ഹരിതകേരളം: മാലിന്യസംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ സാങ്കേതിക വിഭാഗം സജ്ജരായി
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മാലിന്യസംസ്‌കരണ പദ്ധതികളായ മെറ്റീരില്‍ കളക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്), തുമ്പൂര്‍മൂഴി കമ്പോസ്റ്റിംഗ് സംവിധാനം തുടങ്ങിയവ നടപ്പാക്കാന്‍ സജ്ജരായി ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍. ഇത് സംബന്ധിച്ച് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള എഞ്ചിനീയര്‍മാര്‍ക്കുള്ള പരിശീലനം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട മണ്ണില്‍ റീജന്‍സി ഹാളില്‍ നടത്തി.
വിവിധ ഗാര്‍ഹിക മാലിന്യസംസ്‌കരണ രീതികള്‍, തുമ്പൂര്‍മൂഴി കമ്പോസ്റ്റിംഗ്, പൊതു ശൗചാലയം, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍, സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ എന്നിവയുടെ സാങ്കേതികത്വവും ധനസ്രോതസും സാങ്കേതിക വിഭാഗത്തിന് നല്‍കി കാര്യക്ഷമമായ പദ്ധതി നടപ്പാക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
എ.ഡി.എം അനു.എസ്. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ.വിനോദ് കുമാര്‍, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മധുകുമാര്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പി.എന്‍.മധുസൂദനന്‍, ടി.എം.ജോസഫ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ജെറിന്‍ ജെയിംസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ശുചിത്വം-മാലിന്യസംസ്‌കരണ പദ്ധതികളെക്കുറിച്ചും നിര്‍വഹണത്തേക്കുറിച്ചും റിട്ട:അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും കൊല്ലം ജില്ലാ ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റുമായ പി.സജീവന്‍ ക്ലാസ് നയിച്ചു. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലുമുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ഓവര്‍സീയര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കേരളപ്പിറവി ദിനത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 11 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ എയ്‌റോബിക് കമ്പോസ്റ്റിംഗ് യൂണിറ്റുകള്‍, മെറ്റീരില്‍ കളക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്), തുമ്പൂര്‍മൂഴി കമ്പോസ്റ്റിഗ് സംവിധാനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനങ്ങളും നടന്നിരുന്നു.
ഇത്തരത്തിലുള്ള മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 2018 ജനുവരിക്കകം സ്ഥാപിക്കാനാണ് ഹരിതകേരളം പദ്ധതിയിലൂടെ ജില്ലാ ശുചിത്വമിഷന്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള പദ്ധതികളുടെ നിര്‍വഹണത്തിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനം നല്‍കാനാണ് ജില്ലയിലെ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ഇതു സംബന്ധിച്ചുള്ള പരിശീലനം നല്‍കുന്നത്. (പിഎന്‍പി 2965/17)
- Log in to post comments