മീസില്‍സ്-റൂബെല്ലാ പ്രതിരോധ കുത്തിവയ്പ്പ് എല്ലാ കുട്ടികള്‍ക്കും നല്‍കാന്‍ ഊര്‍ജ്ജിത നടപടി
കൊല്ലം ജില്ലയില്‍ മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് എല്ലാ കുട്ടികള്‍ക്കും നല്‍കുന്നതിന് ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കാന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം തീരുമാനിച്ചു. ഇതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ഉദേ്യാഗസ്ഥരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ ഒന്‍പത് മാസം മുതല്‍ 15 വയസുവരെ ആകെ 555691 കുട്ടികള്‍ക്കാണ് കുത്തിവയ്പ്പ് നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതുവരെ 448174 കുട്ടികള്‍ക്ക് നല്‍കി. 81 ശതമാനം നേട്ടം കൈവരിച്ചതിന് കാമ്പയിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദേ്യാഗസ്ഥരെ കലക്ടര്‍ അഭിനന്ദിച്ചു.
ആറു വയസു മുതല്‍ 15 വയസുവരെയുള്ള 94460 കുട്ടികള്‍ക്കാണ് ഇനി സ്‌കൂളുകള്‍ വഴി പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ളത്. കുത്തിവയ്പ്പ് നല്‍കിയ കുട്ടികളുടെ എണ്ണം കുറവുള്ള സ്‌കൂളുകളില്‍ പി.ടി.എ യോഗം വിളിക്കും. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ആറു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ കുത്തിവയ്പ്പ് നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
(പി.ആര്‍.കെ.നമ്പര്‍ 2508/17)
- Log in to post comments