വനിതാ കമ്മീഷനില്‍ ജനങ്ങള്‍ക്ക് പൂര്‍ണവിശ്വാസം - ഡോ.ഷാഹിദാ കമാല്‍
വനിതാ കമ്മീഷനോടുള്ള ജനങ്ങളുടെ പൂര്‍ണ വിശ്വാസ്യതയാണ് കൂടുതല്‍ പരാതികള്‍ എത്താന്‍ കാരണമെന്ന് കമ്മീഷനംഗം ഡോ.ഷാഹിദ കമാല്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിയമസാക്ഷരതയിലും സ്ത്രീസാക്ഷരതയിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ സ്ത്രീകള്‍ നിര്‍ഭയരായി പരാതി നല്‍കാന്‍ തയാറാകുന്നതിനാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് രജിസ്റ്റര്‍ ചെയ്ത് പരിഹാരം കാണാന്‍ സാധിക്കുന്നതായും ഡോ.ഷാഹിദ കമാല്‍ പറഞ്ഞു.
ജില്ലയിലെ സ്വകാര്യ കോളജില്‍ അധ്യാപികയായി ജോലി ചെയ്തതിന് ശേഷം ഉപരിപഠനത്തിനായി ലീവെടുത്ത അധ്യാപികയ്ക്ക് 60000 രൂപ ശമ്പളകുടിശിക നല്‍കുന്നില്ലെന്ന പരാതിയുമായി കാരയ്ക്കല്‍ സ്വദേശിനിയായ അധ്യാപിക കമ്മീഷനെ സമീപിച്ചു. ജോലിക്ക് കൂലി നല്‍കാത്തത് തൊഴില്‍ നിയമത്തിന്റെ ലംഘനവും അവകാശ ലംഘനവുമാണെന്ന് കോളജ് അധികൃതരെ ബോധ്യപ്പെടുത്തി ആഗസ്റ്റ് 10നകം ശമ്പളകുടിശിക നല്‍കുന്നതിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
ഇരിങ്ങാലക്കുട സ്വദേശിയായ ഭര്‍ത്താവ് ചിറ്റാര്‍ സ്വദേശിനിയായ ഭാര്യയെയും കുഞ്ഞിനെയും ഭാര്യാഗൃഹത്തിലേക്ക് കൊണ്ടുപോകുന്നു എന്ന വ്യാജേന റാന്നിയില്‍ എത്തിയതിന് ശേഷം ഭാര്യയെ വഴിയില്‍ ഉപേക്ഷിക്കുകയും കുഞ്ഞുമായി സ്ഥലംവിട്ടതുമായ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. ഈ പരാതിയിന്മേല്‍ ഭര്‍തൃമാതാവിനൊപ്പം കഴിയുന്ന കുഞ്ഞിന് അമ്മയുടെ സംരക്ഷണവും ലാളനയും അവകാശമാണെന്ന് നിര്‍ദേശിച്ച് കുഞ്ഞിനെ ആഗസ്റ്റ് 13ന് ജില്ലയില്‍ നടക്കുന്ന അദാലത്തില്‍ കമ്മീഷന് മുമ്പില്‍ ഹാജരാക്കി മാതാവിന് നല്‍കുന്നതിനും നിര്‍ദേശിച്ചു.
സ്വത്തുക്കള്‍ ഒന്നും സ്വന്തമായി ഇല്ലാത്ത ഇളമണ്ണൂര്‍ സ്വദേശിനിയായ വയോധികയെ മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയിന്മേല്‍ അടൂര്‍ ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് തേടിയശേഷം പരിഹാരം കാണുന്നതിന് കമ്മീഷന്‍ തീരുമാനിച്ചു.
ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ മാനേജ്‌മെന്റിനെതിരെ പരാതി നല്‍കിയതിനാല്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും തുടര്‍ന്ന് തിരിച്ചെടുക്കണമെന്ന തൊഴില്‍ വകുപ്പിന്റെ നിര്‍ദേശം അവഗണിക്കുകയും ചെയ്‌തെന്ന പരാതിയിന്മേല്‍ വനിതാ ജീവനക്കാരിക്ക് നീതി നിഷേധിക്കുകയാണ് ഉണ്ടായതെന്ന് കണ്ടെത്തിയ കമ്മീഷന്‍ പ്രശ്‌നപരിഹാരത്തിനായി ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ട് തേടി.
ആകെ 90 പരാതികളാണ് കമ്മീഷന്‍ മുമ്പാകെ എത്തിയത്. ഇതില്‍ 23 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികള്‍ വിവിധ വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടിനായി അയച്ചു. രമ്യമായ പരിഹാരത്തിനായി ബാക്കി പരാതികള്‍ വീണ്ടും അടുത്ത അദാലത്തില്‍ പരിഗണിക്കും.
വനിതാ കമ്മീഷന്‍ ഇന്‍സ്‌പെക്ടര്‍ എം.സുരേഷ്‌കുമാര്‍, വനിതാ ഇന്‍സ്‌പെക്ടര്‍ എസ്.ഉദയമ്മ, ലീഗല്‍ പാനല്‍ ഉദേ്യാഗസ്ഥരായ അഡ്വ.സബീന, അഡ്വ.സീമ, അഡ്വ.സിനി, സിവില്‍ പോലീസ് ഓഫീസര്‍ എ.നസീറ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 1715/19)
- Log in to post comments