Skip to main content

ആരോഗ്യ ജാഗ്രത:  വാര്‍ഡ്തല ആരോഗ്യസേനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തും

 

ആരോഗ്യ ജാഗ്രതാ സമഗ്രപകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ വാര്‍ഡ് തല ആരോഗ്യ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ആരോഗ്യസേനാ പ്രവര്‍ത്തകര്‍ക്കാവശ്യമായ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്നും എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യ ജാഗ്രത -2018 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
രോഗ പരിരക്ഷാ മരുന്നിന് പകരം മുന്‍കരുതലുകളെടുക്കാനുള്ള ബോധവത്ക്കരണം ജനമനസുകളിലേക്ക് എത്തിക്കണം. ജൈവപച്ചക്കറി നിര്‍മാണത്തിനും മാലിന്യസംസ്‌ക്കരണ പദ്ധതികള്‍ക്കും ഫലപ്രദമായ മാതൃകകള്‍ ജില്ലയില്‍ തന്നെയുണ്ട്. മലിനപ്പെടാത്ത ഭക്ഷണവും കൃത്യമായ മാലിന്യസംസ്‌ക്കരണവും പകര്‍ച്ചവ്യാധികളെ സൂഹത്തില്‍ നിന്ന് അകറ്റും. സീറോ വേസ്റ്റ് പദ്ധതിയടക്കമുള്ളവ കൃത്യമായി നടത്തിയാല്‍ ജില്ലയിലെ പകര്‍ച്ച വ്യാധികളെ തടയിടാം. 
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 875 കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്. അതില്‍ 341 കേന്ദ്രങ്ങളില്‍ വിഷമകരമായ സാഹചര്യത്തിലാണ് തൊഴിലാളികള്‍ താമസിക്കുന്നത്. ശുചിത്വമുള്ള താമസസ്ഥലം വളരെ പ്രധാനമാണ്. രാനാട്ടുകരയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പാര്‍പ്പിട സൗകര്യം ഒരുങ്ങുന്നുണ്ടെങ്കിലും അത് എല്ലാവര്‍ക്കും പര്യാപ്തമാകില്ല. 
വ്യക്തമായ രൂപരേഖയിലൂടെ മാത്രമേ പകര്‍ച്ച വ്യാധികള്‍ തടയാന്‍ കഴിയൂ. മാലിന്യപ്രശ്‌നവും കുടിവെള്ള മലിനീകരണവും തടയുകയും വിഷരഹിത ഭക്ഷണം ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ തടയാന്‍ കഴിയൂ. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കണം. ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെയും ഖരമാലിന്യം സംഭരിച്ച് മറ്റിടങ്ങളിലേക്കും സംസ്‌ക്കരിക്കരിക്കാന്‍ സംവിധാനമുണ്ടാകണം. കുടുംബശ്രീയുടെയും പ്രവര്‍ത്തനവും പദ്ധതിയിലുള്‍പ്പെടുത്തും. 
തോട്ടം മേഖലയില്‍ ടാപ്പിംഗ് കഴിയുന്ന മുറയ്ക്ക് ടാപ്പിംഗിനുപയോഗിക്കുന്ന കപ്പുകള്‍ കമഴ്ത്തി വെച്ചാല്‍ കൊതുകുകളെ പ്രതിരോധിക്കാം. ജില്ലയില്‍ ഇനിയും കക്കൂസും വൈദ്യുതിയും ഇല്ലാത്ത വീടുകളില്‍ അവ ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. 
ഡിസംബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കാതെ പോയ പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടി ജനുവരി മാസത്തെ പ്രവര്‍ത്തനത്തിലുള്‍പ്പെടുത്തി പൂര്‍ത്തീകരിക്കണം. അയല്‍ക്കൂട്ടം, കുടുംബശ്രീ, അംഗന്‍വാടി, സ്‌കൂളുകള്‍ എന്നിവ വഴി ആവശ്യമായ ബോധവത്ക്കരണം നടത്തണം. വീടുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. വാര്‍ഡ് തലത്തില്‍ ഇവയ്ക്ക് മേല്‍നോട്ടം നല്‍കണം. പദ്ധതി നടത്തിപ്പിനാവശ്യമായ നടപടികള്‍ ആവിഷ്‌ക്കരിക്കണമെന്നും മന്ത്രി പറഞ്ഞു. 
സീറോ വേസ്റ്റ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിനായി മിനി എം.ആര്‍.എഫുകള്‍ക്ക് ഇതുവരെ സ്ഥലം ലഭിക്കാത്ത 60 ഓളം പഞ്ചായത്തുകള്‍ ഇനിയും ഉണ്ട്. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ഉപയോഗശൂന്യമായി കിടക്കുന്ന 10 സെന്റ് സ്ഥലം വീതം ഓരോ മിനി എം.ആര്‍.എഫിനും ലഭ്യമാക്കുന്നതിനായി ദുരന്ത നിവാരണ ആക്ട് പുറപ്പെടുവിച്ച് സ്ഥലം ലഭ്യമാക്കുമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ വി.കെ.സി. മമ്മദ് കോയ, സി.കെ. നാണു, പുരുഷന്‍ കടലുണ്ടി, യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 

date