Skip to main content

റേഷന്‍ വ്യാപാരികളുടെ യോഗം

റേഷന്‍ വ്യാപാരികളുടെ യോഗം

 

വടകര താലൂക്കിലെ മുഴുവന്‍ റേഷന്‍ വ്യാപാരികളുടെയും യോഗം ലോകനാര്‍കാവ് സപ്ലൈകോ ഡിപ്പോക്ക് സമീപം ലോകാംബിക ഓഡിറ്റോറിയത്തിില്‍ വച്ച് ആഗസ്റ്റ് 29 രാവിലെ 10 മണിക്ക് നടത്തും. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി പങ്കെടുക്കും.

 

പമ്പാമണല്‍ ഇ-ലേലം ചെയ്യുന്നു

 

ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും അരീക്കക്കാവ് ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്നതുമായ മണലിന്റെ ഇ-ലേലം ആഗസ്റ്റ് 27, 30 സെപ്തംബര്‍ 19, 26, ഒക്‌ടോബര് 15, 24 നവംബര്‍ 7, 21 ഡിസംബര്‍ 10, 23 തീയതികളില്‍ നടക്കും. 10 ക്യുബിക് മീറ്റര്‍ മണല്‍ വീതമുള്ള 40 ലോട്ടുകള്‍, 5 ക്യുബിക് മീറ്ററിന്റെ 15 ലോട്ടുകള്‍, ഒരു ക്യുബിക് മീറ്ററിന്റെ 25 ലോട്ടുകള്‍ എന്നിങ്ങനെയാണ് ലേലം നടക്കുക. കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും ലാന്‍സ്‌കേപ്പിംഗിനും ഈ മണല്‍ അനുയോജ്യമാണെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇ-ലേല നടപടികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഏജന്‍സിയായ എം.എസ്.റ്റി.സി.യില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കുവാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ എം.എസ്.റ്റി.സി.യുടെ www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ നിന്നോ പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് (ഫോണ്‍ നമ്പര്‍-0475-2222617), ഗവ തടി ഡിപ്പോ അരീക്കക്കാവ് (ഫോണ്‍ :8547600535 ) നിന്നോ അറിയാം.

 

 

തേക്ക് തടി ചില്ലറ വില്‍പന

 

 

പത്തനാപുരം, കോന്നി, തുയ്യം തടി ഡിപ്പോകളില്‍ നിന്ന് ഗാര്‍ഹികാവശ്യങ്ങള്‍ക്കായി സെപ്തംബര്‍ മൂന്ന് മുതല്‍ തേക്കുതടികളുടെ ചില്ലറ വില്‍പ്പന ആരംഭിക്കും. വീട് നിര്‍മ്മിക്കുന്നതിനായി അംഗീകരിച്ച പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പും തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ഡിപ്പോകളില്‍ നിന്നും 5 ക്യു.മീറ്റര്‍ വരെ തേക്കുതടി നേരിട്ടു വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനാപുരം തടി ഡിപ്പോ ( ഫോണ്‍ 8547600766,0475-2354730) തുയ്യം തടി ഡിപ്പോ - (ഫോണ്‍ 85476005270), കോന്നി തടി ഡിപ്പോ - (ഫോണ്‍ 8547600530 , 0468 2247927) പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് (ഫോണ്‍ നമ്പര്‍-0475-2222617) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

 

അഴിയൂര്‍ : ഗൃഹോപകരണങ്ങള്‍ നന്നാക്കുന്നതിന് റിപ്പയര്‍ മേള സംഘടിപ്പിച്ചു

 

 

 അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രളയ ബാധിതരായവരുടെ ഗൃഹോപകരണങ്ങള്‍ ടി.വി. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, ഫ്രിഡ്ജ് വാഷിംഗ് മെഷീന്‍, ഗ്രൈന്‍ഡര്‍ ,മിക്‌സി, ഇന്‍വെര്‍ട്ടര്‍, കുക്കര്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ സൗജന്യമായി റിപ്പയര്‍ ചെയ്ത് നല്‍കി. HVAC REA, ഐ ടി. ഐ. വളയം, മോഡല്‍ പോളിടെക്‌നിക്ക് വടകര, KSESTA, ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് അഴിയൂര്‍, AKLWA, സൂപ്പര്‍ ടെക് സര്‍വീസ് അഴിയൂര്‍, വില്യാപ്പള്ളി ഐ ടി.ഐ, MPTC വടകര ,കൂള്‍ ഹോം, എന്നീ സ്ഥാപനങ്ങളുടെയും ഹരിത കേരള മിഷന്റെയും സഹായത്തോടെയാണ് മേള നടത്തിയത്. മേള പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റീന രയരോത്ത്, വാര്‍ഡ് മെമ്പര്‍മാരായ പി.പി.ശ്രീധരന്‍, സുകുമാരന്‍ കല്ലറോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, കെ.എ. സുരേന്ദ്രന്‍ (സംസ്ഥാന ജോ. സിക്രട്ടറി HVACREA), അജിത് പ്രസാദ് കെ.സി, അബ്ദുല്‍ റഹിം എസ്.പി, പ്രിയേഷ് എം.ഇ ,ഷുഹൈബ് കെ. എന്നിവര്‍ സംസാരിച്ചു,

വളയം ഐ ടി. ഐ യില്‍ നിന്ന് 10 ട്രെയിനികളും,വില്യാപ്പള്ളി ഐ ടി. ഐ യില്‍ നിന്ന് 5 പേരും, മോഡല്‍ പോളിടെക്‌നിക്കില്‍ നിന്ന് 4 പേരും റിപ്പയര്‍ പ്രവര്‍ത്തനത്തിനായി മേളയില്‍ പങ്കെടുത്തു. ഒറ്റപ്പെട്ട് താമസിക്കുന്ന പ്രളയബാധിതരായ രണ്ട് സ്ത്രികളുടെ ടി.വി. മറ്റ് ഉപകരണങ്ങള്‍ വീട്ടില്‍ പോയി സാങ്കേതിക വിദഗ്ദര്‍ റിപ്പയര്‍ ചെയ്ത് നല്‍കി.

 

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

 

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 3 മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068.

 

 

മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍, ക്ലീനിംഗ് സ്റ്റാഫ് : ഇന്റര്‍വ്യൂ 31 ന്

 

 

നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സുരക്ഷിതമായി തങ്ങുന്നതിന് ഒരിടമായ വനിതാശിശുവികസന വകുപ്പിന്റെ കീഴിലെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്‍ പരിസരത്തെ എന്റെ കൂട് സ്ഥാപനത്തില്‍ രണ്ട് മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍ (യോഗ്യത സര്‍ക്കാര്‍ ലാസ്റ്റ് ഗ്രേഡ് തത്തുല്യം), ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ആഗസ്റ്റ് 31 ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ അസി. കലക്ടര്‍ മേഘശ്രീ ഡി.ആര്‍ ന്റെ കലക്ടറേറ്റിലെ ചേമ്പറില്‍ ഇതിനായി ഇന്റര്‍വ്യൂ നടത്തും. താത്്പര്യമുള്ള, വയസ്സ് 25 നും 45 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സലും, പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍ 0495 2375760.

 

 

 

എടച്ചേരി പഞ്ചായത്തില്‍ ശില്പശാല

 

 

  എടച്ചേരി ഗ്രാമ പഞ്ചായത്തില്‍ ഹരിതകേരളമിഷന്‍ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനായി ആഗസ്റ്റ് 30 ന് വെള്ളിയാഴ്ച 2 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ശില്പശാല നടക്കും. ഐ ആര്‍ ടി സി (ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍, മുണ്ടൂര്‍, പാലക്കാട്)  യുടെ നേതൃത്വത്തിലാണ് ശില്പശാല നടത്തുന്നത്

 

 

തൊഴില്‍രഹിതവേതനം           

 

 

 കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ  തൊഴില്‍രഹിതവേതനം സെപ്തംബര്‍ 3, 4 തീയതികളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 4മണി  വരെ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിതരണം ചെയ്യും. സെപ്തംബര്‍ 3 ന് റോള്‍ നമ്പര്‍ 1133 മുതല്‍ 1445 വരെയും,  സെപ്തംബര്‍ 4 ന് 1446 മുതല്‍ 1645 വരെയുമുള്ളവര്‍ക്കാണ് വിതരണം ചെയ്യുക. അര്‍ഹതപ്പെട്ടവര്‍ ഐഡന്റിറ്റി കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി, എംപ്ലോയ്‌മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.

 

 

 കേരള മീഡിയ അക്കാദമി ക്ലാസുകള്‍

 സെപ്തംബര്‍ 2-ന് തുടങ്ങും

 

 

കേരള മീഡിയ അക്കാദമിയില്‍ 2019-20 ബാച്ചിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടെലിവിഷന്‍ ജേര്‍ണലിസം ക്ലാസുകള്‍ സെപ്റ്റംബര്‍ 2-ന്് (തിങ്കള്‍) ആരംഭിക്കും.  വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം അന്ന് രാവിലെ 10.30ന് കാക്കനാട്ടുള്ള മീഡിയ അക്കാദമി കാമ്പസില്‍ എത്തിച്ചേരേണ്ടതാണെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു.  

 

 

ഒ.എം.ആര്‍ പരീക്ഷ  ആഗസ്റ്റ് 30ന്

 

       കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജയില്‍ വകുപ്പിലെ വെല്‍ഫയര്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 124/2018) തസ്തികയിലേയ്ക്ക് 09/08/2019 ന് നടത്താന്‍ നിശ്ചയിച്ചിരുന്നതും പ്രളയക്കെടുതി മൂലം മാറ്റി വച്ചതുമായ ഒ.എം.ആര്‍ പരീക്ഷ  ആഗസ്റ്റ് 30 (വെളളിയാഴ്ച) മുന്‍ നിശ്ചയിച്ചിരുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ തന്നെ നടത്തും.  ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറിനോ പരീക്ഷയുടെ സമയത്തിനോ യാതൊരുവിധ മാറ്റവും ഉണ്ടായിരിക്കുന്നതല്ല.  ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഹാള്‍ടിക്കറ്റുമായി പുതുക്കിയ തീയതിയില്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടതാണ്.

 

ഇ ടെണ്ടര്‍ ക്ഷണിച്ചു

 

2018-19 വര്‍ഷത്തെ എം.എല്‍.എ പദ്ധതിയില്‍ ഉള്‍പ്പെട്ട പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ പ്രവൃത്തികളുടെ ഇ ടെണ്ടര്‍/റീ  ഇ ടെണ്ടര്‍ വിശദാംശങ്ങള്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. യോഗ്യതയുളള കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഇ ടെണ്ടര്‍ ചെയ്യാവുന്ന അവസാന തീയതി സെപ്തംബര്‍ അഞ്ച്. ഈ ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ https://etenders.kerala.gov.in ലഭ്യമാണ്.

 

റാങ്ക് പട്ടിക റദ്ദാക്കി

 

കോഴിക്കോട് ജില്ലയില്‍ ഗ്രാമ വികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് II (കാറ്റഗറി നം. 504/2012) തസ്തികയുടെ 345/16/DOD/ നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2019 ജൂണ്‍ 21 പൂര്‍വ്വാഹ്നം മുതല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പബ്‌ളിക്  സ്ര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു.

