Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ.ഐ ടി ഐ യും ഐ എം സി യും ഞായറാഴ്ചകളില്‍ നടത്തുന്ന ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സ്, ഓട്ടോ കാഡ് ത്രിഡിസ് മാക്‌സ്, ഫോട്ടോഷോപ്പ്, വി റേ, രവിറ്റ് ആര്‍കിടെക്ചര്‍, സ്‌കെച് എന്നീ കോഴ്‌സുകളിലേക്ക് ഐ ടി ഐ/ഡിപ്ലോമ/ ബി ടെക്ക് കഴിഞ്ഞവരില്‍ നിന്നും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 7025797776, 9447311257.
പി എന്‍ സി/2322/2019 

ലൈബ്രറി ഇന്റേണ്‍സ് നിയമനം
മങ്കട ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ലൈബ്രറിയിലേക്ക് താല്‍ക്കാലികമായി ലൈബ്രറി ഇന്റേണ്‍സിനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 10.30 ന് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ നടക്കും.  ബി എല്‍ ഐ എസ്/എം എല്‍ ഐ എസ് (റഗുലര്‍) ബിരുദധാരികള്‍ അസ്സല്‍ രേഖകളുമായി നേരിട്ട് ഹാജരാകുക. ഫോണ്‍. 04933 202135.
പി എന്‍ സി/2323/2019

റേഷന്‍ വിതരണതോത്
ജൂലൈ മാസത്തില്‍ ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ വിതരണതോത്.  എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി ഗ്രാം അരിയും അഞ്ച് കി ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും കി ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും.  മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട നാല് രൂപാ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് (എന്‍ പി എസ്) ഓരോ അംഗത്തിനും രണ്ട് കി ഗ്രാം അരി വീതം കി ഗ്രാമിന് നാല് രൂപ നിരക്കിലും,  ഓരോ കാര്‍ഡിനും മൂന്ന് കി ഗ്രാം (സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച്)ഫോര്‍ട്ടിഫൈഡ് ആട്ട കി ഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കും. നാല് രൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ബാക്കിയുളള മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (എന്‍ പി എന്‍ എസ്) കാര്‍ഡിന് 9 കി ഗ്രാം അരി കി ഗ്രാമിന് 10.90 രൂപ നിരക്കിലും, ഓരോ  കാര്‍ഡിനും മൂന്ന് കി ഗ്രാം ഫോര്‍ട്ടിഫൈഡ്  ആട്ട (സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച്) കി ഗ്രാമിന് 17 രൂപ നിരക്കിലും) ലഭിക്കും.  വൈദ്യുതീകരിച്ച വീടുളള്ളവര്‍ക്ക് ഓരോ കാര്‍ഡിനും അര  ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് ഓരോ കാര്‍ഡിനും നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലഭിക്കും
റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍ താലൂക്ക് സപ്ലൈ ഓഫീസ്് -0460 2203128 (തളിപ്പറമ്പ), 0490 2343714 (തലശ്ശേരി), 0497 2700091 (കണ്ണൂര്‍), 0490 2494930 (ഇരിട്ടി), ജില്ലാ സപ്ലൈ ഓഫീസ് 0497 2700552, ടോള്‍ഫ്രീ 1800-425-1550, 1947 എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2324/2019

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക് കോളേജിലേക്കുള്ള  2019-20 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റ് gptcmattanur.org ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 9 മണി മുതല്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഗവണ്‍മെന്റ് നിശ്ചയിച്ച ഫീസും മറ്റ് അനുബന്ധ ഫീസും ഉള്‍പ്പെടെ പ്രവേശനത്തിനും കൗണ്‍സലിംഗിനുമായി കോളേജില്‍ എത്തണം.  ഫോണ്‍: 0490 2471530.
പി എന്‍ സി/2325/2019

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന് അപേക്ഷിക്കണം
പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പി ഡബ്ല്യു ഡി ആക്ട് /റൂള്‍സ് പ്രകാരമുള്ള രജിസ്‌ട്രേഷന്‍ ലഭിക്കാതെ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനായി പി ഡബ്ല്യു ഡി റൂള്‍സ് പ്രകാരമുള്ള ഫോറം നമ്പര്‍ നാലില്‍ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ(എന്‍ ജി ഒ/എല്‍ എസ് ജി) മേലധികാരി രണ്ട് സെറ്റ് അപേക്ഷകള്‍ തയ്യാറാക്കി  വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
പി എന്‍ സി/2326/2019

