉന്മേഷം വര്‍ധിപ്പിച്ച് പഠന പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്കുള്ള ശ്രദ്ധ വളര്‍ത്തിയെടുക്കാന്‍ യോഗയിലൂടെ സാധിക്കുമെന്നും ഇതിനായി സ്‌കൂളുകളില്‍ ഒരുമണിക്കൂര്‍ യോഗ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യോഗ പരിശീലനത്തിനായി പുരുഷ, വനിത പരിശീലകരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠനവും സൗകര്യങ്ങളും സ്വകാര്യ സ്‌കൂളുകളെക്കാള്‍ മികച്ചതാണ്. അതിനാല്‍ സ്വകാര്യ സ്‌കൂളുകളില്‍ നിന്നും മാറി നിരവധി കുട്ടികള്‍ അടുത്തകാലത്തായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്നുണ്ട്. ഇത് ഏറെ അഭിമാനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും എല്‍എസ്എസ്, യുഎസ്എസ്, സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി നിര്‍വ്വഹിച്ചു. നിലവിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഇ പി ജയരാജന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പതിമൂന്ന് വര്‍ഷം തുടര്‍ച്ചയായി എസ് എസ് എല്‍ സി പരീക്ഷയില്‍ 100 % വിജയം നേടിയ വിദ്യാലയം കൂടിയാണിത്.
ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി എം രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല, കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ഷീല, മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രസീത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തലക്കാട് ഭാസ്‌കരന്‍, സന്ധ്യ ലക്ഷ്മി, മട്ടന്നൂര്‍ എ ഇ ഒ എ പി അംബിക, ഹെഡ് മാസ്റ്റര്‍ കെ എം സുനില്‍ കുമാര്‍, പി ടി എ പ്രസിഡന്റ് പി ബാബു, എ എം സി ചെയര്‍മാന്‍ പി അബ്ദുല്‍ റഷീദ്, പി ടി എ വൈസ് പ്രസിഡന്റ് പ്രമോദ് പൊന്നമ്പത്ത്, കെ എന്‍ ഗോപി മാസ്റ്റര്‍, ഒ ഗംഗാധരന്‍ മാസ്റ്റര്‍, ഷാജി കരിപ്പായി തുടങ്ങിയവര്‍ പങ്കെടുത്തു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റര്‍ എഞ്ചിനീയര്‍ കെ ദിലീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പി എന്‍ സി/2318/2019
- Log in to post comments