Skip to main content

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം നാളെ

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം നാളെ

 

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും വെയിറ്റിംഗ് ഏരിയയുടെയും ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 1) വൈകീട്ട് 5.30 ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. നവകേരള മിഷന്റെ ഭാഗമായുള്ള ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതാണ് കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം. പി.ടി.എ റഹീം എം. എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചെലവിലാണ് വെയ്റ്റിങ് ഏരിയയുടെ നിര്‍മ്മാണം. 

  ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി.ജയശ്രീ, പ്രോഗ്രാം മാനേജര്‍ ഡോ എ.നവീന്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. ആശാ ദേവി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

ചോറോട് തീരദേശ ശുദ്ധജല വിതരണ പദ്ധതി;

ജലവിഭവ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും 

 

 

ജലനിധി ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പൂര്‍ത്തീകരിച്ച ചോറോട് തീരദേശ സമഗ്ര ശുദ്ധജല വിതരണ പദ്ധതി നാളെ(ആഗസ്റ്റ് 31) ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും. ചോറോട് ഗ്രാമപഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍ പൂര്‍ണമായും തീരദേശത്താണ് സ്ഥിതി ചെയ്യുന്നത്. ശുദ്ധജല ക്ഷാമം രൂക്ഷമായ അനുഭവപ്പെടുന്ന പ്രദേശങ്ങളാണിത്. നാഷനല്‍ ഹൈവേയുടെ കിഴക്ക് ഭാഗത്തുള്ള ചില പ്രദേശങ്ങളും ശുദ്ധജല ക്ഷാമം നേരിടുന്നതിനാല്‍ ഈ ഭാഗത്തെ 10 വാര്‍ഡുകളില്‍ ആയി 1279 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് ചോറോട് തീരദേശ സമഗ്ര ശുദ്ധജല വിതരണ പദ്ധതിക്ക് രൂപം കൊടുത്തത്. 6.29 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി യാഥാര്‍ഥ്യമായിരിക്കുന്നത്.

 പദ്ധതിയുടെ ഭാഗമായി മുട്ടുങ്ങല്‍ പാറയിലെ പ്രധാന ജലസംഭരണിയും കിഴക്ക് ഭാഗത്തുള്ള ഗുണഭോക്തൃ സമിതികള്‍ക്കായി ആന്തിക്കുന്നില്‍ മറ്റൊരു ടാങ്കും നിര്‍മ്മിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ വടകര വാട്ടര്‍ സപ്പൈ സ്‌കീമില്‍ നിന്നുള്ള വെള്ളം പുറമേരി ട്രീറ്റ്‌മെന്റ് പ്ലാന്റ് വഴി ചേന്ദമംഗലത്ത് നിര്‍മ്മിച്ചിട്ടുള്ള സബ്ബ് ടാങ്കില്‍ ശേഖരിച്ച് രണ്ട് ടാങ്കുകള്‍ വഴി വീടുകളിലേക്ക് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. മുട്ടുങ്ങല്‍പ്പാറ പദ്ധതി ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ സി കെ നാണു എം.എല്‍.എ അധ്യക്ഷനാകും .

 

 

നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് ; 11 കേസുകള്‍ തീര്‍പ്പാക്കി

 

നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി. ജില്ലാതല സമിതിയുടെ നേതൃത്വത്തില്‍ ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്ത് സംബന്ധമായ വിഷയങ്ങള്‍ക്കായുള്ള ഹിയറിംങ്ങ് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. 12 ഫയലുകളില്‍ 11 എണ്ണം തീര്‍പ്പാക്കി. ഒന്ന് അടുത്ത ഹിയറിംങ്ങിലേക്ക് മാറ്റിവെച്ചു. ജില്ലാ കളക്ടര്‍ സാംബശിവറാവു, ഡോ. പി.ഡി.ബെന്നി, കണ്‍വീനര്‍ പി.സിക്കന്തര്‍, ലോ ഓഫീസര്‍ എന്‍.വി.സന്തോഷ്, സാമൂഹ്യനീതി സീനിയര്‍ സുപ്രണ്ട് പി.ഗോപാലകൃഷ്ണന്‍, പി.കെ.എം.സിറാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജില്ലാ വികസന സമിതി യോഗം 31 ന്

 

കോഴിക്കോട് ജില്ലാ വികസന സമിതിയുടെ ആഗസ്റ്റ് മാസത്തെ യോഗം 31 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

 

 

വാഹന ടെണ്ടര്‍ ക്ഷണിച്ചു

 

വനിതാശിശു വികസന വകുപ്പിന് കീഴിലെ ഐ.സി.ഡി.എസ് തുണേരി പ്രോജക്ടിന്റെ ഉപയോഗത്തിനായി 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് വാഹനം /ജീപ്പ്/വാടയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എടുത്തുപയോഗിക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് റീടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി  സെപ്തംബര്‍ മൂന്നിന് ഉച്ചയ്ക്ക് മൂന്ന് മണി വരെ. ഫോണ്‍ - 0496 2555225.

