Skip to main content

കോഴിക്കോട്ട് രണ്ട് ന്യായവില വിപണികള്‍ തുറന്നു

വയനാട്ടിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങ്: കോഴിക്കോട്ട് രണ്ട് ന്യായവില വിപണികള്‍ തുറന്നു

 

 

 

 

പ്രളയത്തില്‍ തകര്‍ന്ന വയനാടിന്റെ കാര്‍ഷിക അന്തരീക്ഷം തിരിച്ചു പിടിക്കുന്നതിന് ജില്ലയിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണ്‍ അഭ്യര്‍ഥിച്ചു. വയനാട്ടിലെ പ്രളയബാധിത പ്രദേശത്തെ ഉത്പന്നങ്ങള്‍ സംഭരിച്ച് ന്യായവിലയില്‍ വിറ്റഴിക്കുന്നതിന് കോഴിക്കോട് സിവില്‍സ്റ്റേഷനിലും മുതലക്കുളം മൈതാനിയിലും ആരംഭിച്ച വിപണികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്പന്നത്തിന്റെ യഥാര്‍ഥ വിലയെക്കാള്‍ കൂടുതള്‍ നല്‍കി കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ കൃഷിവകുപ്പാണ് വയനാട്ടിലെ കാര്‍ഷിക ഉത്പന്നങ്ങളുടെ ന്യായവില വിപണികള്‍ തുറന്നത്. വയനാട്ടിലെ സംഭരണകേന്ദ്രങ്ങളില്‍ സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ മൂന്നു ദിവസങ്ങളിലായാണ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലും മുതലക്കുളം ഗ്രാണ്ടിലും ആരംഭിക്കുന്ന വില്‍പ്പന കേന്ദ്രത്തിലൂടെ വിറ്റഴിക്കുക. കാലവര്‍ഷം കാര്‍ഷികമേഖലയെ തകര്‍ത്തെറിഞ്ഞപ്പോള്‍ അതിജീവിച്ച കര്‍ഷകര്‍ക്ക് മികച്ച വിലയില്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് അവസരമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ കൃഷിവകുപ്പ്. പൂര്‍ണ്ണമായും സേവന അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ലാഭം മുഴുവന്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. ഗ്രാമീണ മേഖലയില്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വളരെ വിലകുറച്ചാണ് ഇടനിലക്കാര്‍ വാങ്ങി മൊത്ത വിപണികളില്‍ എത്തിക്കാറുള്ളത്. കര്‍ഷകര്‍ക്ക് വിളവെടുക്കുന്നതിനും ഗതാഗതത്തിനും ചെലവാകുന്ന തുകപോലും മിക്ക അവസരങ്ങളിലും ലഭിക്കാറില്ല. ഈ സാഹചര്യത്തില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനാണ് കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് വില്‍ക്കുന്നത്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ സാംബശിവറാവു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഓണത്തിനു മുമ്പ് - മന്ത്രി ടി പി രാമകൃഷ്ണന്‍

 

 

 

പ്രളയബാധിത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ ധനസഹായം ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തിലും ഉരുൾപൊട്ടലിലും ജില്ലയിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികൾ ഇന്ന് പൂർത്തിയാവും. ജില്ലയിൽ മരണപ്പെട്ട 17 പേരിൽ 13 പേരുടെ കുടുംബാംഗങ്ങൾക്ക് ആദ്യഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യും. മറ്റുള്ളവരുടേത് നടപടിക്രമങ്ങൾ പൂർത്തിയായശേഷം വിതരണം ചെയ്യും. അര്‍ഹരായവരുടെ പട്ടിക പരിശോധന പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ഏഴിനകം പണം വിതരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പതിനായിരം രൂപയുടെ ധനസഹായത്തിന് അര്‍ഹരായ 21,719 കുടുംബങ്ങളെയാണ് ജില്ലയില്‍ കണ്ടെത്തിയത്. കോഴിക്കോട് താലൂക്കില്‍ 16226, വടകരയില്‍ 2268, കൊയിലാണ്ടിയില്‍ 2289, താമരശ്ശേരിയില്‍ 966 എന്നിങ്ങനെയാണ് ധനസഹായത്തിന് അര്‍ഹരായവര്‍. വില്ലേജ് ഓഫീസറും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാന സെക്രട്ടറിയും പരിശോധിച്ച് ഉറപ്പാക്കിയ അര്‍ഹതാ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷമാകും സഹായ വിതരണം. അര്‍ഹരായ ആരും പട്ടികയില്‍ നിന്ന് വിട്ടു പോകാതിരിക്കാനും അനര്‍ഹര്‍ ഉള്‍പ്പെടാതിരിക്കാനും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. പ്രളയത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ഭാഗികമായി തകര്‍ന്നവര്‍ക്കും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ നഷ്ടപരിഹാരം ഉറപ്പാക്കും. ഇതിനുള്ള അന്തിമ പട്ടിക തയ്യാറായി വരികയാണ്. കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടം കണക്കാക്കി സര്‍ക്കാറിന് അതിവേഗം റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി ഓഫീസര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അതിന് തദ്ദേശസ്ഥാപനങ്ങള്‍ മേല്‍നോട്ടം വഹിക്കണമെന്നം മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, സബ് കലക്ടര്‍ വിഘ്‌നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

അഭിമുഖം

 

 

 

 

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു. പി. സ്‌ക്കൂള്‍ അസിസ്റ്റന്റ് (മലയാളം) (കാറ്റഗറി നമ്പര്‍ 386/2014) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഭിന്നശേഷി (Hearing Impairment) വിഭാഗത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം വഴി ഉള്‍പ്പെടുത്തിയ ഒരു ഉദ്യോഗാര്‍ത്ഥിക്കുള്ള അഭിമുഖം ആഗസ്റ്റ് 30-ന് തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥിക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല.

 

 

 

ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

 

 

 

കേരളസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019 -2020 ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ് . അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം , ഇന്റേണ്‍ഷിപ് , പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.പ്രിന്റ് ജേര്‍ണലിസം ,ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും .വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ നല്കണം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും .ക്ലാസ്സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (K.S.E.D.C.Ltd) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200/ രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 30 നകം സെന്ററില്‍ ലഭിക്കണം . വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്റ് ഫ്‌ലോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍ , വിമന്‍സ് കോളേജ് റോഡ് , വഴുതക്കാട്, തിരുവനന്തപുരം, 695014. വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക : 8137969292.

 

 

 

എംപ്ലോയബിലിറ്റി സെന്റര്‍ - രജിസ്‌ട്രേഷന്‍ ഡ്രൈവ്

 

 

 

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31രാവിലെ 10.30 ന് കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് 250 രൂപ ആജീവനാന്ത ഫീസടച്ച് രജിസ്‌ട്രേഷന്‍ നടത്താം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം അന്നേ ദിവസം കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370176

date