മരം ലേലം
കണ്ണൂര്‍ താലൂക്ക് കണ്ണൂര്‍ ഒന്ന് വില്ലേജ്  ഓഫീസ് കോമ്പൗണ്ടില്‍ അപകടഭീഷണിയായി നില്‍ക്കുന്ന സ്പാത്തോഡിയ മരം ജൂലൈ 12 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍  താലൂക്ക് ഓഫീസിലും കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസിലും ലഭിക്കും.
കണ്ണൂര്‍ രണ്ട് അംശം മഹാത്മാ മന്ദിരത്തിന് സമീപം താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ പാലമരം, വട്ട എന്നിവയുടെ തടികള്‍ ജൂലൈ 18 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ രണ്ട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍  താലൂക്ക് ഓഫീസിലും കണ്ണൂര്‍ രണ്ട് വില്ലേജ് ഓഫീസിലും ലഭിക്കും.
പി എന്‍ സി/2327/2019

പുനര്‍ ലേലം
മലപ്പട്ടംപറമ്പ-കണിയാര്‍വയല്‍-പാവന്നൂര്‍മൊട്ട റോഡ് നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മുറിക്കേണ്ടി വരുന്ന മരങ്ങളുടെ പുനര്‍ലേലം ജൂലൈ 18 ന് രാവിലെ 11 മണിക്ക് ഇരിക്കൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ നടത്തും.  ഫോണ്‍: 0460 2208490.
പി എന്‍ സി/2328/2019

സഹകരണ ദിനം: സെമിനാര്‍ നടത്തി
അന്തര്‍ദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി ജില്ലാ സഹകരണ പരിശീലന കേന്ദ്രത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ ഐസിഎം ഡയറക്ടര്‍ എം വി ശശികുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സഹകരണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ കെ സത്യപാലന്‍ അധ്യക്ഷത വഹിച്ചു. സഹകരണ വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍ പി അശോകന്‍, പ്ലാനിംഗ് ഫോറം കണ്‍വീനര്‍ എ ദിനേശന്‍, എന്‍ ചന്ദ്രന്‍, ടി പി സുനില്‍കുമാര്‍, കെ സുരേശന്‍, പി രജിത, കെ പ്രീത, എം ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.
പി എന്‍ സി/2329/2019

ഭരണാനുമതി ലഭിച്ചു
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍   മണ്ഡലത്തിലെ മാച്ചേരി ഗുരുസ്ഥാനം റോഡില്‍ ഗുരുസ്ഥാനം വരെ ടാറിംഗ് നടത്തുന്നതിന് രണ്ട് ലക്ഷം രൂപയുടെയും വലിയന്നൂര്‍ വില്ലേജ് ഓഫീസിന് എതിര്‍വശം ട്രാന്‍സ്‌ഫോര്‍മര്‍ റോഡില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിന് ഒന്നര ലക്ഷം രൂപയുടെയും പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
കെ എം ഷാജി എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി വെസ്റ്റ് എല്‍ പി സ്‌കൂള്‍, വളപട്ടണം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അലവില്‍ ആറാംകോട്ടം മോഡല്‍ എല്‍ പി സ്‌കൂള്‍, കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്‌കൂള്‍, കിഫായത്തുല്‍ ഇസ്ലാം എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് ലാപ്‌ടോപ്, പ്രൊജക്ട്ര്‍, പ്രിന്റര്‍ എന്നിവ വാങ്ങിക്കുന്നതിന് 4.71 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി.
പി എന്‍ സി/2330/2019

ഫുള്‍ടൈം ലാസ്റ്റ് ഗ്രേഡ് സീനിയോറിറ്റി പട്ടിക
ജില്ലയിലെ വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന  ഫുള്‍ടൈം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് സമ്മതമാണെന്ന് അറിയിച്ച പാര്‍ട്ട് ടൈം ജീവനക്കാരെ  ഉള്‍പ്പെടുത്തി നിയമന ഉത്തരവ് തീയതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ജില്ലാതല പൊതു സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിച്ചു.  കലക്ടറേറ്റ് നോട്ടീസ് ബോര്‍ഡ്, കലക്ടറേറ്റിലെ എ സെക്ഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ കരട് ലിസ്റ്റ് പരിശോധനക്ക് ലഭിക്കും. ആക്ഷേപങ്ങളുള്ളവര്‍  വകുപ്പ് ജില്ലാ മേധാവി മുഖേന രേഖാമൂലം ജൂലൈ 20 ന് മുമ്പ് ജില്ലാ കലക്ടര്‍ക്ക് പരാതി സമര്‍പ്പിക്കേണ്ടതാണ്.
പി എന്‍ സി/2331/2019