 

 

ഫിറ്റ് ഇന്ത്യ:  കൂട്ടയോട്ടം നടത്തി
 

 

ഫിറ്റ് ഇന്ത്യ മൂവ്മെന്റിനോടനുബന്ധിച്ച് കോഴിക്കോട് സായി കേന്ദ്രവും ദേവഗിരി സെന്റ് ജോസഫ് കോളേജും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ദേവഗിരി കോളേജില്‍ നടന്ന കൂട്ടയോട്ടം രാവിലെ ഏഴിന് ജില്ലാ കലക്ടര്‍ സാംബശിവറാവു ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്,സായി കേന്ദ്രം മേധാവി  ടി എ അഗസ്റ്റിന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജോസ് ജോണ്‍ മല്ലികശ്ശേരി, കായികവകുപ്പ് വിഭാഗം മേധാവി ഫാദര്‍ ബോണി അഗസ്റ്റിന്‍  തുടങ്ങിയവര്‍ സംസാരിച്ചു.

 

 

വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം

സെപ്തംബര്‍ രണ്ടിന്

 

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം സെപ്തംബര്‍ രണ്ടിന്  ടൗണ്‍ഹാളില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര മേഖലയില്‍ വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡിനായി 299 വിദ്യാര്‍ത്ഥികളെയും കായിക തലത്തിലുളള അവാര്‍ഡിനായി 18 കുട്ടികളെയും ഉള്‍പ്പെടെ 317 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ തലത്തില്‍ 12,53,000 രൂപയും (പന്ത്രണ്ടുലക്ഷത്തി അന്‍പത്തിമൂവ്വായിരം  രൂപയും), കായിക തലത്തില്‍ 1,01,000 രൂപയും (ഒരുലക്ഷത്തി ആയിരം രൂപയും) വിതരണം ചെയ്യും. പരിപാടിയോടനുബന്ധിച്ച് മത്സ്യബന്ധനത്തിനിടെ നടന്ന അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ പ്രമുഖ മത്സ്യതൊഴിലാളികളെ ആദരിക്കും. കൂടാതെ അപകട മരണം സംഭവിച്ച മത്സ്യതൊഴിലാളികളുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്ന് പേര്‍ക്ക് 30 ലക്ഷം രൂപയുടെ ആനുകൂല്യവും വിതരണം ചെയ്യും.  

 

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

തിരുവമ്പാടി  ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. യോഗ്യത : സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലുള്ള എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും/എന്‍.എ.സി യും ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവും. മേല്‍പ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്ക റ്റുകളും അവയുടെ പകര്‍പ്പകളും സഹിതം തിരുവമ്പാടി  ഗവ. ഐ ടി ഐ യില്‍ സെപ്തംബര്‍ മൂന്നിന്  രാവിലെ  10.30 നു ഇന്റര്‍വ്യൂവിനായി ഹാജരാവണം. വിശദ വിവരങ്ങള്‍ക്ക് : 0495 2254070.

 

 

 

 

ക്ഷീര സംഘം സെക്രട്ടറി, ക്ലാര്‍ക്കുമാര്‍ക്ക് പരിശീലനം

 

ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘത്തിലെ 5 വര്‍ഷത്തില്‍ കൂടുതല്‍ സേവന ദൈര്‍ഘ്യമുള്ള സെക്രട്ടറി/ ക്ലാര്‍ക്ക്മാര്‍ക്ക്  മൂന്നണ്‍ു ദിവസത്തെ പരിശീലനം സംഘടിപ്പിക്കും. സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ച്  വരെയാണ്  പരിശീലനം. താല്‍പര്യമുളളവര്‍ രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, ക്ഷീരസംഘത്തില്‍ നിന്നുള്ള കത്തും, 20 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579. 

 

ജില്ലാ ആസൂത്രണ സമിതി യോഗം 6 ന്

 

തദ്ദേശഭരണ സ്ഥാപനങ്ങളുടെ  വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീ കാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം സെപ്തംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ട്  മണിക്ക് കലക്ടറേറ്റ്് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

 

കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ യില്‍ ഐ.ഡി.ഡി ട്രേഡിലെ ഒരു ജൂനിയര്‍ ഒഴിവില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കും.  ഇന്റര്‍വ്യൂ സെപ്തംബര്‍ രണ്ടിന് രാവിലെ 11 മണിക്ക്. യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഐ.ഡി.ഡി/ആര്‍ക്കിടെക്ച്ചര്‍/സിവില്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചവും അല്ലെങ്കില്‍ ഐ.ഡി.ഡി/ആര്‍ക്കിടെക്ച്ചര്‍/സിവില്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും.   ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ഐഡന്റിറ്റി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം. ഫോണ്‍ : 0495-2373976. 

 

date