 

ലെയ്‌സണ്‍ ഓഫീസര്‍  നിയമനം : അപേക്ഷ ക്ഷണിച്ചു

 

നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മാഹി-അഴിയൂര്‍ ബൈപ്പാസിന്റെ ഒന്നാംഘട്ട ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപരിഹാരം നല്‍കിയത് സംബന്ധിച്ച് കോഴിക്കോട് ജില്ലാ ആര്‍ബിട്രേറ്ററായ ജില്ലാ കലക്ടര്‍ മുമ്പാകെ സ്ഥലമുടമകള്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിന് ലെയ്‌സണ്‍ ഓഫീസറെ നിയമിക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി കലക്ടര്‍ റാങ്കില്‍ വിരമിച്ച, ഈ മേഖലയില്‍ അവഗാഹമുളള, പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ സഹിതം സെപ്തംബര്‍ ആറിന് മൂന്ന് മണിക്ക് മുമ്പായി ജില്ലാ കലക്ടര്‍, കലക്ടറേറ്റ് കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കുടുതല്‍ വിവരങ്ങള്‍ കലക്ടറേറ്റിലെ ലാന്റ് അക്വിഷിസന്‍ സെക്ഷനുമായി ബന്ധപ്പെട്ടാല്‍ ലഭിക്കും. 

 

സ്മൃതിവനത്തില്‍ പച്ചത്തുരുത്ത് പദ്ധതി

 

 ഭൂമിയില്‍ പച്ചപ്പ് ഒരുക്കാനും പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം  ലക്ഷ്യമിട്ടും ഹരിത കേരളം മിഷന്റെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും  നേതൃത്വത്തില്‍ ഗോവിന്ദപൂരം വി. കെ കൃഷ്ണമേനോന്‍  സ്മൃതിവനത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുത്തുനില്‍ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്.

       കോഴിക്കോട് കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍  പി.സി രാജന്‍ തൈനടല്‍  കര്‍മ്മം നിര്‍വഹിച്ചു. പച്ചത്തുരുത്ത് നിര്‍മ്മാണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നഗരാസൂത്രണ സമിതി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ എം. സി അനില്‍കുമാര്‍ അധ്യക്ഷനായി ചടങ്ങില്‍, കുടുംബശ്രീ  പ്രൊജക്റ്റ്  ഓഫീസര്‍ റംസി അഹമ്മദ്  സ്വാഗതം പറഞ്ഞു. മാവ്, നെല്ലി, ലക്ഷ്മി തരു, പ്ലാവ് തുടങ്ങിയ വ്യത്യസ്ത ഇനം തൈകളാണ് നട്ടത്. കോഴിക്കോട് കോര്‍പ്പറേഷന്‍ തൊഴിലുറപ്പ്  പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.   ധ വാര്‍ഡ് കൗണ്‍സിലര്‍മാരായ എം. പി രമണി, പി.പി ഷാഹിദ, ഷിംന, വിവേകാനന്ദന്‍ (മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ), കുര്യാക്കോസ് (ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ) എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അറിയിച്ചു. തൊഴിലുറപ്പ് ഓവര്‍സിയര്‍ റിഷാന ചടങ്ങിന് നന്ദി അറിയിച്ചു. ഹരിതകേരളം മിഷന്‍ പ്രതിനിധികള്‍  കീര്‍ത്തന പി.എന്‍  ഷിബിന്‍.കെ, ജെസിലിന്‍ പി.കെ, ആഗ്‌നേയ് ജെ.പി, അയ്യങ്കളി തൊഴിലുറപ്പ് തൊഴിലാളികള്‍, സമീപവാസികള്‍, ജനപ്രതിനിധികള്‍,  എന്നിവര്‍ പങ്കെടുത്തു.

 

 

വന അദാലത്ത് ഒക്‌ടോബര്‍ 5 ന്

പരാതികള്‍ സെപ്തംബര്‍ 30 വരെ നല്കാം

വനസംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി  കോഴിക്കോട് ജില്ലയിലെ വന അദാലത്ത്  ഒക്‌ടോബര്‍ അഞ്ചിന് താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് കോമ്പോണ്ടിലെ കോണ്‍ഫറന്‍സ് ഹാളില്‍  രാവിലെ 10 മണി മുതല്‍ നടത്തും.  അദാലത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഭൂമി സംബന്ധിച്ച പരാതികള്‍ ഒഴികെയുളള  വനം സംബന്ധമായ എല്ലാ ആവലാതികളും സെപ്തംബര്‍ 30 വരെ നല്കാം.  അദാലത്തില്‍ ബഹു. വനം വകുപ്പ് മന്ത്രിയും, വനം വകുപ്പ് ഉന്നതോദേ്യാഗസ്ഥരും പങ്കെടുക്കും.   പരാതികള്‍ സമര്‍പ്പിച്ച എല്ലാ വ്യക്തികളും അദാലത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.  

