Skip to main content

ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 21985 കിറ്റുകള്‍

 

 

 

റിപ്പബ്ലിക് ദിനാഘോഷ പ്രസംഗ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

 

 

റിപ്പബ്ലിക്ദിനാഘോഷങ്ങളോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്ര ബ്ലോക്ക് തലം മുതല്‍ ദേശീയതലം വരെ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ''രാജ്യസ്‌നേഹവും രാഷ്ട്ര നിര്‍മ്മാണവും'' എന്ന വിഷയത്തെ ആസ്പദമാക്കി ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പത്തുമിനിറ്റാണ് മത്സരം. 2019 ഏപ്രില്‍ ഒന്നിനകം 18 വയസ്സിനും 29 വയസ്സിനും ഇടയില്‍ പ്രായപരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 2000, 1000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുത്തവര്‍ മത്സരിക്കാന്‍ അര്‍ഹരല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. dyc.kozhikode@gmail.com 04952371891.

 

 

 

ബയോഗ്യാസ് പ്ലാന്റുകള്‍ : കൃഷിഭവനുമായി ബന്ധപ്പെടണം

 

 

 

 

2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ കൃഷി വകുപ്പ് മുഖേന 210 ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. താല്‍പര്യമുളള സ്ഥാപനങ്ങള്‍/വ്യക്തികള്‍ അതാത് കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

 

 

 

 

ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 21985 കിറ്റുകള്‍

 

 

 

പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ 21985 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും ഉള്‍പ്പെടെയുള്ള കിറ്റുകള്‍ വിതരണം ചെയ്തു. 20148 ഭക്ഷണ കിറ്റുകളും 700 ശുചീകരണ വസ്തുക്കളും വസ്ത്രങ്ങളും അടങ്ങുന്ന കിറ്റുമാണ് കലക്റ്ററേറ്റിലെ കളക്ഷന്‍ സെന്റര്‍ വഴി വിതരണം ചെയ്തത്. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലേക്കുള്ള കിറ്റുകളാണ് കലക്റ്ററേറ്റിലെ കളക്ഷന്‍ സെന്റര്‍ വഴി വിതരണം ചെയ്യുന്നത്. താമരശ്ശേരിയില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ 1137 കിറ്റുകളാണ് വിതരണം ചെയ്തത്. വില്ലജ് ഓഫീസര്‍മാര്‍ മുഖേനയാണ് ഭക്ഷ്യ വസ്തുക്കളുടെ വിതരണം നടത്തുന്നത്. അരി, പഞ്ചസാര,ചായപ്പൊടി, പയറുവര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ, മസാലപ്പൊടികള്‍ എന്നിവ അടങ്ങിയ ഭക്ഷണകിറ്റാണ് വിതരണം ചെയ്യുന്നത്. ശുചീകരണ ഉപകരണങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ ഐസിഡിഎസ് പ്രവര്‍ത്തകര്‍ മുഖേനയാണ് വിതരണം ചെയ്തത്. വസ്ത്രങ്ങള്‍, പുതപ്പ്, പായ, ബിസ്‌കറ്റ്, ശുചീകരണ ബ്രഷ്, ലോഷനുകള്‍ തുടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെടുക. വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് പുസ്തകങ്ങള്‍, ഇന്സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവയും വിതരണം ചെയ്തു. പ്രളയം മൂലം നഷ്ടമായ മറ്റ് അവശ്യ വസ്തുക്കളും ആവശ്യാനുസരണം വിതരണം ചെയ്തുകഴിഞ്ഞു. വിതരണത്തിനായി കൂടുതല്‍ ഭക്ഷ്യ വസ്തുക്കളുടെ കിറ്റുകള്‍ ആവശ്യമുണ്ടെന്നും ഇവ ലഭിക്കുന്ന മുറയ്ക്ക് വിതരണം പൂര്‍ത്തിയാക്കുമെന്നും സബ്കളക്ടര്‍ വിഘ്‌നേശ്വരി അറിയിച്ചു.

 

 

 

പ്രളയം : ഔഷധവിതരണം

 

 

 

ജില്ലയില്‍ പ്രളയം ബാധിച്ച സമയത്ത് നാഷണല്‍ ആയുഷ്മിഷന്‍ മുഖേന 3.50 ലക്ഷം രൂപ ഫണ്ട് ലഭ്യമാക്കി. ഇത് ഉപയോഗിച്ച് ആയുര്‍വേദ ഔഷധങ്ങള്‍ പൊതു മേഖലാ സ്ഥാപനമായ ഔഷധിയില്‍ നിന്ന് ലഭ്യമാക്കുകയുമുണ്ടായി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയുര്‍വേദ മെഡിക്കല്‍ ടീം സന്ദര്‍ശനം നടത്തി ആവശ്യമായ ഔഷധവിതരണം നടത്തി. കൂടാതെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വെളളമിറങ്ങിയതിനു ശേഷം അന്‍പത്തോളം മെഡിക്കള്‍ ക്യാമ്പുകള്‍ നടത്തി. വെളളം കയറി നാശമായ വീടുകള്‍ കേന്ദ്രീകരിച്ച് ആയുര്‍വേദ മെഡിക്കല്‍ ടീം ഇപ്പോള്‍ ഗൃഹസന്ദര്‍ശനം നടത്തി വരുന്നുണ്ട്. ഇതോടൊപ്പം ഔഷധ കിറ്റുകളും വിതരണം ചെയ്യുന്നു. ജില്ലയില്‍ ഫറോക്ക് മുനിസിപ്പാലിറ്റി ചെറുവണ്ണൂര്‍ പഞ്ചായത്ത്, ഒളവണ്ണ പഞ്ചായത്ത് എന്നീപ്രദേശങ്ങളില്‍ വളരെ വിപുലമായ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

date