Skip to main content

സ്ഥിരം രജിസ്‌ട്രേഷന്‍ നേടണം

മോട്ടോര്‍ വാഹന വകുപ്പില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും കേന്ദ്രീക്യത വെബ്‌സൈറ്റായ വാഹന്‍ മുഖാന്തരം നടപ്പിലാക്കാനുളള നടപടിയുടെ ഭാഗമായി പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവില്‍ കൂടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടിയ എല്ലാ അപേക്ഷകരും ഇന്ന് (ആഗസ്റ്റ് 27) ന് മുന്‍പ് സ്ഥിരം രജിസ്‌ട്രേഷന്‍ നേടേണ്ടതാണന്ന് കൊടുവളളി ജോയന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അറിയിച്ചു. ഇതിന് ശേഷം സ്ഥിരം രജിസ്‌ട്രേഷന്‍ നേടാത്ത അപേക്ഷകള്‍ക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല.
പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവ് ഡേറ്റ വാഹനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി എല്ലാ സീരീസുകളിലെയും രജിസ്‌ട്രേഷന്‍ നമ്പര്‍ ഒന്ന് മുതല്‍ 500 വരെയുളള വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍വ്വീസുകളും ഓണ്‍ലൈന്‍ സേവനങ്ങളും ഇന്ന് (ആഗസ്റ്റ് 27) മുതല്‍ നിര്‍ത്തിവെക്കും. അതിനുശേഷം രജിസ്‌ട്രേഷന്‍ നമ്പര്‍ 01 മുതല്‍ 500 വരെയുളള എല്ലാ സീരിസിലെയും വാഹനങ്ങള്‍ക്ക് പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവ് വഴി യാതൊരുവിധ സേവനങ്ങളും നല്‍കുന്നതല്ല.
എല്ലാ സീരീസിലേയും രജിസ്‌ട്രേഷന്‍ നമ്പര്‍ 01 മുതല്‍ 500 വരെയുളള വാഹനങ്ങളുടെ എല്ലാ വിധ സര്‍വ്വീസുകളും സെപ്തംബര്‍ ഏഴ് മുതല്‍ പുതിയ സംവിധാനമായ പരിവാഹന്‍ പോര്‍ട്ടിലൂടെ പുനരാരംഭിക്കുമെന്നും കൊടുവളളി ജോയന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

യു. പി. സ്‌ക്കൂള്‍ അസിസ്റ്റന്റ് : അഭിമുഖം ആഗസ്റ്റ് 30 ന്

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 227/2016) തസ്തികയുടെ അഭിമുഖം (ആദ്യ ഘട്ടം) സെപ്തംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തുന്നതാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥിക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല.

ഇസിഎച്ച്എസ് : സേവന വിവരങ്ങള്‍ സമര്‍പ്പിക്കണം

ഇന്ത്യന്‍ പ്രതിരോധ സേനയില്‍ ജോലി ചെയ്യുകയും റിസര്‍വിസ്റ്റി വിഭാഗത്തില്‍ ഉള്‍പ്പെട്ട സേനയില്‍ നിന്ന് വിടുതല്‍ നല്‍കുകയും എക്‌സിഗ്രേഷ്യ പേയ്‌മെന്റ് എന്ന ആനുകൂല്യം കൈപ്പറ്റുകയും ചെയ്ത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇസിഎച്ച്എസ് ആനൂകൂല്യം നല്‍കുന്നതിന് വിവര ശേഖരണം നടത്തുന്നു, മേല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ സേവന വിവരങ്ങള്‍ സെപ്തംബര്‍ ഏഴിന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2771881.

വെങ്ങളം മുതല്‍ തൊണ്ടയാട് വരെ വേഗപരിധി 35 കിലോമീറ്ററാക്കി പരിമിതപ്പെടുത്തി

വെങ്ങളം മുതല്‍ തൊണ്ടയാട് വരെയുള്ള ഹൈവേയില്‍ പരമാവധി വേഗത ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ മണിക്കൂറില്‍ 35 കിലോമീറ്ററാക്കി പരിമിതപ്പെടുത്തിയതായി ഹൈവേ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് പാതയില്‍ കുഴികള്‍ ഉണ്ടായതും പ്രതലത്തില്‍ ടാറിംഗ് ഇളകിയതിനെ തുടര്‍ന്നും അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിയത്.

പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് വായ്പാ പദ്ധതി

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനു നടപ്പിലാക്കുന്ന വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. 3 ലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. 5 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ 7 ശതമാനം പലിശ നിരക്കിലും, 10 ലക്ഷം രൂപയ്ക്ക് മുകളില്‍ 8 ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും. തിരിച്ചടവ് കാലയളവ് 84 മാസം. അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.ടെക്, ബി.എച്ച്.എം.എസ്., ബിആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി. അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്‌നോളജി, ബി.സി.എ., എല്‍.എല്‍.ബി., ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി) വിജയകരമായി പൂര്‍ത്തീകരിച്ചവരായിരിക്കണം. പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല.
പദ്ധതി പ്രകാരം മഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്‌ളിനിക്ക്, വെറ്റിനറി ക്‌ളിനിക്ക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യു കള്‍ച്ചര്‍ ഫാം, വീഡിയോ പ്രോഡക്ഷന്‍ യൂണിറ്റ് എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പാ തുകയുടെ 20 ശതമാനം (പരമാവധി 2 ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വയ്ക്കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടി
വരുന്നത്.
പദ്ധതി പ്രയോജനപ്പെടുത്തി സ്റ്റാര്‍ട്ട്അപ്പ് സംരംഭം ആരംഭിക്കുന്നതിന് തത്പരരായ പ്രൊഫഷണലുകള്‍ www.ksbcdc.com എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് വഴി സെപ്തംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന പ്രൊഫഷണലുകളെ സെപ്തംബര്‍ 30 നകം കോര്‍പ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസില്‍ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖം സംഘടിപ്പിക്കുന്ന തീയതി എസ്.എം.എസ്/ ഇ-മെയില്‍ മുഖാന്തിരം അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksbcdc.com എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date