അപേക്ഷകന്‍  ബന്ധപ്പെട്ട രേഖകള്‍  സഹിതം വ്യക്തമായ പരാതികള്‍ ശരിയായ മേല്‍ വിലാസവും,  ഫോണ്‍ നമ്പറും ഉള്‍പ്പെടെ താഴെ പറയുന്ന ഓഫീസുകളില്‍ സമര്‍പ്പിക്കണം. 

 

സ്ഥലം, പരാതി സ്വീകരിക്കുന്ന സ്ഥലം, ഫോണ്‍ നം എന്നീ ക്രമത്തില്‍ :  കോഴിക്കോട് - (1)  ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്, കോഴിക്കോട് ഫോറസ്റ്റ് ഡിവിഷന്‍ ,സിവില്‍ സ്റ്റേഷന്‍ , ബി- ബ്‌ളോക്ക്, 6-ാം നില, കോഴിക്കോട് -673020 - (0495 2374450), (2)  റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, കുറ്റ്യാടി.പി.ഒ, കോഴിക്കോട് -673508 (0496 2598320),  (3) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, പെരുവണ്ണാമുഴി റെയിഞ്ച്, പെരുവണ്ണാമുഴി പി.ഒ, കോഴിക്കോട് -673528 (0496 2666788), (4) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, 

താമരശ്ശേരി പി.ഒ, കോഴിക്കോട് -673573 (0495 2223720), (5) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്, ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍, വനശ്രീ ഫോറസ്റ്റ് കോംപ്‌ളക്‌സ്, മാത്തോട്ടം, അരക്കിണര്‍ (പി.ഒ), കോഴിക്കോട് -673028 (0495 2414702), (6) ഗവ. ടിമ്പര്‍ ഡിപ്പോ, ചാലിയം, ചാലിയം പി.ഒ, കോഴിക്കോട്-673301 (0495 2472995), (7) അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്റ്ററി, വനശ്രീ ഫോറസ്റ്റ് കോംപ്‌ളക്‌സ്, മാത്തോട്ടം ,അരക്കിണര്‍ (പി.ഒ), കോഴിക്കോട് -673028 (0495 2416900), (8) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, സോഷ്യല്‍ ഫോറസ്റ്ററി റെയിഞ്ച്, മിനി സിവില്‍ സ്റ്റേഷന്‍, വടകര -673101(0495 2522900)

ദര്‍ഘാസുകള്‍ ക്ഷണിച്ചു

ബേപ്പൂര്‍ തുറമുഖത്തെ ഇലക്ട്രിക്ക് ക്രെയിനുകള്‍ക്ക് വയര്‍ റോപ്പ് വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നു ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ലഭിക്കേണ്ട അവസാനാ തീയതി സെപ്തംബര്‍ മൂന്നിന് ഉച്ച 12 മണി വരെ. ഇ. മെയില്‍ portofficekkd@gmail.com  ഫോണ്‍ 0495 2412863

 

എംപ്ലോയബിലിറ്റി സെന്റര്‍ -  രജിസ്ട്രേഷന്‍ ഡ്രൈവ് 31 ന്

                കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31 രാവിലെ 10.30 ന് കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യ  സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്  പരിഗണിക്കപ്പെടുന്നതിന് 250 രൂപ ആജീവനാന്ത ഫീസടച്ച് രജിസ്ട്രേഷന്‍ നടത്താം.  താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം അന്നേ ദിവസം  കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - - 2370176.   

 

 

date