Skip to main content

ക്യാമ്പ് സജ്ജമായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയെത്തി

ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ നേരിട്ടു വിലയിരുത്താന്‍ ഉന്നത വിദ്യാഭ്യാസ, ഹജ്ജ്, ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ ഹജ്ജ് ഹൗസില്‍ നേരിട്ടെത്തി. വൈകീട്ട് നാലരയോടെ ഹജ്ജ് ക്യാമ്പിലെത്തിയ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തി. തുടര്‍ന്ന് ഹജ്ജ് എക്സിക്യൂട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കലക്ടറുമായ ജാഫര്‍ മാലിക്കിനൊപ്പം ക്യാമ്പ് മുഴുവന്‍ നടന്നു കണ്ടു. ഹാജിമാര്‍ ക്യാമ്പില്‍ വരുന്നത് മുതല്‍ വിമാനത്താവളത്തിലേക്ക് പോവുന്നത് വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും വിലയിരുത്താനായി ഹജ്ജ് സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന മോക് ഡ്രില്‍ മന്ത്രി നോക്കി കണ്ടു സംതൃപ്തി രേഖപ്പെടുത്തി. ഹജ്ജ് ഹൗസിനോട് ചേര്‍ന്നു പുതുതായി നിര്‍മിക്കുന്ന വനിതാ ബ്ലോക്കിനുള്ള സ്ഥലവും മന്ത്രി സന്ദര്‍ശിച്ചു. ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടുന്ന ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഈ വര്‍ഷത്തെ ക്യാമ്പ് തീരുന്നതോടെ ആരംഭിക്കുമെന്നും അടുത്ത സീസണിനു മുമ്പായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി,  അംഗങ്ങളായ ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ് വി, പി.അബ്ദുറഹ്മാന്‍ എന്ന ഇണ്ണി, എം.എസ്.അനസ്, എച്ച്.മുസമ്മില്‍ ഹാജി, ഖാസിം കോയ പൊന്നാനി, എല്‍.സുലൈഖ, മുന്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അസിസ്റ്റന്റ് സെക്രട്ടറി ടി. കെ. അബ്ദുറഹിമാന്‍, സെല്‍ ഓഫീസര്‍ എസ്. നജീബ്, എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിശദീകരിച്ചു.

 

date