Skip to main content

ജൈവ വൈവിധ്യ രജിസ്റ്റര്‍ മന്ത്രി പ്രകാശനം ചെയ്തു

പ്രകൃതിയെ ചൂഷണം ചെയ്യുന്നതും മാലിന്യങ്ങള്‍ തള്ളുന്നതും ഉള്‍പ്പെടെയുള്ള മനുഷ്യന്റെ യുക്തിരഹിതമായ ഇടപെടലാണ് നമ്മുടെ ജൈവസമ്പത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. മട്ടന്നൂര്‍ നഗരസഭയുടെ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ അനേകായിരം ജീവികളുടെ ആവാസ വ്യവസ്ഥ കൂടിയാണ് നഷ്ടമാകുന്നത്. ഭൂമിയിലെ ജൈവവൈവിധ്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അതിന് നാശം സംഭവിക്കുമെന്ന് നാം മനസിലാക്കേണ്ടതുണ്ട്. മഴക്കാടുകളും കണ്ടല്‍ വനങ്ങളും ഇല്ലാതായികൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ വലിയ വനനാശമാണ് ഉണ്ടായിരിക്കുന്നത്. മാനവരാശിയുടെ മാത്രമല്ല ഭൂമിയുടെയും നിലനില്‍പ്പിന് ജൈവവൈവിധ്യ സംരക്ഷണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
നഗരസഭയുടെ പരിധിയിലുള്ള വനങ്ങള്‍, വന്യ ജീവികള്‍, കാവുകള്‍, മത്സ്യസമ്പത്തുകള്‍ തുടങ്ങി പ്രദേശത്തെ ഭൂമി ശാസ്ത്രപരവും ഭൗതിക പരവുമായ ജൈവ വൈവിധ്യത്തുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍കൊള്ളിച്ചാണ് രജിസ്റ്ററിന്റെ നിര്‍മ്മാണം. പ്രദേശത്ത് നേരത്തെ ഉണ്ടായിരുന്ന ജൈവസമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവില്‍ ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയാണ് രജിസ്റ്റര്‍ തയ്യാറാക്കിയത്.  ജൈവ സമ്പത്ത് ഉപയോഗിക്കുന്നതില്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് രജിസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു ചടങ്ങില്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, സ്ഥിരം സമതി അധ്യക്ഷന്മാര്‍ കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു
പി എന്‍ സി/2321/2019
 

date