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കൃഷ്ണമേനോന്‍ ഗവ.വനിത കോളേജില്‍ മലയാളം വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.  താല്‍പര്യമുള്ള കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 12 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2746175
പി എന്‍ സി/2332/2019

മന്ത്രി ടി പി രാമകൃഷ്ണന്‍  ജില്ലയില്‍
തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ജൂലൈ എട്ട് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ 11 മണി- കൈത്തറി ക്ഷേമനിധി ബോര്‍ഡ് അവലോകനം, ഉച്ചയ്ക്ക് രണ്ട് മണി- ബീഡി ക്ഷേമനിധി ബോര്‍ഡ് അവലോകനം, വൈകിട്ട് നാല് മണി- യോഗി ബീഡി- ഉടമ യോഗം.
പി എന്‍ സി/2333/2019

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജില്ലയില്‍
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജൂലൈ ഏഴ്, എട്ട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് രാവിലെ 10 മണി- ഹാന്റക്സ് ഷോറൂം ഉദ്ഘാടനം തെക്കീ ബസാര്‍, നാളെ രാവിലെ 10 മണി- കണ്ണൂര്‍ ഗവ ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, 10.30- കാട്ടാമ്പള്ളി ഗവ. യുപി സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം, 11 മണി- ജില്ലാ കലക്ടറുടെ ചേംബര്‍. 
പി എന്‍ സി/2334/2019

കെട്ടിട അനുമതി: അദാലത്ത് നടത്തുന്നു
കെട്ടിട നിര്‍മ്മാണാനുമതി/ കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് ജൂണ്‍ 31 വരെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ നല്‍കി ഇതുവരെ പെര്‍മിറ്റ്/കെട്ടിട നമ്പര്‍ ലഭിക്കാത്ത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ജൂലൈ മൂന്നാം വാരം കണ്ണൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടരുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തുന്നു.  അദാലത്തില്‍ അപേക്ഷ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ വെളളക്കടലാസില്‍ വിശദാംശങ്ങള്‍, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഗ്രാമപഞ്ചായത്തിന്റെ പേര്, പഞ്ചായത്തില്‍ നിന്നും നല്‍കിയ കത്തുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂലൈ 12 നകം കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലുളള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 
ഫോണ്‍: 0497-2700081.
പി എന്‍ സി/2335/2019

നിയമസഭാ സമിതി സിറ്റിംഗ് 11 ന്
സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിവിധ സംഭവങ്ങളെക്കുറിച്ച് പഠിക്കുന്നതിന് എസ് ശര്‍മ്മ എം എല്‍ എ ചെയര്‍മാനായി രൂപീകരിച്ച നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം ജൂലൈ 11 ന് രാവിലെ 11 മണിക്ക് കല്‍പറ്റ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷക സംഘടന നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവര്‍, സമരസംഘടന പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ആക്ടിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും.  സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും table@niyamasabha.nic.inലും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാവുന്നതാണ്.
പി എന്‍ സി/2336/2019

അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക്‌ഷെഡ് ഡെവലപ്‌മെന്റ് പ്രോഗ്രാമിലെ ഒന്ന്, രണ്ട്, അഞ്ച്, 10 പശു യൂണിറ്റുകള്‍ക്കും അഞ്ച്, 10 കിടാരി യൂണിറ്റുകള്‍ക്കും കാലിത്തൊഴുത്ത് നിര്‍മാണത്തിനും കറവയന്ത്രം വാങ്ങുന്നതിനുമുള്ള പദ്ധതികളിലേക്ക് താല്‍പര്യമുള്ള ക്ഷീര കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറവും പദ്ധതി സംബന്ധിച്ച വിശദ വിവരങ്ങളും ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കും.  ജൂലൈ 15 വരെ ക്ഷീരവികസന യൂണിറ്റുകളില്‍ അപേക്ഷ സ്വീകരിക്കും.  ഫോണ്‍: 0497 2707859.
പി എന്‍ സി/2337/2019
 

date