Skip to main content

കോരപ്പുഴയിലെ താല്‍കാലിക നടപ്പാത ഉടന്‍ പുനര്‍നിര്‍മ്മിക്കും  മന്ത്രി എ.കെ ശശീന്ദ്രന്‍ പുനര്‍നിര്‍മ്മാണ പ്രവൃത്തി ഇന്ന് (ഓഗസ്റ്റ് 28) ആരംഭിക്കും

 

കോരപ്പുഴ നിവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. താല്‍കാലികമായി നിര്‍മ്മിച്ച നടപ്പാതയുടെ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോരപ്പുഴയിലെ താല്‍കാലിക നടപ്പാതയിലൂടെയുള്ള യാത്രസൗകര്യം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

  ജനങ്ങളുടെ ന്യായമായ ആവശ്യമാണ് യാത്ര സൗകര്യം ലഭിക്കുക എന്നത്. പലരും റെയില്‍വേ പാളം വഴിയാണ് യാത്ര ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്. മഴ ശക്തമായതിനെ തുടര്‍ന്ന് വെള്ളക്കെട്ട് തടയാനായി ഒഴുക്ക് വർദ്ധിപ്പിക്കാനാണ് നേരത്തെ  ജില്ലാഭരണകൂടം പാലം പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.  ഇന്ന്  (ആഗസ്റ്റ് 28) തന്നെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കും. എത്രയും പെട്ടന്ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

 

മുന്‍പ് ഊരാളുങ്കല്‍ ലേബര്‍ കോര്‍പറേറ്റീവ് സൊസൈറ്റി കോരപ്പുഴയില്‍ ബോട്ട് സര്‍വ്വീസ് ആരംഭിച്ചിരുന്നെങ്കിലും താല്‍കാലിക നടപ്പാത തുറന്ന് കൊടുത്തതോടെ ഇത് നിര്‍ത്തുകയായിരുന്നു. കോരപ്പുഴപാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് കോരപ്പുഴക്ക് കുറുകെ താല്‍കാലിക നടപ്പാത നിര്‍മ്മിച്ചത്. യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ദേശീയപാതാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. വിനയരാജ്, യു.എല്‍.സി.സി.എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

വാഹന ടെണ്ടര്‍ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിന് കീഴിലെ ഐ.സി.ഡി.എസ് തുണേരി പ്രോജക്ടിന്റെ ഉപയോഗത്തിനായി 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് വാഹനം /ജീപ്പ്/വാടയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എടുത്തുപയോഗിക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് റീടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി  സെപ്തംബര്‍ മൂന്നിന് ഉച്ചയ്ക്ക് മൂന്ന് മണി വരെ. ഫോണ്‍ - 0496 2555225. 

 

 

വാഹന ടെണ്ടര്‍  ക്ഷണിച്ചു

 

വനിതാശിശുവികസന വകുപ്പിന്റെ കീഴിലെ പന്തലായനി അഡീഷണല്‍ (കൊയിലാണ്ടി) ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് സെപ്തംബര്‍ മുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ കാര്‍, ജീപ്പ് വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 29 ന് രണ്ട് മണി വരെ. ഫോണ്‍ - 0496 2621190.

 

പി.എസ്.സി കോച്ചിങ്ങ്

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്, നന്‍മണ്ട, കക്കട്ടില്‍ എന്നീ സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ കേന്ദ്രങ്ങളില്‍ പി.എസ്.സി കോച്ചിങ്ങ് ആരംഭിക്കുന്നു.  എല്‍.ഡി. ക്ലാര്‍ക്ക്, അസിസ്റ്റന്റ് ഗ്രേഡ് എക്‌സാമിനേഷന്‍ തുടങ്ങി വിവിധ പി.എസ്.സി. റിക്രൂട്ടിങ്ങിനുള്ള പരീക്ഷകള്‍ക്കുള്ള പരിശീലനമാണ് ജില്ലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. ആറ് മാസമാണ് കോഴ്‌സ് കാലാവധി. ദിവസം നാല് മണിക്കൂര്‍വീതം ക്ലാസ്സുകളും മാതൃകാ പരീക്ഷകളും ഉണ്ടാകും. കറന്റ് അഫയേഴ്‌സ്, ജനറല്‍നോളജ്, ന്യൂമറിക്കല്‍ എബിലിറ്റി, ജനറല്‍ ഇംഗ്ലീഷ്, റീസനിങ്ങ് & മെന്റല്‍ എബിലിറ്റി, ഇന്റര്‍വ്യൂ സ്‌കില്‍, പേഴ്‌സനാലിറ്റി ഡവലപ്‌മെന്റ് തുടങ്ങിയ മുഴുവന്‍ വിഷയങ്ങളും ഉള്‍പ്പെട്ടതാണ് സിലബസ്. 7000 രൂപയാണ് കോഴ്‌സ് ഫീസ്. ഇത് 5 മാസ ഗഡുക്കളായി അടക്കാം. ഗ്രാമ പഞ്ചായത്തുകളില്‍നിന്ന് ഗ്രാമസഭാ അംഗീകാരത്തോടെ അപേക്ഷിക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രോജക്റ്റ് പ്രകാരം പരിശീലനം സൗജന്യമാണ്. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ മറ്റുള്ളവര്‍ക്ക് 50 ശതമാനം  ഫീസ് ആനുകൂല്യം നല്‍കും. പ്രവേശനഫീസ് 1000 രൂപ മാസംപ്രതി 500 രൂപ വീതം (5 മാസം). താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ അഞ്ചിനകം പേര്, വിലാസം, ഫോണ്‍നമ്പര്‍, താല്‍പര്യമുള്ള പഠനകേന്ദ്രം (കോഴിക്കോട്, നന്‍മണ്ട, കക്കട്ടില്‍) എന്നീ വിവരങ്ങള്‍ വെള്ള കടലാസില്‍ എഴുതി ഡയറക്റ്റര്‍, സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍, സിവില്‍സ്റ്റേഷന്‍ പി.ഒ, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495 2370026, 8891370026.

 

ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു 

കേരളസര്‍ക്കാരിന്റെ പൊതുമേഖല   സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ   2019 -2020 ബാച്ചിലേക്ക് അപേക്ഷ   ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക്   അപേക്ഷിക്കാം.  അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാ#ം.  ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. ക്ലാസ്സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്  എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍  30 നകം സെന്ററില്‍ ലഭിക്കണം .

വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍,  െ ഫ്‌ലോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍ , വിമന്‍സ് കോളേജ്  റോഡ് , വഴുതക്കാട്, തിരുവനന്തപുരം, 695014.  ഫോണ്‍  :  8137969292.

 

നിയമസഭാ സമിതി തെളിവെടുപ്പ് 29 ന്

 

സര്‍ഫേസി ആക്ട് പ്രകാരം എടുത്തിട്ടുള്ള നടപടികള്‍ മൂലം സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള അവസ്ഥാ വിശേഷങ്ങളെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച എസ് ശര്‍മ്മ എം.എല്‍.എ യുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ആഗസ്റ്റ്  29 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ പൊതുജനങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും അറിയിക്കാമെന്ന് കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -  04972 700231.

 

 

date