Skip to main content

കൊച്ചിന്‍ ഫ്‌ളവര്‍ ഷോ 29 മുതല്‍

കൊച്ചി: എറണാകുളം അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസെറ്റി സംഘടിപ്പിക്കുന്ന 36-ാമത് കൊച്ചിന്‍ ഫ്‌ളവര്‍ ഷോ - പുഷ്പഫല, സസ്യ പ്രദര്‍ശനം ഡിസംബര്‍ 29 മുതല്‍ ജനുവരി ഏഴു വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും.  പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ: കെ.വി.തോമസ് എം.പി, കൊച്ചി മേയര്‍ സൗമിനി ജയിന്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള തുടങ്ങിയവര്‍ പങ്കെടുക്കും.

അന്‍പതിനായിരത്തിലധികം പൂച്ചെടികളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്.  വലിയ പൂക്കള്‍ ഉണ്ടാകുന്ന റോസാച്ചെടികള്‍, തായ്‌ലന്‍ഡ് ഓര്‍ക്കിഡുകള്‍, അഥീനിയം, പോയിന്റ് സിറ്റിയ, പെറ്റിയൂണിയ, ഡാലിയ, ജെര്‍ബറ, സാല്‍വിയ, ജമന്തികള്‍ തുടങ്ങിയ അമ്പതോളം ഇനങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. ബോണ്‍സായി ചെടികള്‍, ഔഷധസസ്യങ്ങള്‍, നക്ഷത്രവൃക്ഷങ്ങള്‍ തുടങ്ങിയവയും സന്ദര്‍ശകരെ ആകര്‍ഷിക്കും. സുവര്‍ണജൂബിലി ആഘോഷിക്കുന്ന ജംഗിള്‍ ബുക്കിലെ കഥാപാത്രങ്ങളെ അണിനിരത്തിയുള്ള ഡ്രൈഫ്‌ളവര്‍ അലങ്കാരമാണ് മറ്റൊരിനം. 

പ്രാണിപിടിയന്‍ വര്‍ഗത്തില്‍ പെട്ട പിച്ചര്‍ പ്ലാന്റ് ഈ വര്‍ഷത്തെ പ്രത്യേകതകളിലൊന്നാണ്. ഇറക്കുമതി ചെയ്ത പോര്‍ട്ടിയാ, സാന്‍സിയ, കല്ലാലില്ലി തുടങ്ങിയ കട്ട്ഫ്‌ളവര്‍ ഇനങ്ങള്‍, സക്കുലന്റ് ചെടികളും വെള്ളാരംകല്ലുകളും ഉപയോഗിച്ചുള്ള ഡ്രൈഗാര്‍ഡന്‍ എന്നിവയും മനം കവരും. കൃഷിവകുപ്പിന്റെ അഗ്രി ക്ലിനിക്ക് എല്ലാ ദിവസവും പുഷ്‌പോത്സവ വേദിയില്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ പുന്തോട്ടം ഒരുക്കാനാഗ്രഹിക്കുന്നവര്‍ക്ക് വിദഗ്ധരുടെ മാര്‍ഗനിര്‍ദേശം ലഭിക്കും.

കൃഷി വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കയര്‍ ബോര്‍ഡ്, കൃഷി വിജ്ഞാനകേന്ദ്രം, നാളികേര വികസന ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, യൂണിയന്‍ ബാങ്ക്, സ്‌പൈസസ് ബോര്‍ഡ്, കേരഫെഡ്, ഇന്‍ഫോപാര്‍ക്ക്, എം.പി.ഇ.ഡി.എ, കപ്പല്‍ശാല തുടങ്ങിയ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി പൂന്തോട്ട, അടുക്കളത്തോട്ട മത്സരവും പുഷ്പമേളയുടെ ഭാഗമായി നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25 നഴ്‌സറികള്‍ പൂച്ചെടികളും ഫലവൃക്ഷത്തൈകളും വില്‍ക്കാനെത്തും.

ഉദ്ഘാടനദിവസം രാവിലെ ഒന്‍പത് മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കും. വൈകിട്ട് ഒമ്പതു വരെയാണ് സമയം. ഫ്‌ളവര്‍ഷോയില്‍ ആദ്യം പ്രവേശിക്കുന്ന പതിനായിരം പേര്‍ക്ക് ടിഷ്യൂ കള്‍ച്ചര്‍ വാഴത്തൈ സൗജന്യമായി നല്‍കും. ഫ്‌ളവര്‍ഷോയുടെ ഭാഗമായി ജനുവരി നാലിന് പുഷ്പ രാജകുമാരന്‍, രാജകുമാരി മത്സരം സംഘടിപ്പിക്കും. നാലു മുതല്‍ 11 വയസു വരെയുള്ള കുട്ടികള്‍ക്ക് വിവിധ പ്രായഗ്രൂപ്പുകളിലായാണ് മത്സരം. താല്‍പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി ഒന്നിനകം 04842362738, 9995829448 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date