Skip to main content

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ സഹകരണം ആവശ്യം;

ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ പൊതുവായ സഹകരണം ആവശ്യം; ഭക്ഷ്യ കമിഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍കുമാര്‍

 

 

 

 

 

ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് പൊതുവായ സഹകരണം ആവശ്യമാണെന്ന് ഭക്ഷ്യ കമമിഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ജില്ലാതല ബോധവത്കരണ പരിപാടിയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥ സംവിധാനത്തെയും ഒപ്പം ചേര്‍ത്ത്, മികച്ച രീതിയിലുള്ള ആശയവിനിമയം നടത്തി മുന്നോട്ട് പോകാനാണ് കമിഷന്‍ ശ്രമിക്കുന്നത്. കൂടുതല്‍ ജനോപകാരപ്രദമായ രീതിയില്‍ പദ്ധതി നടപ്പാക്കാന്‍ എല്ലാ വകുപ്പുകളില്‍ നിന്നും തുറന്ന സഹകരണമാണ് കമിഷന്‍ പ്രതീക്ഷിക്കുന്നത്. സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസ, സാമൂഹ്യ നീതി തുടങ്ങിയ വകുപ്പുകള്‍ വഴി പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് കമിഷന്റെ പ്രധാന ദൗത്യം. ഇതിന്റെ ഭാഗമായി പാലക്കാട്, വയനാട് ജില്ലകളിലെ ആദിവാസി മേഖലകളിലെ ഊരുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മറ്റ് ജില്ലകളിലെ കൂടി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വ്യക്തമായ രൂപരേഖയുണ്ടാക്കി ഇടപെടാനാണ് കമിഷന്‍ ലക്ഷ്യമിടുന്നത്. കുറ്റങ്ങള്‍ കണ്ടുപിടിച്ച് ശിക്ഷിക്കാനുള്ള കമിഷനായല്ല മറിച്ച് നിലവിലെ സാഹചര്യം മെച്ചപ്പെടുത്താനാവശ്യമായ ഇടപെടലുകള്‍ നടത്താനാണ് കമിഷന്‍ ആഗ്രഹിക്കുന്നതെന്നും കെ വി മോഹന്‍കുമാര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷ കമിഷന്റെ ജില്ലയിലെ ബോധവത്ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് നടന്ന പരിപാടിയില്‍ ജില്ലയിലെ റേഷന്‍ സംവിധാനം, സ്‌കൂളുകളിലെ ഉച്ചഭക്ഷണം, അങ്കണവാടികളിലെ വിവിധ പ്രശ്നങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്തു. റേഷന്‍കടക്കാരുടെ പ്രശ്നങ്ങള്‍ എഴുതി നല്‍കിയാല്‍ കമിഷന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ പരിശോധിക്കാമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷ നിയമത്തെ കുറിച്ച് വലിയ തോതിലുള്ള ബോധവല്‍ക്കരണം ആവശ്യമാണെന്ന് ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ആവശ്യപ്പെട്ടു. രണ്ടു മാസത്തിനുള്ളില്‍ വിവിധ മേഖലകളിലെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങള്‍ സംഘടിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. സിവില്‍ കോടതിയുടെ അധികാരമുള്ള കമിഷനാണ് സംസ്ഥാന ഭക്ഷ്യ കമിഷന്‍. ചെയര്‍മാന്‍, മെമ്പര്‍ സെക്രട്ടറി അടക്കം 7 പേരടങ്ങുന്നതാണ് കമിഷന്‍. തങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കാനുള്ള അധികാരവും കമിഷനുണ്ട്. 2103-ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമവും ചട്ടങ്ങളും സംബന്ധിച്ച് ഭക്ഷ്യ കമിഷന്‍ അംഗം അഡ്വ. ബി രാജേന്ദ്രന്‍ വിശദീകരിച്ചു. ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള പരാതി പരിഹാര സംവിധാനത്തെ കുറിച്ച് ജില്ലാ ഗ്രീവന്‍സ് റിഡ്രസല്‍ ഓഫീസറായ എഡിഎം റോഷ്നി നാരായണനും ജില്ലയിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിലെ നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍ മോഹന്‍ദാസും സംസാരിച്ചു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും നല്‍കി വരുന്ന വിവിധ പോഷകാഹാര പദ്ധതികളെ കുറിച്ച് വനിതാ-ശിശു വികസന വകുപ്പിലെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി ഹഫ്സത്തും ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയതിന് ശേഷമുള്ള റേഷന്‍ സംവിധാനത്തെ കുറിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടിയും വിശദീകരിച്ചു. ഭക്ഷ്യ കമിഷന്‍ അംഗങ്ങളായ എം വിജയലക്ഷ്മി, പി വസന്തം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഉപഭോക്തൃ ഫോറം പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ വി വി സുനില സ്വാഗതവും കമിഷന്‍ അംഗം കെ ദിലിപ്കുമാര്‍ നന്ദിയും പറഞ്ഞു.

date