വായനാ പക്ഷാചരണത്തില്‍ ആദരം; മനസു തുറന്ന് റെസി
"മാഡം ബൈഠിയേ"ٹچچറെസി മാത്യുവിന്‍റെ ക്ഷണത്തിന് സബ് കളക്ടര്‍ ഈഷ പ്രിയയുടെ മറുപടി ഇതായിരുന്നു- "മലയാളം മനസിലാകും" തുടര്‍ന്ന് മലയാളവും ഹിന്ദിയും മാറി വന്നു. പഠനം മുടങ്ങിയിടത്തുനിന്നും വര്‍ഷങ്ങള്‍ക്കുശേഷം സാക്ഷരതാ മിഷന്‍റെ കൈപിടിച്ച് പഠിച്ചു ജയിച്ച് കോളേജിലെത്തിയതിന്‍റെ സന്തോഷവും സ്വന്തമായി കിടപ്പാടമില്ലാത്തതിന്‍റെ വിഷമവും റെസി പങ്കുവച്ചു.
വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി ആദരിക്കാന്‍ സബ് കളക്ടര്‍ ഏറ്റുമാനൂര്‍ പുന്നത്തുറയിലെ വീട്ടിലെത്തുമ്പോള്‍ പാലാ അല്‍ഫോന്‍സാ കോളേജിലെ ബി.എ. ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ 52 കാരി കോളേജ് യൂണിഫോമിലായിരുന്നു.
ഉപജീവനത്തിനായി നാടുവിട്ട് ജോലി ചെയ്ത കാലത്താണ് ഹിന്ദി പഠിച്ചതെന്ന് അവര്‍ പറഞ്ഞു. പ്രായത്തെയും ജീവിത പ്രാരാബ്ധങ്ങളെയും തോല്‍പ്പിച്ച് പഠനം നടത്തുന്നതില്‍ റെസിയെ അഭിനന്ദിച്ച സബ് കളക്ടര്‍ അവരുടെ ജീവിതം ഒരുപാടു പേര്‍ക്ക് പ്രചോദനമാകുമെന്ന് ചൂണ്ടിക്കാട്ടി.
വക്കീലാകാനാണ് അഗ്രഹമെങ്കിലും അത് സാധിക്കുമോ എന്ന് ഉറപ്പില്ലെന്ന് രണ്ടു മക്കളുടെ അമ്മയായ റെസി പറഞ്ഞു. ഏറെ പ്രതിസന്ധികളെ അതിജീവിച്ച റെസിക്ക് അതിനും കഴിയുമെന്ന് സബ് കളക്ടര്‍ ധൈര്യപ്പെടുത്തി. പൊന്നാടയണിയിച്ച് സമ്മാനമായി പുസ്തകങ്ങള്‍ കൈമാറി മടങ്ങുമ്പോള്‍ വീടു സ്വന്തമാക്കാനുള്ള പരിശ്രമത്തില്‍ കഴിയും വിധം സഹായിക്കാമെന്ന് ഈഷ പ്രിയ വാഗ്ദാനം ചെയ്തു.
പത്താം തരം കഴിഞ്ഞ് പഠനം നിര്‍ത്തിയ റെസി മധ്യപ്രദേശില്‍ ഒരു ഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു. 2016-17ലാണ് സാക്ഷരതാ മിഷന്‍റെ പ്ലസ് ടൂ തുല്യതാ പരീക്ഷ വിജയിച്ചത്. അടുത്ത വീടുകളില്‍ ജോലിക്കു പോയശേഷമാണ് കോളേജിലേക്കുള്ള യാത്ര. റഗുലര്‍ വിദ്യാര്‍ഥിയായതിനാല്‍ കോളേജ് അവധി ദിവസങ്ങളില്‍ മാത്രമേ മറ്റു ജോലികള്‍ക്ക് പോകാനാകൂ.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു കുമ്പിക്കല്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി രതീഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ആര്‍ ചന്ദ്രമോഹനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, അസിസ്റ്റന്‍റ് എഡിറ്റര്‍ കെ.ബി ശ്രീകല, സാക്ഷരതാ പ്രചാരക് ബെന്നി നരിക്കുഴി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
- Log in to post comments